പള്ളിമേടയിലെ വൈദികപീഡനം; ദൈവത്തിന്റെ പ്രതിനിധിയാണ് മഹാ അപരാധിയായി മാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; വൈദികന് ക്രിമിനല്‍ മനസ്

തിരുവനന്തപുരം: പള്ളിമേടയില്‍ 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികന്‍ റോബിന്‍ വടക്കുംഞ്ചേരിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ദൈവത്തിന്റെ പ്രതിനിധിയാണ് മഹാഅപരാധിയായി മാറിയതെന്നും ക്രിമിനല്‍ മനസാണ് വൈദികനുള്ളതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

പ്രതി രാജ്യം വിടാതിരിക്കാന്‍ സഹായിച്ചത് പൊലീസിന്റെ ഇടപെടലാണെന്നും കുറ്റം ചെയ്യുന്നവര്‍ എത്ര ഉന്നതരായാലും സംരക്ഷിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാളയാര്‍ സഹോദരിമാരുടെ മരണത്തിന് ഉത്തരവാദികള്‍ ആരായാലും രക്ഷപ്പെടില്ലെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കര്‍ശന ശിക്ഷ തന്നെ വാങ്ങിനല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുമെന്നും ഇതിനായി പത്തു വര്‍ഷത്തെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. സ്ത്രീ സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ക്രമസമാധാന ചുമതലയുള്ള ഡിജിപിയുടെ സ്ഥാനത്ത് നിന്ന് ടി.പി സെന്‍കുമാറിനെ നീക്കിയത് ജിഷയുടെ കൊലപാതകത്തെ തുടര്‍ന്നല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗ്യതയില്ലാത്തതിനാലാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. സെന്‍കുമാറിന്റെ ഇപ്പോഴത്തെ പ്രവൃത്തികള്‍ അത് ശരിയാണെന്ന് തെളിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here