സംസ്ഥാനത്ത് കൃത്രിമമഴ പെയ്യിക്കാൻ സർക്കാർ സാധ്യത തേടുമെന്നു മുഖ്യമന്ത്രി; ക്ലൗഡ് സീഡിംഗ് വഴി മഴ പെയ്യിക്കാൻ സാധ്യത ആരായും; വരൾച്ച തടയാൻ മനുഷ്യസാധ്യമായ എല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമമഴ പെയ്യിച്ച് വരൾച്ച പ്രതിരോധിക്കാൻ സർക്കാർ ആലോചിക്കുന്നു. നിയമസഭയിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കൃത്രിമമഴ പെയ്യിക്കാൻ സർക്കാർ സാധ്യതകൾ ആരായുകയാണ്. ക്ലൗഡ് സീഡിംഗ് വഴിയാണ് കൃത്രിമമഴ പെയ്യിക്കുക. വരൾച്ച തടയാൻ സർക്കാർ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്. വരൾച്ച തടയാൻ മനുഷ്യസഹജമായ എല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എത്ര പണം ചെലവിട്ടായാലും ജലവിതരണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വരൾച്ചാ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ വരൾച്ചാവിഷയം കേൾക്കുന്നതിൽ കേന്ദ്രസർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തെ കാണാൻ പോലും കേന്ദ്രം കൂട്ടാക്കിയില്ല. കേരളത്തിന്റെ വരൾച്ചാസ്ഥിതി അറിയിക്കാൻ കേന്ദ്രം സമയം അനുവദിച്ചില്ല. ഇതിനായി സർവകക്ഷിസംഘം കാണാൻ സമയം ചോദിച്ചപ്പോൾ കേന്ദ്രം നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയുടേത് നിഷേധാത്മക സമീപനമാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷവും സഭയിൽ നിലപാടെടുത്തു. പ്രധാനമന്ത്രിയുടെ ഏകാധിപത്യ നിലപാടാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മോദിയുടേത് തെറ്റായ സമീപനമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. പ്രതിപക്ഷത്തു നിന്ന് ഷാഫി പറമ്പിൽ എംഎൽഎ ആണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്. വരൾച്ച പ്രതിരോധിക്കാൻ വേണ്ട മുൻകരുതലുകൾ കേരളം സ്വീകരിച്ചിരുന്നെന്നു നോട്ടീസിനു മറുപടിയുമായി സംസാരിച്ച റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. മഴ കുറഞ്ഞതാണ് കേരളത്തിലെ വരൾച്ചയ്ക്ക് കാരണമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News