കുഞ്ഞുങ്ങളിലും കാമം കാണുന്നവര്‍

കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികപീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും നാം കേള്‍ക്കുന്നത്. കേരളത്തിലുള്‍പ്പെടെ ഇത്തരം പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഒരു സംഭവം ഉണ്ടാകുമ്പോള്‍ വൈകാരികമായി പൊട്ടിത്തെറിക്കുന്ന നമ്മുടെ സമൂഹം അതിന്റെ യഥാര്‍ഥ കാരണങ്ങളിലേക്ക് കടന്നുചെല്ലുന്നില്ല. മറ്റൊരു ബ്രേക്കിങ് ന്യൂസ് വരുന്നതോടെ മാധ്യമങ്ങളിലെ കോലാഹലവും അവസാനിക്കും. അപ്പോഴും ഇത്തരം ലൈംഗികവൈകൃതങ്ങള്‍ സമൂഹത്തിനാകെ ഭീഷണിയായി നിലനില്‍ക്കുകതന്നെ ചെയ്യും. കുട്ടികളുള്‍പ്പെടെ അരക്ഷിതരായി മാറാനിടയാകുന്ന സാമൂഹിക സാഹചര്യം എന്താണെന്ന പരിശോധനയാണ് നാം നടത്തേണ്ടത്. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, ആരോഗ്യ, മാനസിക പ്രശ്‌നങ്ങള്‍ ഇതിനു പിന്നിലുണ്ട്. ഒറ്റമൂലിയിലൂടെ പരിഹരിക്കാവുന്ന വിഷയമല്ലിത്. ചികിത്സ വേണ്ടത് സമൂഹത്തിനാകെയാണ്.

അടുത്തകാലത്ത് കേരളത്തില്‍ നടന്ന പീഡനങ്ങളില്‍ ഇരയായത് ഏറെയും നാലു വയസ്സിനു താഴെയുള്ള കുട്ടികളാണ്. പ്രായത്തെപ്പോലും പരിഗണിക്കാതെയുള്ള അതി ക്രൂരപീഡനങ്ങളാണ് ഇവയെല്ലാം. എന്നാല്‍, പുറത്തുവരുന്ന സംഭവങ്ങള്‍ ഹിമപാളിയുടെ മുകള്‍ത്തട്ടുമാത്രമാണ്. അക്രമം നടത്തുന്നവര്‍മാത്രമാണ് പിടിക്കപ്പെടുന്നത്. എന്നാല്‍, ഇവരില്‍മാത്രം ഒതുങ്ങുന്നതല്ല വിപത്ത്. സുരക്ഷിതമെന്ന് നാം കരുതുന്ന വീടിന്റെ അകത്തളങ്ങളില്‍പ്പോലും പെണ്‍കുട്ടികള്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നു. അമ്മാവനോ ചെറിയച്ഛനോ സ്വന്തം അച്ഛനോവരെ പീഡിപ്പിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. കുടുംബത്തിന്റെ അന്തസ്സ്, പേടി, സാമ്പത്തികം തുടങ്ങിയ വിവിധ കാരണങ്ങള്‍കൊണ്ട് പലരും പീഡനകഥ പുറമെ പറയാന്‍ തയ്യാറാകുന്നില്ല. അഗതിമന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, ശിശുസംരക്ഷണകേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും പീഡനങ്ങള്‍ നടക്കുന്നുവെന്നത് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു. പലപ്പോഴും ഇതെല്ലാം പുറംലോകമറിയാതെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുകയാണ്്.

