അന്തസ്സുറ്റ ജീവിതം സ്ത്രീയുടെ അവകാശം

അമേരിക്കയിലെ ന്യൂയോര്‍ക്ക് പട്ടണത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ 1908 മാര്‍ച്ച് എട്ടിന് തുന്നല്‍ത്തൊഴിലാളികളായ സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി പണിമുടക്കി തെരുവിലിറങ്ങി. പട്ടാളത്തെയും പൊലീസിനെയും ഉപയോഗിച്ച് ഈ സമരം അടിച്ചമര്‍ത്താന്‍ ഭരണകൂടം മുന്നോട്ട് വന്നു. ഈ സ്ത്രീമുന്നേറ്റം തൊഴിലുടമകളെയും ഭരണകൂടത്തെയും ഞെട്ടിച്ചു. പിന്നീട് 1910ല്‍ കോപ്പന്‍ ഹെഗലില്‍ ചേര്‍ന്ന തൊഴിലാളികളുടെ അന്താരാഷ്ട്രസമ്മേളനമാണ് മാര്‍ച്ച് എട്ടിന് നടന്ന പ്രതിഷേധസമരത്തിന്റെ പ്രാധാന്യം അംഗീകരിച്ച് ആ ദിനം സാര്‍വദേശീയ വനിതാദിനമായി ആചരിക്കാന്‍ ആഹ്വാനംനല്‍കിയത്. അതിനുശേഷം ലോകത്തെമ്പാടും ഈ ദിനം സ്ത്രീകളുടെ അവകാശദിനമായി ആചരിക്കപ്പെടുന്നു.

എല്ലാതരത്തിലുള്ള അസമത്വവും വര്‍ധിപ്പിച്ച് മാത്രമേ മുതലാളിത്തത്തിന് മുന്നോട്ടുപോകാനാകൂ എന്നത് ലോകസാഹചര്യം വെളിപ്പെടുത്തുകയാണ്. ലാഭം കൂടുതല്‍ ലാഭം എന്ന മുതലാളിത്തത്തിന്റെ ലക്ഷ്യം എല്ലാ മാനുഷികമൂല്യങ്ങളെയും ചവിട്ടിമെതിക്കുന്നു. സ്ത്രീയെ കേവലം വില്‍പ്പനച്ചരക്കായി കാണുന്ന സ്ഥിതിയുണ്ടാകുന്നു. ആഗോളവല്‍ക്കരണനയം സ്ത്രീകളുടെ സാമ്പത്തികപദവിയെ വലിയ തോതില്‍ ഇടിച്ചുതാഴ്ത്തി.

കാല്‍നൂറ്റാണ്ടിലേറെയായി അനുവര്‍ത്തിച്ചുവരുന്ന നവലിബറല്‍ സാമ്പത്തികനയങ്ങള്‍ ഇന്ത്യന്‍ ഭരണസംവിധാനത്തെയും ഇന്ന് കുത്തകകളുടെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. നല്ല ദിനങ്ങള്‍ സമ്മാനിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് നരേന്ദ്ര മോദി അധികാരമേറ്റെടുത്തത്. അധികാരമേറി മൂന്നുവര്‍ഷമാകുമ്പോള്‍ സ്ത്രീജീവിതം ദുരിതക്കയങ്ങളിലാണ്.

