യാത്ര പോകാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. യാത്രയെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. യാത്ര വിദേശത്തേക്കായാലോ. അതും അധികം ചെലവില്ലാത്ത രാജ്യങ്ങളിലേക്കുള്ള യാത്ര. ഇന്ത്യന്‍ രൂപയെക്കാള്‍ മൂല്യം കുറഞ്ഞ കറന്‍സിയുള്ള രാജ്യങ്ങളിലേക്ക് യാത്ര പോകാം. പണച്ചെലവില്ലാതെ അടിച്ചുപൊളിക്കാം. ഇന്ത്യന്‍ രൂപയ്ക്ക് മൂല്യമുള്ള ചില രാജ്യങ്ങള്‍ ഇതാ.

ഐസ്‌ലന്‍ഡ്

ദ്വീപ് രാഷ്ട്രമാണ് ഐസ് ലന്‍ഡ്. ലോകത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്ന്. നീല ലഗൂണുകളും വെള്ളച്ചാട്ടങ്ങളും മഞ്ഞുപാളികളും കരിമണല്‍ നിറഞ്ഞ കടല്‍ത്തീരങ്ങളും പ്രകൃതിയുടെ മനോഹാരിത വ്യക്തമാക്കുന്നു. ‘വടക്കന്‍ വെളിച്ചങ്ങള്‍’ അഥവാ നോര്‍തേണ്‍ ലൈറ്റ്‌സ് എന്ന മനോഹര പ്രതിഭാസമാണ് ഐസ്‌ലന്‍ഡിന്റെ പ്രധാന ആകര്‍ഷണം. 1.72 ഐസ് ലാന്‍ഡിക് ക്രോണയാണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം.

Iceland

ഐസ് ലാന്‍ഡില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നത് കാണുന്ന സഞ്ചാരികള്‍ (എഎഫ്പി ചിത്രം)

ഹംഗറി

നേപാള്‍ പോലെ ചുറ്റും കരയാല്‍ വലയം ചെയ്യപ്പെട്ട മറ്റൊരു രാജ്യമാണ് ഹംഗറി. ഹംഗേറിയന്‍ വാസ്തുകല ലോക പ്രശസ്തമാണ്. റോമന്‍ – തുര്‍കിഷ് സംസ്‌കാരങ്ങളുടെ സ്വാധീനം ഹംഗറിയ്ക്കുണ്ട്. ഹംഗറിയിലെ കോട്ടകളും പാര്‍ക്കുകളും ആണ് പ്രദാന ആകര്‍ഷണം. ലോകത്തിലെ ഏറ്റവും കാല്പനികമായ നഗരങ്ങളില്‍ ഒന്നാണ് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ്. 4.10 ഹംഗേറിയന്‍ ഫോറിന്റ് ആണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം.

Hungary

ബുഡാപെസ്റ്റിലെ ബലട്ടണ്‍ തടാകം (ഹംഗറി ടൂറിസം ചിത്രം)

ജപ്പാന്‍

ജപ്പാന്‍ കറന്‍സിയുടെ മൂല്യം ഇന്ത്യന്‍ രൂപയെക്കാള്‍ താഴെയാണോ എന്ന് ആലോചിച്ച് തല പുകയ്‌ക്കേണ്ട. സംഗതി സത്യമാണ്. ലോകത്ത് സാങ്കേതിക വിദ്യയില്‍ ഏറ്റവും മുന്നിലുള്ള രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം ഇന്ത്യന്‍ രൂപയെക്കാള്‍ കുറവാണ്. ജാപ്പനീസ് സംസ്‌കാരം ആരെയും ആകര്‍ഷിക്കുന്നതാണ്. ദേവാലയങ്ങളും ദേശീയോദ്യാനങ്ങളും അംബര ചുംബികളും വിനോദ സഞ്ചാരികള്‍ക്ക് സന്തോഷം പകരും. ചെറി പൂക്കളാണ് ഇവിടുത്തെ മറ്റൊരു പ്രധാന കാഴ്ച. 1.65 ജാപ്പനീസ് യെന്‍ ആണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം.

Japan-Mount-Fiji

ജപ്പാനിലെ മൗണ്ട് ഫിജി (ഫയല്‍ ചിത്രം)

ശ്രീലങ്ക

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നാണ് ചൊല്ല്. അയല്‍രാജ്യമായ ശ്രീലങ്കയെ ഒരു വിനോദസഞ്ചാര കേന്ദ്രമായി കാണുന്നുമില്ല. എന്നാല്‍ കടല്‍ത്തീരങ്ങളും മലകളും പച്ചപ്പും ചരിത്രസ്മാരകങ്ങളും എല്ലാം നിറഞ്ഞ ഇടം. അടുത്ത സമയത്ത് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അവധിക്കാല വിനോദസഞ്ചാരകേന്ദ്രമായി ശ്രീലങ്ക മാറി. ഇന്ത്യയ്ക്ക് അടുത്ത രാജ്യവും ദൂരക്കുറവും ചെലവുകുറഞ്ഞ വിമാനയാത്രയും ആകുമ്പോള്‍ ആഘോഷം ഒരു അധികച്ചെലവല്ല. 2.20 ശ്രീലങ്കന്‍ രൂപയാണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം.

