ബ്രേക്കിൽ നിന്നു കാലെടുത്താൽ തന്നെ കാർ തനിയെ മുന്നോട്ടു ചലിക്കും; ഓട്ടോമാറ്റിക് സംവിധാനവുമായി ടാറ്റ ടിയാഗോ എഎംടി വിപണിയിൽ

അങ്ങനെ കുറഞ്ഞവിലയിൽ കൂടുതൽ കരുത്ത് എന്ന കാർ പ്രേമികളുടെ സ്വപ്‌നം സഫലമാകുകയാണ്. കാത്തിരിപ്പിനു വിരാമമിട്ട് ടാറ്റ ടിയാഗോ എഎംടി വിപണിയിലെത്തി. ചെറുകാർ വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ പോന്ന ഫീച്ചറുകളുമായാണ് ടാറ്റാ ടിയാഗോ വിപണിയിൽ അവതരിച്ചിട്ടുള്ളത്. രണ്ടു വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളിൽ പെട്രോൾ വേരിയന്റ് വാഹനമാണ് പുറത്തിറക്കിയിട്ടുള്ളത്.രാജ്യത്തെ 597 ടാറ്റ ഷോറൂമുകളിലൂടെ വാഹനം സ്വന്തമാക്കാം. 5.39 ലക്ഷം രൂപയാണ് വാഹനത്തിന്റെ ദില്ലിയിലെ എക്‌സ് ഷോറൂം വില.

ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടാണ് ടാറ്റാ ടിയാഗോ എഎംടി എത്തിയിട്ടുള്ളത്. സെസ്റ്റ്, നാനോ അടക്കമുള്ള ടാറ്റയുടെ മുൻമോഡലുകളിലേതിന് സമാനമായി ഓട്ടോമാറ്റഡ് മാനുവൽ ഗിയറിംഗ് സിസ്റ്റം ആണ് ടിയാഗോയിലും ഒരുക്കിയിട്ടുള്ളത്. ഓട്ടോമാറ്റിക്, ന്യൂട്രൽ, റിവേഴ്‌സ്, മാനുവൽ എന്നിങ്ങനെ നാല് ഗിയർ പൊസിഷനുകളോടു കൂടിയാണ് ടിയാഗോ എഎംടി എത്തിയിട്ടുള്ളത്. ഇതിനു പുറമേ സ്‌പോർട്, സിറ്റി എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളും ടിയാഗോ എഎംടിയിലൂടെ ടാറ്റ കാഴ്ചവെക്കുന്നു.

Tiago 1

1.2 ലീറ്റർ പെട്രോൾ എൻജിൻ ആണ് ടിയാഗോയിൽ സജ്ജീകരിച്ചിട്ടുള്ളത്. 84 ബിഎച്ച്പിയിൽ 114 എൻഎം ടോർക്ക് കരുത്ത് സൃഷ്ടിക്കുന്നതാണ് എൻജിൻ. ഓട്ടോമാറ്റിക് ആക്‌സിലറേറ്റിംഗ് സംവിധാനം കാറിൽ ഒരുക്കിയിട്ടുണ്ട്. അതായത് ബ്രേക്ക് പെഡലിൽ നിന്ന് കാലെടുക്കുമ്പോൾ തന്നെ ചെറിയ വേഗതയിൽ കാർ മുന്നോട്ടു നീങ്ങുന്ന ഓട്ടോമാറ്റിക് സംവിധാനമാണ് ടിയാഗോയിൽ ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ചെരിവുള്ള പ്രദേശങ്ങളിൽ വാഹനത്തെ മുന്നോട്ട് നിയന്ത്രിക്കാൻ ഡ്രൈവർക്ക് അധികം കഷ്ടപ്പെടേണ്ടി വരില്ല. എക്‌സ്‌സിഎ പെട്രോൾ വേരിയന്റിൽ മാത്രമാണ് ടിയാഗോ എഎംടി ലഭ്യമാകുക.

ഉപഭോക്താക്കളുടെ ആവശ്യങ്ങളും മനസ്സും അറിഞ്ഞാണ് ടിയാഗോയെ അണിയിച്ചൊരുക്കിയിട്ടുള്ളതെന്നാണ് ടാറ്റ പറയുന്നത്. ഉപഭോക്താവ് തന്റെ ചെറുകാറിനെ കുറിച്ച് എന്താണോ സ്വപ്‌നം കാണുന്നത് അതു നൽകാൻ തങ്ങൾക്ക് ഇതിലൂടെ സാധിക്കുമെന്നും അതുവഴി വിപണിയിൽ ചലനം സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ടാറ്റ മോട്ടോർസിന്റെ പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക്ക് പറഞ്ഞു.

Tiago-2

ഏകദേശം ഒരു വർഷം മുമ്പാണ് ടാറ്റ ടിയാഗോ ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ കടക്കുന്നത്. ടിയാഗോയുടെ 4000 ത്തിൽ പരം യൂണിറ്റുകളാണ് ഒരു വർഷത്തോളമായി ടാറ്റ പ്രതിമാസം വിപണിയിലെത്തിച്ചത്. വന്നതിന് പിന്നാലെ വിപണിയെ സ്വാധീനിക്കുന്നതിൽ വിജയിച്ച ടിയാഗോ, ടാറ്റയെ രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ കാർനിർമ്മാതാക്കളാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചുവെന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here