‘അപാരതയെ ആഘോഷിക്കുന്നവരോട്, ഇത് നമ്മുടെ എസ്എഫ്‌ഐ അല്ല…..’ ഇതാണ് നമ്മുടെ എസ്എഫ്‌ഐയെന്ന് ഇനിയെങ്കിലും പറയാതിരിക്കൂ…

തിരുവനന്തപുരം: ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്‌സിക്കന്‍ അപാരതയില്‍ പറയുന്നത് എസ്എഫ്‌ഐയുടെ കഥയല്ലെന്ന് എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി.പി ബിനീഷ്. ജീവനു തുല്യം സ്‌നേഹിക്കുന്ന പ്രസ്ഥാനത്തിന്റെ വൈകാരികതലത്തെ ഉപയോഗപ്പെടുത്തി ഇതാണ് എസ്എഫ്‌ഐ ചരിത്രം എന്നു പറഞ്ഞാല്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ ഞങ്ങള്‍ ക്യൂബ മുകുന്ദന്‍മാരല്ലെന്നും ഇതാണ് നമ്മുടെ എസ്എഫ്‌ഐയെന്ന് ഇനിയെങ്കിലും പറയാതിരിക്കൂയെന്നും ടി.പി ബിനീഷ്. ഫേസ്ബുക്കില്‍ കുറിച്ചു.

“അപാരതയെ ആഘോഷിക്കുന്നവരോട്”
ഇത് നമ്മുടെ എസ്.എഫ്.ഐ അല്ല….
നവാഗത സംവിധായകനായ ടോം ഇമ്മട്ടിയുടെ ഒരു മെക്സിക്കൻ അപാരത കഴിഞ്ഞ ദിവസമാണ് കാണാൻ സാധിച്ചത്.റിലീസ് ചെയ്യുന്നതിനു മുന്നേ തന്നെ ഈ ചിത്രം ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്.KSQ എന്ന വലതു പക്ഷ സംഘടനയുടെ സ്വാധീന കേന്ദ്രമായ എറണാകുളം മഹാരാജ കോളേജിൽ SFY എന്ന ഇടത് സംഘടന ആധിപത്യമുറപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ക്യാമ്പസ് അന്തരീക്ഷം പശ്ചാത്തലമാക്കിയ നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്.അനിയത്തി പ്രാവ്,നിറം,ചോക്ളേറ്റ്,ആനന്ദം തുടങ്ങിയ സിനിമകൾ അരാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്.എന്നാൽ 2000 ത്തിനു ശേഷം പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിപക്ഷവും ക്യാമ്പസ് രാഷ്ട്രീയത്തെ പ്രമേയവത്കരിക്കുകയും,ഇടതു പക്ഷ രാഷ്ട്രീയത്തിന് പ്രാമുഖ്യം നല്‍കുന്നതുമായിരുന്നു.

