ബംഗളുരുവിൽ രണ്ടാം ഇന്നിംഗ്‌സിലും തകർന്നടിഞ്ഞ് ഇന്ത്യ; ഓസ്‌ട്രേലിയക്ക് ജയിക്കാൻ 188 റൺസ് വിജയലക്ഷ്യം; ഇന്ത്യ 274 റൺസിനു എല്ലാവരും പുറത്തായി

ബംഗുളുരു: ബംഗളുരുവിൽ നടക്കുന്ന രണ്ടാംടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യൻ ബാറ്റിംഗ് തകർന്നടിഞ്ഞു. ഒന്നാം ഇന്നിംഗ്‌സിൽ 87 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിൽ 274 റൺസിനു എല്ലാവരും പുറത്തായി. ഇതോടെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ജയിക്കാൻ 188 റൺസ് വേണം. ആറു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹാസൽവുഡാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ഓപ്പണിംഗ് നിര ഭേദപ്പെട്ട നിലയിൽ ബാറ്റ് വീശിയെങ്കിലും മധ്യനിരയും വാലറ്റവും അമ്പേ പരാജയപ്പെട്ടു. 92 റൺസെടുത്ത ചേതേശ്വർ പുജാരയാണ് ടീമിലെ ടോപ് സ്‌കോറർ.

87 റൺസ് ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് ഓപ്പണർ ലോകേഷ് രാഹുലും അഭിനവ് മുകുന്ദും മികച്ച തുടക്കമാണ് നൽകിയത്. നല്ല രീതിയിൽ ബാറ്റ് വീശിയ മുകുന്ദ് പെട്ടെന്നു പുറത്തായെങ്കിലും (16 റൺസ്) രാഹുലും പിന്നീട് വന്ന ചേതേശ്വർ പുജാരയും ഒരറ്റത്ത് ഉറച്ചുനിന്നു പൊരുതി. 51 റൺസെടുത്ത രാഹുൽ ഒക്കീഫിനു മുന്നിൽ വീണു. പിന്ിനീട് വന്ന നായകൻ വിരാട് കോഹ്‌ലി 15 റൺസെടുത്ത് പുറത്തായി. 92 റൺസെടുത്ത പുജാരയും 52 റൺസെടുത്ത രഹാനെയും മാത്രമാണ് പിന്നീട് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

രവീന്ദ്ര ജഡേജ (2), കരുൺ നായർ (0), അശ്വിൻ (4), ഉമേഷ് യാദവ് (1), ഇഷാന്ത് ശർമ (6) എന്നിവർ അമ്പേ പരാജയപ്പെട്ടു. വൃദ്ധിമാൻ സാഹ 20 റൺസുമായി പുറത്താകാതെ നിന്നു. 67 റൺസ് മാത്രം വഴങ്ങിയാണ് ജോഷ് ഹാസൽവുഡ് ആറു വിക്കറ്റ് വീഴ്ത്തിയത്. മിച്ചൽ സ്റ്റാർക്കും സ്റ്റീവ് ഒക്കീഫും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here