‘സെല്‍ഫി’ നിരസിക്കാനാവാത്ത ഓഫര്‍; മിനി സ്‌ക്രീനില്‍ തിരിച്ചെത്തുന്ന നടി ശ്രീധന്യ മനസ് തുറക്കുന്നു

സാമൂഹിക പ്രതിബദ്ധതയും ആനുകാലിക പ്രസക്തിയുമാണ് കൈരളി ടിവിയിലെ ജനപ്രിയ പരിപാടിയായ സെല്‍ഫിയിലേക്ക് തന്നെ ആകര്‍ഷിച്ച ഘടകങ്ങളെന്ന് നടിയും അവതാരകയുമായ ശ്രീധന്യ. സെല്‍ഫിയിലൂടെ മിനി സ്‌ക്രീനിലേക്കുള്ള തിരിച്ചു വരവിനെ പ്രതിപാദിച്ചു സംസാരിക്കുകയായിരുന്നു മുംബൈ മലയാളി കൂടിയായ ശ്രീധന്യ.

വളരെ യാദൃശ്ചികമായാണ് മിനി സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നതെന്നാണ് ശ്രീധന്യയുടെ ആദ്യ പ്രതികരണം. മംഗ്ലീഷ്, ഞാന്‍ സംവിധാനം ചെയ്യും, രക്ഷാധികാരി ബൈജു തുടങ്ങി അര ഡസനോളം ചിത്രങ്ങളില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി, ബാലചന്ദ്ര മേനോന്‍, ബിജു മേനോന്‍ തുടങ്ങിയ താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുള്ള ശ്രീധന്യ മുംബൈയിലാണ് താമസം. മികച്ച അവതാരകയായി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ശ്രീധന്യ പിന്നീട് സിനിമയില്‍ തിരക്കേറിയപ്പോള്‍ ടെലിവിഷന്‍ പരിപാടികളില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. ഒരിടവേളക്ക് ശേഷം മിനി സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ് ഈ പാലക്കാട്ടുകാരി.

Sreedhanya

‘സാമൂഹിക പ്രതിബദ്ധതയും ആനുകാലിക പ്രസക്തിയുമാണ് സെല്‍ഫിയിലേക്ക് തന്നെ ആകര്‍ഷിച്ച ഘടകങ്ങള്‍’ മുംബൈയിലെ ഹീരാ നന്ദനിയിലെ ഫ്‌ളാറ്റില്‍ ഇരുന്നു തന്റെ ആദ്യ സംവാദ പരിപാടിയുടെ അനുഭവങ്ങള്‍ ശ്രീധന്യ പങ്കു വച്ചു.

ഇതിനു മുന്‍പും ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി ധാരാളം പേര്‍ വിളിക്കാറുണ്ടെങ്കിലും കൈരളി ടിവിയിലെ ഓഫര്‍ നിരസിക്കാനായില്ലയെന്നാണ് ശ്രീധന്യ പറയുന്നത്. സമകാലിക സംഭവങ്ങളുടെ സംവാദമായ സെല്‍ഫി പുതിയൊരു അനുഭവം മാത്രമല്ല, വെല്ലുവിളിയുമായിരുന്നുവെന്നു ശ്രീധന്യ വ്യക്തമാക്കി.

എല്ലാ ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി എട്ടു മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന സെല്‍ഫി പുതിയ രൂപ ഭാഗങ്ങളോടെയാണ് ശ്രീധന്യ അവതരിപ്പിച്ചത്. വൈകാരിക മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ കലാഭവന്‍ മണിയെ അനുസ്മരിച്ചു കൊണ്ടുള്ള എപ്പിസോഡിനു മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

തിരക്ക് പിടിച്ച നഗര ജീവിതത്തിനിടയിലും കുടുംബ ജീവിതത്തിനൊപ്പം കലയും സാമൂഹിക പ്രതിബദ്ധതയും കാത്തു സൂക്ഷിക്കുന്ന താരത്തിന് കോസ്‌മോപോളിറ്റന്‍ നഗരമായ മുംബൈ വ്യക്തിത്വ വികസനത്തിന് ഒരു പാട് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന അഭിപ്രായക്കാരിയാണ്. ഒട്ടേറെ റിസേര്‍ച്ചും ഹോം വര്‍ക്കും ആവശ്യമുള്ള സെല്‍ഫിയുടെ വരും എപ്പിസോഡുകള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് ശ്രീധന്യ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News