womens-day-1

സ്ത്രീകേന്ദ്രീകൃത പ്രചാരണപ്രവര്‍ത്തമാണ് മോദി സര്‍ക്കാര്‍ തുടക്കംമുതലേ അനുവര്‍ത്തിച്ചത്. മോദി സര്‍ക്കാരിന്റെ നാലാം ബജറ്റ് അവതരിപ്പിച്ചപ്പോഴും ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായുള്ള ഫണ്ട് വകയിരുത്തലുകള്‍ ഉണ്ടായിട്ടില്ല. ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിക്ക് അനുവദിച്ച 90 കോടി രൂപ നേര്‍പകുതിയാക്കി. ഐസിഡിഎസ് പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ ഫണ്ട് ലഭ്യമാക്കാനോ തൊഴിലുറപ്പ് പദ്ധതി സുഗമമായി നടത്താനുള്ള സാഹചര്യമൊരുക്കാനോ തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 501 കോടി രൂപയുടെ വര്‍ധനമാത്രമാണ് തൊഴിലുറപ്പ് പദ്ധതിക്കായി അനുവദിക്കപ്പെട്ടത്. ജന്റര്‍ ബജറ്റിങ് എന്നത് മോഡി സര്‍ക്കാരിന്റെ അജന്‍ഡയിലേ ഇല്ല. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ വര്‍ധിച്ചുവന്നുകൊണ്ടിരിക്കുന്ന കാലയളവില്‍ നിര്‍ഭയ പദ്ധതിയുടെ ഫണ്ട് വിനിയോഗംപോലും നടത്തിയില്ല. സ്ത്രീശരീരത്തിന് നേരെ നടക്കുന്ന കൈയേറ്റങ്ങളുടെയും ലൈംഗികാവശ്യത്തിനായുള്ള കടത്തിക്കൊണ്ടുപോകലുകളുടെയും വാര്‍ത്തകള്‍ നാനാഭാഗങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. വ്യാപകമായ മനുഷ്യക്കടത്തുകള്‍, ഓണ്‍ലൈന്‍ പെണ്‍വാണിഭങ്ങള്‍ എല്ലാം ലാഭാധിഷ്ഠിതമായ മുതലാളിത്തവ്യവസ്ഥയുടെ സൃഷ്ടിയല്ലാതെ മറ്റൊന്നുമല്ല.

2016-2017ല്‍ ഐഎല്‍ഒ പുറത്തിറക്കിയ ഗ്ലോബല്‍ വേജ് റിപ്പോര്‍ട്ട് പ്രകാരം തൊഴില്‍മേഖലയില്‍ സ്ത്രീപുരുഷവേതനത്തില്‍ വലിയ അന്തരം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. സ്ത്രീപുരുഷ വേതന അന്തരം സിംഗപ്പുരില്‍ മൂന്ന് ശതമാനം മാത്രമായിരിക്കുമ്പോള്‍ ഇന്ത്യയില്‍ അത് 37 ശതമാനമാണ്. ഇക്കാര്യത്തില്‍ നമുക്ക് പിറകിലുള്ളത് സൗത്ത് കൊറിയമാത്രം. സൗത്ത് ഏഷ്യയിലെതന്നെ ഏറ്റവും കുറഞ്ഞ കൂലിക്ക് സ്ത്രീകള്‍ ജോലിചെയ്യുന്ന രാജ്യം ഇന്ത്യയാണ്.

സര്‍ക്കാര്‍ ക്ഷേമപദ്ധതിയുടെ ഭാഗമായി കൂലിയില്ലാവേലകളെല്ലാം ‘സേവനം’ എന്നപേരില്‍ സ്ത്രീകളുടെ തലയില്‍ വച്ചു കെട്ടുകയാണ്. അങ്കണവാടി വര്‍ക്കര്‍മാര്‍, ആരോഗ്യപരിപാലനം നിര്‍വഹിക്കുന്ന ആശാവര്‍ക്കര്‍മാര്‍ എന്നിവരെയെല്ലാം കേവലം സേവനദാതാക്കളായി കാണുകയാണ്. ഈ അടുത്തകാലത്തായി ആശാവര്‍ക്കര്‍മാരെ ‘നിരോധ്’ എന്ന ഉല്‍പ്പന്നത്തിന്റെ വിതരണക്കാര്‍ കൂടിയാക്കി എന്നത് ആരോഗ്യപ്രവര്‍ത്തകരായ സ്ത്രീകളോടുള്ള സമീപനത്തിന്റെ ഒരു ഉദാഹരണം മാത്രമാണ്.

womens-day-2

ആര്‍ഷഭാരതസംസ്‌കാരത്തിന്റെ മഹനീയതയെക്കുറിച്ച് സ്ത്രീകളെ ഓര്‍മപ്പെടുത്തുന്ന കേന്ദ്ര ഭരണാധികാരികള്‍ ‘വീരയോദ്ധാക്കളെ പ്രസവിച്ച് ഭാവിഭാരതത്തെ സൃഷ്ടിക്കുന്നവര്‍’ എന്നെല്ലാമുള്ള രീതിയില്‍ സ്ത്രീകളെ പുകഴ്ത്തുമ്പോള്‍ മറുഭാഗത്ത് ജനസംഖ്യാനിയന്ത്രണത്തിന്റെ ചുമതല മുഴുവന്‍ സ്ത്രീകളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന വിരോധാഭാസം നാം കണ്ടു. ഛത്തീസ്ഗഡില്‍ സ്ത്രീകളെ ആട്ടിന്‍പറ്റങ്ങളെ തെളിച്ചുകൊണ്ടുപോകുന്ന രീതിയിലാണ് ട്യൂബക്ടമി ശസ്ത്രക്രിയാ ക്യാമ്പിലേക്ക് കൊണ്ടുപോയി വന്ധ്യംകരണത്തിന് വിധേയമാക്കിയത്. മതിയായ ശുചിത്വസജ്ജീകരണങ്ങളില്ലാതെ നടന്ന ശസ്ത്രക്രിയാക്യാമ്പില്‍വച്ച് നൂറുകണക്കിന് സ്ത്രീകള്‍ മരണപ്പെട്ട സംഭവമുണ്ടായത് മോഡി ഭരിക്കുന്ന ആര്‍ഷഭാരതത്തിലാണ്.

