പൊലീസ് സ്റ്റേഷന്‍ മാത്രമല്ല, ആകാശ നിയന്ത്രണവും ഏറ്റെടുത്ത് വനിതകള്‍

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പൊലീസ് സ്റ്റേഷന്‍ മാത്രമല്ല, ആകാശ നിയന്ത്രണവും ഏറ്റെടുത്ത് വനിതകള്‍. വനിതാ ജീവനക്കാരെ മാത്രം നിയോഗിച്ച ഒമ്പതു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് ബുധനാഴ്ച സര്‍വീസ് നടത്തിയത്.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, മുംബൈ, ദില്ലി, ദുബായ്, ഷാര്‍ജ, ദമാം എന്നിവിടങ്ങളില്‍നിന്നുള്ള സര്‍വീസുകളാണ് വനിതകള്‍ കൈകാര്യം ചെയ്തത്. പൈലറ്റ്, കാബിന്‍ ക്രൂ എന്നിവര്‍ക്കു പുറമെ അതതു വിമാനത്താവളങ്ങളിലെ എന്‍ജിനിയറിംഗ് ജോലികളും അറ്റകുറ്റപ്പണി, അനുബന്ധജോലികള്‍ എന്നിവയും വനിതാ ജീവനക്കാര്‍ തന്നെ നിര്‍വഹിച്ചു.

ദമാം-കോഴിക്കോട്, ചെന്നൈ-സിംഗപ്പൂര്‍-തിരുച്ചിറപ്പള്ളി, മുംബൈ-ദുബായ്, ദുബായ്-മുംബൈ, തിരുവനന്തപുരം-അബുദാബി-തിരുവനന്തപുരം, കോഴിക്കോട്-ഷാര്‍ജ, ഷാര്‍ജ-കോഴിക്കോട്, കൊച്ചി-അബുദാബി, ദില്ലി-ദുബായ് റൂട്ടുകളിലെ വിമാനങ്ങളാണ് വനിതാ ജീവനക്കാര്‍ പ്രവര്‍ത്തിപ്പിച്ചത്.

ക്യാപ്റ്റന്‍ ടാനിയ ആനന്ദ്, മാര്‍ട്ടിന, കവിത രാജ്കുമാര്‍, നാന്‍സി നയ്യാര്‍, ജി കെ സിന്ധു, സലോണി റാവല്‍, കനക് ചതുര്‍വേദി, സൃഷ്ടി സിംഗ്, ആമി സാങ്ഘ്വി, മസൂദ്, ബിന്ദു സെബാസ്റ്റ്യന്‍, കാഞ്ചന്‍ ടെലംഗ്, സാക്ഷി കുമാര്‍, കോമള്‍ ഭാരതി എന്നീ 14 വനിതാ പൈലറ്റുമാരും 34 വനിതാ കാബിന്‍ ക്രൂ ജീവനക്കാരുമാണ് ചരിത്രത്തില്‍ ഇടം നേടിയത്.

ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബജറ്റ് കാരിയറായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വനിതകള്‍ക്കും തുല്യ അവസരം ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനമാണ്. ജീവനക്കാരില്‍ 40 ശതമാനം വനിതകളാണ്. എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ 535 സര്‍വീസുകളാണ് നടത്തുന്നത്. 15 ഇന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്നു. 14 അന്താരാഷ്ട്ര സര്‍വീസുകളും നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News