മണിക്കൂറുകൾ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? സൂക്ഷിക്കണം; കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്

മണിക്കൂറുകള്‍ ഒരേ ഇരിപ്പിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങൾ.? എങ്കിൽ സൂക്ഷിക്കണം. ചില്ലറ പണിയൊന്നുമല്ല നിങ്ങളെ കാത്തിരിക്കുന്നത്. എട്ടിന്റെ പണിയാണ് കാത്തിരിക്കുന്നത്. ഹൃദ്രോഗം, അമിതവണ്ണം, കൊളസ്‌ട്രോൾ, അമിത രക്തസമ്മർദ്ദം, ബ്ലഡ് ഷുഗർ തുടങ്ങി എല്ലാതരം രോഗങ്ങളുടെയും ഒരു ആശുപത്രി തന്നെയായിത്തീരും നിങ്ങൾ. ഹൃദ്രോഗം, കാൻസർ തുടങ്ങിയവ മൂലമുള്ള മരണം വരെ സംഭവിക്കാമെന്നും പഠനങ്ങൾ തെളിയിക്കുന്നു. അധികസമയം ഇരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നു പറയപ്പെടുന്നു. അതുകൊണ്ട് തുടർച്ചയായുള്ള ഇരിപ്പ് ശീലമാക്കേണ്ട എന്ന ഉപദേശമാണ് ആത്യന്തികമായി നൽകാനുള്ളത്.

പ്രധാനപ്രശ്‌നക്കാരൻ ഹൃദയം തന്നെയാണ്. ഹൃദയം പിണങ്ങിയാൽ പിന്നെ ശരീരത്തിന്റെ നിലനിൽപ് തന്നെ അപകടത്തിലാകും. കാരണം കൂടതൽ സമയം തുടർച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരിൽ ഹൃദ്രോഗസാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. നെഞ്ചുവേദന, ഹൃദയാഘാതം എന്നിവ മൂലം മരണം സംഭവിക്കാനുള്ള സാധ്യത 125 ശതമാനം വരെ കൂടുതൽ ആണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഓഫീസിൽ ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കിലും മണിക്കൂറുകൾ വണ്ടിയോടിക്കുന്ന ഡ്രൈവർമാരാണെങ്കിലും ഇത്തരം ആരോഗ്യപ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ടെന്നു പറയപ്പെടുന്നു.

തുടർച്ചയായി ഇരിക്കുന്നവരിൽ ഓരോ അധിക മണിക്കൂറിനും ചീത്ത കൊളസ്‌ട്രോൾ കൂട്ടുകയും നല്ല കൊളസ്‌ട്രോൾ കുറയുകയും ചെയ്യുമെന്നാണ് കണ്ടെത്തൽ. അത് അമിതവണ്ണത്തിനു കാരണമാകും. നൂറിലധികം പോസ്റ്റ് ഓഫീസ് ജീവനക്കാരിലാണ് പഠനം നടത്തിയത്. ഇവരിൽ 10 വർഷം കൊണ്ട് ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത ഒന്നര ശതമാനത്തിൽ നിന്ന് രണ്ടര ശതമാനമായി കൂടിയെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. പുകവലിക്കാത്ത, ഹൃദയാഘാതം, പക്ഷാഘാതം, ഹൃദ്രോഹം, രക്താതിമർദം ഉൾപ്പെടെ രോഗങ്ങൾ ഒന്നും പിടികൂടാത്തവരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.

ആരോഗ്യം സൂക്ഷിക്കാനും കൂടുതൽ കാലം ആരോഗ്യത്തോടെ ഇരിക്കാനും എന്തു വേണം എന്നാണ് ചിന്തിക്കുന്നതെങ്കിൽ പറഞ്ഞു തരാം.

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യരുത്. കൂടുതൽ സമയം ഇരുന്നു ജോലി ചെയ്യേണ്ടി വരുകയാണെങ്കിൽ ഇടയ്‌ക്കൊന്നു എഴുന്നേറ്റ് നിൽക്കാം. അതല്ലെങ്കിൽ സഹപ്രവർത്തകർക്കിടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും അൽപം നടക്കുകയാകാം. ദിവസം ഏഴുമണിക്കൂർ നിൽക്കുകയോ ഏഴുമൈൽ നടക്കുകയും വേണമെന്നാണ് പഠനം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here