2000 ത്തിനു ശേഷം കേരളത്തിലെ ക്യാമ്പസുകളിൽ SFIക്ക് വന്നു ചേർന്ന സ്വീകാര്യത ഇത്തരം സിനിമകളിലും പ്രകടമാണ്.മുഴുവൻ സർവ്വകലാശാലകളിലും ഭൂരിപക്ഷം കോളേജുകളിലും വിജയിക്കുന്ന പ്രസ്ഥാനത്തിനു പ്രാധാന്യം നൽകിയാൽ മാത്രമേ സിനിമ വിജയിക്കൂ എന്ന ചിന്തയെയാണ് ഇവിടെ കച്ചവടം ചെയ്യുന്നത്.
2006 ൽ ക്ലാസ്സ്‌മേറ്റ്സ് പുറത്തിറങ്ങിയപ്പോൾ തലശ്ശേരി ബ്രണ്ണൻ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ഞാന്‍.ക്യാമ്പസുകളാകെ SFK ക്കാരനായ സുകുമാരനെ കുറിച്ചായി ചർച്ചകൾ.എന്നാൽ വ്യക്തമായ അരാഷ്ട്രീയ ബോധം പങ്കുവെച്ച ചിത്രമായിരുന്നു അത്.ഒരു കാലത്ത് കോളേജ് രാഷ്ട്രീയത്തിലെ തീപ്പൊരിയായിരുന്ന സുകു എന്ന സുകുമാരൻ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട്,എല്ലാവരാലും ഒറ്റപ്പെട്ട് മടങ്ങിയെത്തുന്നതായാണ് ചിത്രീകരിച്ചത്.ഇതിലൂടെ രാഷ്ട്രീയത്തെ കുറിച്ച് വികലമായ നിര്‍മ്മിതികളാണ് പ്രേക്ഷകന്റെ മനസ്സിലേക്കെത്തുന്നത്.
2007 ൽ അറബിക്കഥ എത്തിയപ്പോള്‍ ഇതൊരു കമ്മ്യൂണിസ്റ്റ് സിനിമയാണെന്ന് ആര്‍ത്തുവിളിച്ചവര്‍ നിരവധിയാണ്.
SFI മുഖ മാസികയായ സ്റ്റുഡന്റിൽ ഒരു മികച്ച കമ്മ്യൂണിസ്റ്റ് സിനിമ എന്ന പേരിൽ ആരോ ഒരാൾ ഒരു ലേഖനം എഴുതി(ലേഖകന്റെ പേര് ഒാര്‍മ്മിക്കുന്നില്ല). വലിയ വിമർശനം ഉയർന്നു വന്നപ്പോൾ അന്നത്തെ SFI സംസ്ഥാന സെക്രട്ടറി എം.സ്വരാജ് അതിനു മറുപടി എഴുതി.”കക്കൂസിൽ കയറി മുദ്രാവാക്യം വിളിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാരൻ”.സ്ഥല കാല ബോധമില്ലാത്ത ക്യൂബ മുകുന്ദൻ എന്ന ‘കമ്മ്യൂണിസ്റ്റ് മാതൃക’ രൂപപ്പെടുത്തി, ഇടതുപക്ഷമാകെ മുതലാളിത്ത പാതയിലേക്ക് നീങ്ങുകയാണെന്ന് പ്രേക്ഷകരോട് പറയുകയായിരുന്നു ലാൽജോസ്.ചോര വീണ മണ്ണില്‍ എന്ന പനച്ചൂരാന്റെ ഗാനം വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ മാത്രമേ അതിലെ വിരുദ്ധത മനസ്സിലാക്കാന്‍ സാധിക്കൂ.

ഇടതുപക്ഷ ചിന്താ ഗതിക്കാരായ വലിയൊരു വിഭാഗം കാഴ്ചക്കാരാണ് ഈ രണ്ടു സിനിമകളും വിജയിപ്പിച്ചത് എന്നതിൽ തർക്കമില്ല.ഇതിലൂടെ ‘കമ്മ്യൂണിസ്റ്റ് വൈകാരികതയെ’ എങ്ങനെ കച്ചവടം ചെയ്യാമെന്നും ഇവർ കാട്ടി തന്നു.
ചുവന്ന കൊടികളും ചെഗുവേരയും പശ്ചാത്തലത്തിൽ വന്നാൽ അതൊരു കമ്മ്യൂണിസ്റ്റ് സിനിമയാണെന്ന് പറയാൻ സാധിക്കുമോ????
ഇതേ തന്ത്രം തന്നെയല്ലാതെ മറ്റെന്താണ് ഇപ്പോൾ കെട്ടിഘോഷിക്കപ്പെടുന്ന ഈ അപാരത.
SFY എന്നതിലൂടെ SFI യും KSQഎന്നതിലൂടെ KSU വുമാണ് പ്രതിനിധീകരിക്കപ്പെടുന്നത്.കലിപ്പ് കട്ട കലിപ്പ് എന്ന ഗാന രംഗത്തിലെ ‘മണലിൽ ചോര ചാലൊഴുകട്ടെ’ എന്ന മുദ്രാവാക്യം പോലും എത്ര സുന്ദരമായാണ് ഇവർ ഉപയോഗിച്ചത്.അനവസരത്തിലെ തമാശകളും,കലോത്സവങ്ങളും,തെരഞ്ഞെടുപ്പുകളും,സംഘട്ടനങ്ങളും,പഞ്ച് ഡയലോഗുകളും എന്ന സ്ഥിരം നമ്പറുകൾക്കപ്പുറത്ത് ഇതിലൊന്നുമില്ല.കഥ നടക്കുന്ന കാലം വ്യക്തമല്ലെങ്കിലും 2000 മാണെന്ന് വേണം അനുമാനിക്കാൻ.സിനിമ തുടങ്ങുന്നത് ഫ്ലാഷ്ബാക്കോട് കൂടിയാണ്.അടിയന്തരാവസ്ഥ കാലത്ത് രാജൻ തിരോധാനത്തിന് ശേഷം ക്യാമ്പസിൽ നടക്കുന്ന സമരങ്ങളുടെ നായകനായി കൊച്ചനിയന്‍ എന്ന വിദ്യാർത്ഥി മാറുന്നതും സഹപ്രവർത്തകരാൽ ചതിക്കപ്പെട്ട് കൊല്ലപ്പെടുന്നതുമെല്ലാം പെട്ടെന്ന് അവതരിപ്പിക്കപ്പെടുകയാണ്.

