രാമേശ്വരം: രാമേശ്വരത്ത് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു. നാഗപട്ടണം സ്വദേശി ബ്രിട്‌ജോ (27) ആണ് വെടിയേറ്റു മരിച്ചത്. ശ്രീലങ്കൻ നാവികസേനയാണ് വെടിവച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു മത്സ്യത്തൊഴിലാളിക്ക് വെടിയേൽക്കുകയും ചെയ്തിട്ടുണ്ട്. അതിർത്തി ലംഘിച്ചെന്നു ആരോപിച്ചായിരുന്നു ശ്രീലങ്കൻ നാവികസേന വെടിവച്ചത്. ആകെ അഞ്ചു പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ളവർ മൃതദേഹവുമായി കരയിലേക്കു തിരിച്ചെത്തി.

ഇന്നു രാവിലെയാണ് നാഗപട്ടണത്തു നിന്നും ബ്രിട്‌ജോയും സംഘവും മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. രാമേശ്വരം ഭാഗത്തെത്തിയപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന ഫൈബർ ബോട്ടിനു നേർക്ക് വെടിവയ്പ്പുണ്ടാകുകയായിരുന്നു. വെടിയേറ്റ ബ്രിട്‌ജോ ബോട്ടിൽ വച്ചു തന്നെ തൽക്ഷണം മരിച്ചു. ഷാരോണാണ് വെടിയേറ്റ മറ്റൊരാൾ. സംഭവത്തെ തുടർന്ന് മത്സ്യബന്ധനം ഉപേക്ഷിച്ച് ഇവർ മൃതദേഹവുമായി കരയിലേക്കു മടങ്ങുകയായിരുന്നു. വെടിവയ്പ്പിൽ തമിഴ്‌നാട്ടിൽ പ്രതിഷേധം അലയടിക്കുകയാണ്.

നാലുവർഷം മുമ്പ് കൊല്ലം നീണ്ടകരയിൽ ഇത്തരത്തിൽ വെടിവയ്പ്പിൽ രണ്ടു മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. അന്ന് ഇറ്റാലിയൻ നാവികരാണ് വെടിവച്ചത്. ഇവർക്കെതിരായ കേസ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. കേസിൽ കേന്ദ്രസർക്കാരിന്റെ ഒത്തുകളി മൂലം പ്രതികളായ ഇറ്റാലിയൻ നാവികർ ലത്തോറെ മാസിമിലിയാനോ, സാൽവത്തോറെ ജിറോൺ എന്നിവർ ഇപ്പോൾ ഇറ്റലിയിലാണ്. കേന്ദ്രസർക്കാർ ഇവരെ നാട്ടിലേക്ക് അയക്കുന്നതിനെ എതിർത്തിരുന്നില്ല.