Srilanka

ധാംബുള്ളയിലെ പുരാതനമായ സിഗിരിയ

ഇന്തോനേഷ്യ

ദ്വീപുകളുടെ നാടാണ് ഇന്തോനേഷ്യ. തെളിഞ്ഞ നീലക്കടലും ഉഷ്ണമേഖലയിലെ ഹൃദ്യമായ കാലാവസ്ഥയും ആരുടെയും മനസ്സ് കവരും. ഇന്ത്യക്കാര്‍ക്ക് ‘ഫ്രീ വിസ ഓണ്‍ അറൈവല്‍ ‘ ലഭിക്കും. അധികം പണച്ചെലവില്ലാതെ യാത്ര ആസ്വദിക്കാമെന്നര്‍ത്ഥം. ഇവിടുത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രം ബാലിയാണ്. 98.88 ഇന്തോനേഷ്യന്‍ റുപയ്യയാണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം.

Indonasia

ചെറുദ്വീപുകളുടെ നാടായ ഇന്തോനേഷ്യ

വിയറ്റ്‌നാം

ആകര്‍ഷകവും വ്യത്യസ്തവുമായ സംസ്‌കാരം ഉള്‍ക്കൊള്ളുന്ന രാജ്യമാണ് വിയറ്റ്‌നാം. ബുദ്ധിസ്റ്റ് പഗോഡകളും വിഭവസമൃദ്ധമായ ഭക്ഷണ രീതിയും ആരെയും ആകര്‍ഷിക്കും. സാഹസിക വിനോദമായ കയാക്കിംഗിന് പറ്റിയതാണ് വിയറ്റ്‌നാമിലെ നദികള്‍. യുദ്ധ മ്യുസിയങ്ങളും ഫ്രഞ്ച് കൊളോണിയല്‍ വാസ്തുവിദ്യയും ആണ് ഇവിടുത്തെ മറ്റു പ്രധാന ആകര്‍ഷണീയത. 334.27 വിയറ്റ്‌നാമീസ് ദോംഗ് ആണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം.

Vietnam-1

വിയറ്റ്നാമില്‍ കയാക്കിംഗ് ആസ്വദിക്കുന്ന സഞ്ചാരികള്‍

കംബോഡിയ

ലോകത്തിലെ ഏറ്റവും വലിയ ശിലാനിര്‍മ്മിത ക്ഷേത്രമായ ആങ്കര്‍ വാട്ട് കംബോഡിയയിലാണ് സ്ഥിതി ചെയ്യുന്നത്. രാജകൊട്ടാരം, ദേശീയ മ്യുസിയം, പൗരാണിക അവശിഷ്ടങ്ങള്‍ മുതലായവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. പാശ്ചാത്യര്‍ക്കിടയിലും കംബോഡിയ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമാണ്. 61.28 കമ്പോഡിയന്‍ റിയെല്‍ ആണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം.

Cambodia

കംബോഡിയയിലെ ആങ്കര്‍ വാട്ട് ശിലാക്ഷേത്രം

നേപ്പാള്‍

ഷെര്‍പകളുടെയും പര്‍വ്വതങ്ങളുടെയും നാടാണ് നേപ്പാള്‍. എവറസ്റ്റ് അടക്കം ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ 7 പര്‍വ്വതങ്ങള്‍ നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നത്. പര്‍വതാരോഹകര്‍ ലോകമെമ്പാടും നിന്ന് ഇവിടെയ്ക്ക് എത്തുന്നു. ഇന്ത്യാക്കാര്‍ക്ക് നേപ്പാളിലേക്ക് വിസ ആവശ്യമില്ല. നേപ്പാളില്‍ വരാന്‍ വിസയും ആവശ്യമില്ല. 1.60 നേപ്പാളി രൂപയാണ് ഒരു ഇന്ത്യന്‍ രൂപയുടെ മൂല്യം.

Nepal

നേപ്പാളിലെ ഹിമാലയന്‍ താ‍ഴ്വരകളില്‍ സ്കീയിംഗ് ആസ്വദിക്കുന്ന വിനോദയാത്രികര്‍