ജസ്റ്റിസ് കെടി തോമസ് നിയമ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍; വൈസ് ചെയര്‍മാന്‍ അടക്കം നാല് മറ്റംഗങ്ങളെയും നിയമിച്ചു; തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത്

തിരുവനന്തപുരം : ജസ്റ്റിസ് കെടി തോമസ് അധ്യക്ഷനായി കേരള നിയമ പരിഷ്‌കാര കമ്മിഷന്‍ രൂപീകരിച്ചു. കെ ശശിധരന്‍ നായരാണ് വൈസ് ചെയര്‍മാന്‍. ഡോ. എന്‍കെ ജയകുമാര്‍, അഡ്വ. എംകെ ദാമോദരന്‍, ലിസമ്മ എന്നിവരാണ് മറ്റ് അംഗങ്ങള്‍. നിയമ പരിഷ്‌കരണം സംബന്ധിച്ച് സമഗ്ര പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിയമ പരിഷ്‌കരണ കമ്മിഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

കേരളത്തില്‍ നിലവിലുള്ള നിയമങ്ങള്‍ പരിശോധിച്ച് കാലോചിതമായ മാറ്റങ്ങള്‍ വരുത്തുക എന്നതാണ് നിയമ പരിഷ്‌കരണ കമ്മിഷന്റെ പ്രധാന ചുമതല. കാലഹരണപ്പെട്ട നിയമങ്ങള്‍ ഏതൊക്കെ എന്ന് കണ്ടെത്തി ഒഴിവാക്കും. വ്യത്യസ്ത മേഖലകളില്‍ രൂപീകരിക്കേണ്ട പുതിയ നിയമങ്ങളെ സംബന്ധിച്ചും കമ്മിഷന്‍ പഠനം നടത്തും.

മന്ത്രിസഭായോഗത്തിന്റെ മറ്റ് പ്രധാന തീരുമാനങ്ങള്‍

നിര്‍ത്തലാക്കാന്‍ തീരുമാനിച്ച വികസന അതോറിറ്റികളില്‍ നിന്നും ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയെ ഒഴിവാക്കും.

കളമശ്ശേരി നേഴ്‌സിംഗ് സ്‌കൂള്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അധികാരത്തിന്‍ കീഴിലുള്ള ഗവണ്‍മെന്റ് നേഴ്‌സിംഗ് കോളേജുമായി സംയോജിപ്പിക്കും. സംയോജനത്തിന് ശേഷം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഒമ്പത് ട്യൂട്ടര്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും തീരുമാനിച്ചു.

കോട്ടക്കല്‍ വൈദ്യരത്‌നം പിഎസ് വാര്യര്‍ ആയുര്‍വേദ കോളേജിലെ റദ്ദാക്കിയ മാനേജ്‌മെന്റ് കോട്ടയിലെ രണ്ട് പിജി സീറ്റുകള്‍ വരുന്ന അദ്ധ്യയന വര്‍ഷം മുതല്‍ പുനഃസ്ഥാപിക്കും.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ആരംഭിച്ച മഞ്ചേരി, മാനന്തവാടി ഗവണ്‍മെന്റ് പോളിടെക്‌നിക്കുകളില്‍ പ്രിന്‍സിപ്പല്‍, സീനിയര്‍ സൂപ്രണ്ട്, ക്ലര്‍ക്ക്, എന്നീ തസ്തികകള്‍ സൃഷ്ടിക്കും. അദ്ധ്യാപക വിഭാഗത്തില്‍ ഓരോ ബ്രാഞ്ചിനും ഒന്നു വീതം ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് തസ്തിക സൃഷ്ടിക്കുന്നതിനും അനുമതി നല്‍കി.

കെപി ജബ്ബാറിന് കൊല്ലം ജില്ല ഗവണ്‍മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ അധിക ചുമതല നല്‍കി.

ഐഎംജിയിലെ അദ്ധ്യാപകേതര ജീവനക്കാര്‍ക്ക് 2014 ജൂലൈ ഒന്ന് മുതല്‍ ശമ്പളവും 2016 ഫെബ്രുവരി ഒന്ന് മുതല്‍ അലവന്‍സുകളും പരിഷ്‌ക്കരിക്കുന്നതിന് അനുമതി നല്‍കി.

കേരള ക്ലേയ്‌സ് ആന്റ് സിറാമിക് പ്രോഡക്‌സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കല്യാശ്ശേരി അംശദേശത്തെ 60 സെന്റ് സ്ഥലം കണ്ണൂര്‍ യുണിവേഴ്‌സിറ്റിക്ക് സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുന്നതിന് കൈമാറാന്‍ തീരുമാനിച്ചു.

കേരള ലോകായുക്ത / ഉപലോകായുക്ത എന്നിവരുടെ പങ്കാളിക്ക് കുടുംബ പെന്‍ഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചു. പേരാമ്പ്ര സികെജിഎം ഗവണ്‍മെന്റ് കോളേജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ അദ്ധ്യാപക തസ്തിക സൃഷ്ടിച്ചു.

കേരള വാട്ടര്‍ അതോറിറ്റിയില്‍ നിന്നും വിരമിച്ചവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ 2014 ജൂലൈ ഒന്ന് മുതല്‍ പരിഷ്‌കരിച്ചു. പെന്‍ഷന്‍ പരിഷ്‌കരണത്തിന് വേണ്ടിവരുന്ന അധിക സാമ്പത്തിക ബാധ്യത ജന അതോറിറ്റി തനത് ഫണ്ടില്‍ നിന്നും വഹിക്കും. കുറഞ്ഞ പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ 8500 രൂപയായിരിക്കും.

സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, മന്ത്രിമാര്‍ എന്നിവര്‍ ഒഴികെയുളള നിയമസഭാ സമാജികരുടെ വാഹന വായ്പ, ഭവന നിര്‍മ്മാണ വായ്പ എന്നിവയും നിയമസഭാ സമാജികരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിതരാവുന്ന രണ്ട് ജീവനക്കാരുടെ സ്റ്റാഫ് അലവന്‍സ് എന്നിവയും വ്യവസ്ഥകള്‍ക്കു വിധേയമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. വാഹന വായ്പ അഞ്ചുലക്ഷം രൂപയില്‍നിന്ന് പത്തുലക്ഷം രൂപയായും ഭവനനിര്‍മ്മാണ വായ്പ പത്തുലക്ഷം രൂപയില്‍നിന്ന് ഇരുപതു ലക്ഷം രൂപയായുമാണ് വര്‍ദ്ധിപ്പിച്ചത്. സ്റ്റാഫ് അലവന്‍സ് 12,500/ രൂപയില്‍നിന്ന് 20,000/ രൂപയായും വര്‍ദ്ധിപ്പിച്ചു.

സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്‌സ് ലിമിറ്റഡിലെ തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ 2013 മാര്‍ച്ച് ഒന്നുമുതല്‍ 5 വര്‍ഷത്തേക്ക്, ഗഡുക്കളായും ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ചും ബോര്‍ഡിന്റെ അംഗീകാരത്തോടെ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News