  • സൈബര്‍ സെക്‌സ്

ലൈംഗികവൈകൃതങ്ങള്‍ സമൂഹത്തിലേക്ക് ഒരു രോഗമായി പടരുന്നതിന് നിരവധി കാരണങ്ങളുണ്ട്. ആധുനികകാലഘട്ടത്തില്‍ ഇവയില്‍ പ്രധാനപങ്ക് വഹിക്കുന്നത് സൈബര്‍ സെക്‌സിന്റെ അതിപ്രസരമാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ലൈംഗിക വീഡിയോകളുടെയും ചിത്രങ്ങളുടെയും മറ്റും കൈമാറ്റം ഇവയില്‍ പ്രധാനമാണ്. ഇത്തരം കൈമാറ്റങ്ങള്‍ക്കായി പ്രത്യേകം ഗ്രൂപ്പുകള്‍ വ്യാപകമാണ്. ഓഫീസുകള്‍ കേന്ദ്രീകരിച്ചും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുമെല്ലാം ഗ്രൂപ്പുകളുണ്ട്. പുരുഷന്മാര്‍മാത്രവും സ്ത്രീകള്‍മാത്രവും പുരുഷന്മാരും സ്ത്രീകളും ചേര്‍ന്നുള്ളതുമായ ഇത്തരം ഗ്രൂപ്പുകള്‍ ഇന്ന് സര്‍വസാധാരണം. ലൈംഗികവൈകൃതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നിരവധി വെബ്‌സൈറ്റുകളും ലഭ്യമാണ്. പീഡോഫീലിയ (കുട്ടികളോടുള്ള ലൈംഗിക ആസക്തി), ജെറെണ്ടോഫീലിയ (മുതിര്‍ന്ന സ്ത്രീകളോടുള്ള ആസക്തി), ഇന്‍സെസ്റ്റ് (അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള ലൈംഗിക ബന്ധം), പ്രകൃതിവിരുദ്ധ ലൈംഗികത തുടങ്ങിയ വൈകൃതങ്ങളാണ് വീഡിയോയായും ചിത്രങ്ങളായും വെബ്‌സൈറ്റുകളിലുള്ളത്. സെക്‌സ് ഗെയിമുകളും ഇന്ന് വ്യാപകമാകുന്നുണ്ട്. അതില്‍ ഒരു ഗെയിം ഇങ്ങനെയാണ്. ഒരു പാര്‍ക്കില്‍ മകളോടൊപ്പം നില്‍ക്കുന്ന അമ്മയാണ് സ്‌ക്രീനില്‍. പാര്‍ക്കില്‍ കടന്നുചെന്ന് ഇവരെ ആദ്യം ബലാത്സംഗം ചെയ്യുന്നവര്‍ വിജയിക്കുന്നതാണ് കളി. പണം നല്‍കി പെണ്‍കുട്ടികളുമായി വീഡിയോചാറ്റിലൂടെ തത്സമയം സെക്‌സ് ആസ്വദിക്കാനുള്ള സൌകര്യവും ഇന്നുണ്ട്.

അഞ്ചാംക്ലാസില്‍ പഠിക്കുന്ന സ്‌കൂള്‍വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ഇത്തരം സൈബര്‍ ഇടങ്ങളില്‍ അനായാസം കടന്നുചെല്ലുന്നുണ്ട്. ഇവരില്‍ ഒരു വിഭാഗം ലൈംഗികവൈകൃതങ്ങളുടെ ഒരു സാങ്കല്‍പ്പികലോകം സ്വയം സൃഷ്ടിച്ചെടുക്കുകയും അതില്‍ അഭിരമിക്കുകയുംചെയ്യുന്നു. ഇത് ഒരു വെല്ലുവിളിയാണ്്. സൈബര്‍ സെക്‌സ് നിയന്ത്രിക്കാന്‍ നിയമങ്ങളൊന്നുമില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ സാഹചര്യത്തില്‍ കുട്ടികള്‍ സൈബര്‍വലയില്‍ കുടുങ്ങാതിരിക്കാന്‍ അവരില്‍ ചില കഴിവുകള്‍ ഉണ്ടാക്കിയെടുക്കുകമാത്രമാണ് പോംവഴി. ഇന്നത്തെ വിദ്യാഭ്യാസരീതിയില്‍ ജീവിതനൈപുണ്യത്തിന് തീരെ ഇടം നല്‍കുന്നില്ല. ഇത് മാറ്റിയെടുക്കാനാകണം.

  • ലഹരി ഉപയോഗം

ലഹരിയുടെ അമിതമായ ഉപയോഗവും ലൈംഗികവൈകൃതങ്ങള്‍ക്ക് കാരണമാകാറുണ്ട്. മദ്യം, കഞ്ചാവ്, മറ്റ് ലഹരിപദാര്‍ഥങ്ങള്‍ എന്നിവയുടെ ലഹരിയില്‍ ഒരു കുറ്റബോധവുമില്ലാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ എളുപ്പം ചെയ്തുതീര്‍ക്കാന്‍ സാധിക്കുന്നു. നിര്‍ഭയകേസും വാളയാര്‍കേസുമെല്ലാം ഈ വാദത്തിന് അടിവരയിടുന്നു. സംസ്ഥാനത്ത് മദ്യത്തിനേര്‍പ്പെടുത്തിയ നിയന്ത്രണത്തോടെ കഞ്ചാവ് വ്യാപകമായതായി റിപ്പോര്‍ട്ടുണ്ട്.