പോലീസ് SFY ൽ നിന്നും രാജി വെക്കണമെന്ന് കൊച്ചനിയനോടാവശ്യപ്പെടുമ്പോൾ ‘ഞാൻ ജീവിതത്തിൽ നിന്നും രാജി വെക്കേണ്ടി വന്നാലും SFY യില്‍ നിന്ന് രാജി വെക്കില്ല എന്ന മറുപടി കേൾക്കുമ്പോള്‍ ഓര്‍മകളിലേക്കെത്തുന്നത് സഃ മുഹമ്മദ് മുസ്തഫയാണ്.അടിയന്തിരാവസ്ഥ അറബി കടലിൽ എന്ന് വിളിച്ചു പറഞ്ഞതിനാണ് മണ്ണാര്‍ക്കാട് MES കോളേജിലെ SFI പ്രവര്‍ത്തകനായ മുഹമ്മദ് മുസ്തഫയെ ഭരണകൂടം കൊല ചെയ്യുന്നത്.മുഹമ്മദ് മുസ്തഫയുടെ ഈ വാക്കുകൾ ഏറ്റു പറയാത്ത ഏത് SFI ക്കാരുണ്ട് കേരളത്തിൽ.ഇവിടെ ചരിത്രത്തെയാണ് വളച്ചൊടിക്കുന്നത്.
ഈ ചരിത്ര വിരുദ്ധതയ്ക്കാണ് കൈയ്യടി ഉയരുന്നത്.
കൊച്ചനിയന്‍ എന്ന പേര് കേള്‍ക്കുന്പോള്‍ മനസ്സിലേക്കെത്തുന്നത് ആര്‍.കെ.കൊച്ചനിയന്‍ എന്ന SFI യുടെ അനശ്വര രക്തസാക്ഷിയാണ്.കലോത്സവവേദിയിൽ KSU ക്കാരാലാണ് കൊച്ചനിയന്‍ കൊലചെയ്യപ്പെടുന്നത്.
ആ പേരിന് പോലും നിങ്ങള്‍ വിലയിട്ടു…
എന്നിട്ട് മേന്പൊടിക്കൊരു ചതി പ്രയോഗത്തിന്റെ കഥയും.
ചതി പ്രയോഗത്തിലൂടെ രക്തസാക്ഷികളെ സൃഷ്ടിച്ചല്ല sfi വളര്‍ന്നത്,
സമാനതകളില്ലാത്ത ത്യാഗത്തിലൂടെയാണ്…..
ആരാണ് രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് ???
പുതിയ വീട്ടില്‍ ബഷീറിനെ അറിയാമോ നിങ്ങള്‍ക്ക്….
മട്ടന്നൂര്‍ PRNSS കോളേജിലെ KSU പ്രവര്‍ത്തകന്‍,മാഗസിന്‍ എഡിറ്റര്‍.
കൊന്നതാണ്….
SFI ക്കാരല്ല.
അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ തന്നെ.
മാഗസിന്‍ ഫണ്ടിന്റെ വിഹിതം നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബഷീര്‍ അതിന് കൂട്ടു നിന്നില്ല, അതായിരുന്നു കാരണം.
തെരെഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പ്രമോഷന്‍ തരുമെന്ന് അണികളെ പ്രലോഭിപിപ്പിക്കുന്ന നേതൃത്വം SFI ക്കില്ല.
കലോത്സവ വേദിയില്‍ കയറി ചങ്കൂറമുള്ള KSU ക്കാരോട് സ്റ്റേജിന് പുറകിലേക്ക് വരാന്‍ ആവശ്യപ്പെടിട്ടുമല്ല SFI വളര്‍ന്നത്.
കലോത്സവ വേദികളെ കലാപവേദികളാക്കി മാറ്റിയവര്‍ KSU ക്കാരാണ്.
ഇങ്ങനെ ഈ സിനിമയിലുട നീളം വലതുപക്ഷ രീതികളാണ് SFY ല്‍ സംവിധായകന്‍ അടിച്ചേല്‍പ്പിക്കുന്നത്.
ഈ സിനിമയില്‍ SFY പലയിടത്തും KSU വായി മാറുന്നതായി നമുക്ക് തോന്നാം.
ഇടതുപക്ഷമെന്ന വ്യാജേന വലതുപക്ഷമാണ് പ്രതിനിധീകരിക്കപ്പെടുന്നത്.