പെണ്‍കുട്ടികള്‍ കൂടുതലായി കടന്നുവരുന്ന ഐടി സ്ഥാപനങ്ങളില്‍ രാത്രികാലങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ സുരക്ഷിതത്വം സംബന്ധിച്ച നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല. പുണെയില്‍ പ്രശസ്തമായ ഐടി സ്ഥാപനത്തില്‍ ഒഴിവുദിനത്തില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതയായ രസീലാ രാജു എന്ന യുവതി ക്രൂരമായ വിധത്തില്‍ കൊലചെയ്യപ്പെട്ട സംഭവം ഉണ്ടാക്കിയ നടുക്കത്തില്‍നിന്ന് നാം മോചിതരായിട്ടില്ല. കേരളത്തില്‍ ഒരു സിനിമാതാരത്തിന് നേരെയുണ്ടായ ക്രൂരമായ ആക്രമണവും അവരുടെ തൊഴിലുമായി ബന്ധപ്പെട്ട യാത്രയ്ക്കിടയിലാണ്.

ഓരോ സ്ത്രീയുടെയും ശരീരവും മനസ്സും അവരുടേതുമാത്രമാണ്. അവരുടെ സമ്മതമില്ലാതെ അതില്‍ കടന്നുകയറാനോ അതിനെ പരസ്യപ്പെടുത്താനോ ആക്രമിക്കുന്നതിനോ മറ്റാര്‍ക്കും അവകാശമില്ലതന്നെ. അതുകൊണ്ടുതന്നെ അത്തരം കടന്നുകയറ്റങ്ങള്‍ സംബന്ധിച്ച ഏതൊരു നീക്കം സംബന്ധിച്ച് പരാതിപ്പെടാനും പൊതുസമൂഹത്തോട് വിളിച്ചുപറയാനുമുള്ള ആര്‍ജവം സ്ത്രീ കാണിച്ചേതീരൂ. പരാതിപ്പെട്ടാല്‍ സ്ത്രീകള്‍ക്കാണ് അപമാനം എന്ന ധാരണ തിരുത്തിക്കുറിക്കണം. അവള്‍ക്ക് പിന്തുണ നല്‍കാനുള്ള മാനസികാവസ്ഥയാണ് പൊതുസമൂഹത്തിന് ഉണ്ടാകേണ്ടത്.

വര്‍ഷങ്ങള്‍ക്കുമുമ്പ് രാജ്യസഭ പാസാക്കിയ സ്ത്രീസംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കേവലഭൂരിപക്ഷമുള്ള ബിജെപി സര്‍ക്കാരിന് ഇല്ല എന്ന് വ്യക്തമായി. തീരുമാനമെടുക്കുന്ന വേദികളിലും നിയമനിര്‍മാണ സഭകളിലും സ്ത്രീകളുടെകൂടി പങ്കാളിത്തമുണ്ടെങ്കിലേ സ്ത്രീപ്രശ്‌നങ്ങള്‍ ഭരണതലങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുകയുള്ളൂ.

