മോദിയുടെ ചടങ്ങില്‍ തട്ടം ധരിക്കുന്നതിന് വിലക്ക്; ഗുജറാത്തിലെ വനിതാ ദിനാഘോഷത്തില്‍ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാനത്തിനെ തടഞ്ഞു; പങ്കെടുക്കണമെങ്കില്‍ തട്ടം ഊരി വയ്ക്കണമെന്ന് ആവശ്യം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന വനിതാ ദിനാഘോഷ പരിപാടിയില്‍ തട്ടം ധരിച്ചെത്തിയ മലയാളി പ്രതിനിധിയെ സംഘാടകര്‍ തടഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാനത്തിനെയാണ് സംഘാടകര്‍ തടഞ്ഞത്.

കേന്ദ്ര സര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്ക് വേണ്ടി നടത്തുന്ന സ്വച്ഛ് ശക്തി പരിപാടിയില്‍ പങ്കെടുക്കാനാണ് ഷഹര്‍ബാനത്ത് അടക്കമുള്ള മലയാളികള്‍ ഗുജറാത്തിലെത്തിയത്. എന്നാല്‍ തട്ടം ധരിച്ചവരെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്ന സംഘാടകരുടെ അതിക്രമം. ചടങ്ങില്‍ പങ്കെടുക്കണമെങ്കില്‍ തട്ടം ഊരി വയ്ക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇത് ചോദ്യം ചെയ്തപ്പോള്‍ വനിതാ ജനപ്രതിനിധികളെ അപമാനിക്കുന്ന തരത്തിലായിരുന്നു സംഘാടകരുടെ പെരുമാറ്റം.

ഇതില്‍ പ്രതിഷേധം അറിയിച്ച മലയാളി സംഘം, സ്ഥലം എസ്പിയോട് പരാതിപ്പെടുകയും ഒടുവില്‍ അനുകൂലമായ തീരുമാനം വാങ്ങിക്കുകയും പരിപാടിയില്‍ പങ്കെടുക്കുകയുമായിരുന്നു. 6000 വനിതാ പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് 100 പേരടങ്ങിയ സംഘമാണ് ഗുജറാത്തിലെത്തിയത്.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ പരിപാടിയെ ബിജെപിയുടെ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള വേദിയായിട്ടാണ് ഉപയോഗിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

ഒരു ജനപ്രതിനിധിക്ക് ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാന്‍ സ്വാതന്ത്രമില്ലാത്ത രാജ്യത്ത്, പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വനിതാദിനം ആഘോഷിക്കുന്നതെന്തിന് വേണ്ടിയാണെന്ന ചോദ്യവും സോഷ്യല്‍മീഡിയയില്‍ ഉയരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News