  • കോര്‍പറേറ്റ് സംസ്‌കാരം

നവലിബറല്‍ കാലഘട്ടത്തില്‍ കോര്‍പറേറ്റ് സംസ്‌കാരത്തിന്റെ കടന്നുവരവ് വീടുകളില്‍ നമുക്കുണ്ടായിരുന്ന അടിസ്ഥാനബന്ധങ്ങള്‍ നഷ്ടപ്പെടുത്തി. താന്‍ ഒറ്റപ്പെട്ട ഭൂഖണ്ഡത്തില്‍ നില്‍ക്കുന്നവനാണെന്ന തോന്നലാണ് ഓരോരുത്തര്‍ക്കും. വേരുകള്‍ നഷ്ടപ്പെടുന്നു. മാനവികമായ ബന്ധങ്ങള്‍ നഷ്ടപ്പെടുത്തി ഒരു സാമ്പത്തികസംസ്‌കാരം രൂപപ്പെടുന്നു. മനുഷ്യത്വം നശിക്കുന്ന ഈ ഘട്ടത്തില്‍ സ്ത്രീശരീരത്തെ ഉപഭോഗത്തിനുള്ള വസ്തുമാത്രമായി ചുരുക്കുന്നു. അരാഷ്ട്രീയമായ തൊഴില്‍ സംസ്‌കാരത്തിന്റെ വ്യാപനത്തിനും ഈ സാഹചര്യം സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട്.

  • കുടുംബ പശ്ചാത്തലം

ശൈശവ ലൈംഗികപീഡനങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നരില്‍ ഏറെയും വരുന്നത് ആരോഗ്യപരമായ കുടുംബാന്തരീക്ഷം ഇല്ലാത്തിടത്തുനിന്നാണ്. രക്ഷിതാക്കളില്‍നിന്ന് വേണ്ടത്ര പരിഗണന കിട്ടാത്തവര്‍, വീട്ടില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ തീരെ ആശയവിനിമയം ഇല്ലാത്തവര്‍, സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ കൂടുതലായും ഇരകളാക്കപ്പെടുന്നുണ്ട്. ഇവരുടെ കുടുംബസാഹചര്യം മുതലെടുത്ത് ചൂഷണംചെയ്യുന്നവരുണ്ട്. ഇത്തരം കുടുംബസാഹചര്യത്തില്‍നിന്ന് വരുന്നവര്‍ക്ക് സമൂഹത്തില്‍നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാതെ പോകുന്നത് ചൂഷണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ഡിസോര്‍ഡറുള്ള കുട്ടികള്‍ അപകടങ്ങളില്‍ചെന്ന് ചാടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്തിലും പോയി എടുത്തുചാടുന്ന പ്രകൃതക്കാരായിരിക്കും ഇവര്‍. രണ്ടാമതൊരു ചിന്ത ഉണ്ടാകില്ല. ഒരു ചോക്കലേറ്റ് വാങ്ങി നല്‍കാമെന്നു പറഞ്ഞാല്‍പോലും ഇവര്‍ ചിലപ്പോള്‍ അവരോടൊപ്പം പോകാനിടയുണ്ട്. ഇത്തരം കുട്ടികള്‍ക്ക് പ്രത്യേകം ശ്രദ്ധ അനിവാര്യമാണ്.

  • കപടസദാചാരം

കപടസദാചാരത്തിന്റെ പേരില്‍ ലൈംഗികതയെത്തന്നെ അടക്കിവയ്ക്കുന്ന സ്വഭാവമാണ് നമ്മുടെ സമൂഹത്തിനുള്ളത്. ലൈംഗികത പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ട ഒന്നല്ലെന്ന് ഇവര്‍ പറയുന്നു. ഈ പൊതുബോധമാണ് നമ്മെ കാലങ്ങളായി നയിക്കുന്നത്. ഇതോടെ, ലൈംഗികത സംബന്ധിച്ച് തുറന്ന ചര്‍ച്ചയ്ക്ക് നല്ല ഒരു ഭാഷപോലും നമുക്ക് ഇല്ലാതായി. സ്ത്രീയും പുരുഷനും ഒന്നിച്ചിരുന്നാല്‍ അവരെ ആക്രമിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. എന്നാല്‍, അവസരം ലഭിച്ചാല്‍ ഈ കപടസദാചാരവാദികള്‍തന്നെ ലൈംഗികവൈകൃതങ്ങളില്‍ ഏര്‍പ്പെടുന്നതും കാണാം. ലൈംഗികത സംബന്ധിച്ച് ശരിയായ വിദ്യാഭ്യാസം പരിഷ്‌കൃതസമൂഹത്തിന് അനിവാര്യമാണ്.