womens-day-3

ജീര്‍ണിച്ച ഫ്യൂഡല്‍ സ്ത്രീവിരുദ്ധ ആശയങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ സംഘപരിവാര്‍ ശക്തികള്‍ നടത്തുന്ന ഇടപെടലുകള്‍ ഭീതിദമായ അവസ്ഥ സൃഷ്ടിക്കുകയാണ് ശാസ്ത്രബോധവും യുക്തിചിന്തയുമെല്ലാം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ഇടപെടലുകള്‍ ഭരണനേതൃത്വത്തില്‍നിന്നുപോലും ഉണ്ടാകുന്നു. വിദ്യാസമ്പന്നമായ കേരളത്തില്‍ ഉള്‍പ്പെടെ അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും സ്ത്രീമനസ്സുകളെ വലിച്ചുകൊണ്ടുപോകുകയാണ്. സാക്ഷരസുന്ദരമായ കേരളത്തില്‍ ദുര്‍മന്ത്രവാദിനികള്‍ വിലസിനടക്കുന്നുവെന്നതും അവരുടെ മുമ്പില്‍ ക്യൂവില്‍ നില്‍ക്കാന്‍ തയ്യാറായി സ്ത്രീകള്‍ എത്തുന്നുവെന്നതും അപമാനകരമായ കാഴ്ചകളാകുകയാണ്.

അന്തസ്സോടെ ആത്മാഭിമാനത്തോടെ പിറന്ന മണ്ണില്‍ ജീവിക്കാന്‍ ഓരോ സ്ത്രീക്കും അവകാശമുണ്ട് എന്നതാണ് സാര്‍വദേശീയ മഹിളാദിനത്തില്‍ ഇന്ത്യയിലാകെയുള്ള സ്ത്രീകള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. അന്തസ്സുറ്റ ജീവിതം സ്ത്രീകള്‍ക്ക് ഉറപ്പുവരുത്താന്‍ കഴിയണമെങ്കില്‍ സമൂഹം ജാഗ്രതപുലര്‍ത്തിയേ മതിയാകൂ. കേരളത്തില്‍ ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ സ്ത്രീസുരക്ഷയ്ക്കായി കൂടുതല്‍ പൊലീസ് സേനയെ നിയുക്തമാക്കാനും പിങ്ക് പൊലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും തയ്യാറാകേണ്ടതുണ്ട്. പൊലീസ് സേനയില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്താനും പൊലീസ് സേനയ്ക്ക് ആത്മവിശ്വാസം ഉണ്ടാക്കിക്കൊടുക്കാനും ജനകീയ ഇടപെടല്‍ വേണ്ടതുണ്ട്. നാട്ടിന്‍പുറങ്ങളില്‍ റസിഡന്‍സ് അസോസിയേഷന്‍ കുടംബശ്രീ തൊഴിലുറപ്പ് തൊഴിലാളികള്‍ എല്ലാം ചേര്‍ന്നുകൊണ്ടുള്ള പ്രതിരോധകൂട്ടായ്മകള്‍ ശക്തമാക്കേണ്ടതുണ്ട്.

സ്ത്രീകളുടെ അന്തസ്സുറ്റ ജീവിതം ഉറപ്പുവരുത്തുക എന്നത് കേവലം സ്ത്രീകളുടെയോ സംഘടനകളുടെയോ ചുമതലയല്ല. പൊതുസമൂഹത്തിന്റെ വീക്ഷണഗതിയില്‍ മാറ്റമുണ്ടാക്കിയെടുക്കാനുള്ള കൂട്ടായ ഇടപെടലുകള്‍ ശക്തിപ്പെടേണ്ടതുമാണ്. സഹജീവികളായി സ്ത്രീകളെ കാണാനുള്ള മാനസികാവസ്ഥ പൊതു സമൂഹത്തിനാകെ ഉണ്ടാക്കിയെടുക്കാന്‍ സ്ത്രീയും പുരുഷനും സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹ്യാന്തരീക്ഷം ഉയര്‍ന്നുവരണം. ഈ സാര്‍വദേശീയ മഹിളാദിനം ഓരോ സ്ത്രീക്കും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നതിനുള്ള തുടക്കമാകട്ടെ.

സ്ത്രീകളുടെ അവകാശസംരക്ഷണത്തില്‍ ഇന്ത്യയില്‍ തൊഴിലുള്ളവരും അല്ലാത്തവരുമായ സ്ത്രീകളുടെ സംയുക്തവേദികള്‍ രൂപീകരിച്ചു. AIDWA, AIWWCC, AISGEF, CCGEW, AIIEA, BEFI, FMRAI, BSNLEU എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ സാര്‍വദേശീയ മഹിളാദിനാചരണത്തിന് തുടക്കംകുറിക്കുകയാണ്. മാര്‍ച്ച് ഒമ്പത് മുതല്‍ ഏപ്രില്‍ 30 വരെ രാജ്യവ്യാപക ക്യാമ്പയിന്‍ സംഘടിപ്പിക്കും.

(ദേശാഭിമാനി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here