ഇടതുപക്ഷ വിപണി മൂല്യം സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
കണ്ണൂര്‍ ഈ സിനിമയിലും അക്രമകാരികളുടെ നാടായാണ് ചിത്രീകരിച്ചത്.
എത്ര എളുപ്പമാണ് കണ്ണൂര്‍ എന്ന പൊതുബോധം രൂപീകരിക്കുന്നത്.
പൊതുവില്‍ കമ്മ്യൂണിസ്റ്റ്കാരന്റെ വൈകാരികതയെ,SFI നൊസ്റ്റാള്‍ജിയെ നമ്മള്‍ പോലുമറിയാതെ വിപണനം നടത്തുകയാണ്.
വിപ്ളവം തലക്ക് പിടിച്ച ആവേശകമ്മറ്റിക്കാര്‍ കൊടികളും മുദ്രാവാക്യം വിളികളുമായി ഈ അപാരതയെ വരവേല്‍ക്കുന്നത് ചരിത്രത്തോടുള്ള അപരാധമാവും.
ഈ ആവേശ കമ്മറ്റിക്കാര്‍ സഃ പി.കൃഷ്ണപ്പിള്ളയുടെ ജീവിതം ചിത്രീകരിച്ച വസന്തത്തിന്റെ കനല്‍ വഴികളില്‍ പുറത്തിറങ്ങിയപ്പോള്‍ എവിടെയായിരുന്നു ???
വലിയ സാന്പത്തിക ഭാരം തലയിലേറ്റിയാണ് സംവിധായകന്‍ അനില്‍.വി.നാഗേന്ദ്രന്‍ ഈ സിനിമ പൂര്‍ത്തീകരിച്ചത്.
അന്നൊരിടത്തും കൊടികളുമായി,മുദ്രാവാക്യം വിളികളുമായി എന്തേ വരാതിരുന്നത്.
ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത “AKG” എന്ന ഡോക്യു-ഫിക്ഷന്‍ നിങ്ങളില്‍ എത്ര പേര്‍ കണ്ടിട്ടുണ്ട് ???
ഒരു വ്യാഴവട്ടക്കാലത്തിലധികം SFI യില്‍ സജീവമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഞാന്‍.
പ്രവര്‍ത്തിച്ചു എന്നു പറയുന്നതിനേക്കാള്‍ SFIയില്‍ ജീവിച്ചു എന്നു പറയുവാനാണ് താത്പര്യം.
SFI യില്‍ പ്രവര്‍ത്തിച്ചവരേക്കാള്‍ ജീവിച്ചവരായിരുന്നു കൂടുതല്‍.
ഞങ്ങള്‍ അനുഭവിച്ചറിഞ്ഞ ഞങ്ങളുടെ SFI ഇങ്ങനെയായിരുന്നില്ല.
ജീവനു തുല്യം സ്നേഹിക്കുന്ന പ്രസ്ഥാനത്തിന്റെ വൈകാരികതലത്തെ ഉപയോഗപ്പെടുത്തി ഇതാണ് SFI ചരിത്രം എന്നു പറഞ്ഞാല്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ ഞങ്ങള്‍ ക്യൂബ മുകുന്ദന്‍മാരല്ല….
ദയവ് ചെയ്ത് ഇതാണ് നമ്മുടെ SFI എന്ന് ഇനിയെങ്കിലും പറയാതിരിക്കൂ….

പിന്‍കുറിപ്പ്ഃ ലാല്‍സലാം,സന്ദേശം,രക്തസാക്ഷികള്‍ സിന്ദാബാദ്,ക്ളാസ്മേറ്റ്സ്,അറബിക്കഥ എന്നിവയിലെ ചേരുവകള്‍ ഒട്ടും ചോരാതെ ഈ ന്യൂ ജെന്‍ കാലത്ത് അവതരിപ്പിക്കുകയാണ് ഒരു മെക്സിക്കന്‍ അപാരത.SFI യെ ഉപരിപ്ളവമായി സമീപിച്ചവര്‍ക്ക് ഈ സിനിമയില്‍ ആവേശം തോന്നുന്നത് സ്വാഭാവികം……

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News