  • സാമൂഹ്യ പ്രത്യാഘാതം

ലൈംഗികപീഡനത്തിന് വിധേയരാകുന്ന കുട്ടികള്‍ക്ക് രണ്ടുതരത്തിലുള്ള ആഘാതമാണ് ഉണ്ടാകുക. ഉടനടിയുണ്ടാകുന്നതും ദീര്‍ഘകാലത്തില്‍ കാണപ്പെടുന്നതും. തീവ്രമായ വിഷാദം, അമിതമായ ഭയം തുടങ്ങിയവ ഉടനടിതന്നെ പ്രകടമാകും. സെക്‌സിനോടുള്ള ഭീതി (റേപ് സിന്‍ഡ്രോം), പ്രേതബാധ രോഗം (പൊസഷന്‍ സിന്‍ഡ്രോം), പഠനത്തില്‍ പിന്നോട്ടുപോക്ക് തുടങ്ങിയ അവസ്ഥയിലേക്കും കുട്ടികളെ എത്തിക്കും. ഇത്തരം കുട്ടികളില്‍ ചുരുക്കം ചിലര്‍ അമിതമായ ലൈംഗികതാല്‍പ്പര്യം പ്രകടിപ്പിക്കുന്നതായും പഠനങ്ങളുണ്ട്. തന്റെ ശരീരം ചീത്തയായെന്ന ധാരണയില്‍ സ്വയം എത്തുകയും ശരീരത്തെ സ്വയം പീഡിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഉറക്കഗുളിക, മറ്റ് മനോരോഗങ്ങള്‍ക്കുള്ള ഗുളികകള്‍ എന്നിവ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരക്കാര്‍ ഉപയോഗിക്കുന്നതും സാധാരണമാണ്. ഇത്തരക്കാരില്‍ ചിലര്‍ക്ക് ദാമ്പത്യജീവിതത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ അമിതമായ വേദന അനുഭവപ്പെടാറുണ്ട്. ഇങ്ങനെ ചെറുപ്പകാലത്തുണ്ടായ ഒരു തിക്താനുഭവം അവരുടെ ജീവിതകാലംമുഴുവന്‍ വേട്ടയാടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു.

  • എന്ത് ചെയ്യാം?

നിയമങ്ങള്‍ ശക്തിപ്പെടുത്തുക, പൊലീസ് ഉള്‍പ്പെടെ ജാഗ്രത പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രസക്തമാണ്; അനിവാര്യവുമാണ്. എന്നാല്‍, ഇതിനപ്പുറം സാമൂഹികമായമാറ്റം ഉണ്ടാകേണ്ടതുണ്ട്. ലൈംഗിക ആരോഗ്യസാക്ഷരത ശക്തിപ്പെടുത്തണം. സമൂഹത്തിലെ സ്ത്രീപുരുഷ ബന്ധത്തിലെ പുരുഷകേന്ദ്രീകൃതരീതിയില്‍ കാര്യമായ പൊളിച്ചെഴുത്ത് വേണം. കപടസദാചാരത്തെ മാറ്റിനിര്‍ത്തണം.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, സ്‌കൂള്‍തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ് നല്‍കുക, ജീവിതനൈപുണ്യപരിശീലനം സാര്‍വത്രികമായ പഠനക്രമമായി കൊണ്ടുവരിക, കൌമാരകാലയളവില്‍ സൈബര്‍ സെക്‌സുപോലുള്ള വലകളില്‍ കുടുങ്ങാതിരിക്കാന്‍ കുട്ടികളെ വായനശാലാ പ്രസ്ഥാനങ്ങളിലേക്കും മറ്റും തിരിച്ചുവിടുക, സാമൂഹിക പുനര്‍നിര്‍മാണത്തില്‍ ഇവരെക്കൂടി പങ്കാളിയാക്കുക ഇതുവഴി സാങ്കല്‍പ്പികലോകത്തുനിന്ന് കിട്ടുന്നതിനേക്കാള്‍ ഏറെ സന്തോഷം അവര്‍ക്ക് നല്‍കാന്‍ കഴിയും. എന്തെങ്കിലും ഒരു സംഭവം ഉണ്ടാകുമ്പോള്‍ വിലപിക്കുകമാത്രംചെയ്യാതെ ഈ വിപത്തിനെതിരെ യോജിച്ച മുന്നേറ്റമാണ് ഉണ്ടാകേണ്ടത്

(ഡോ. കെ ഗിരീഷ്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പ്രസിഡന്റ്)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News