നരേന്ദ്ര മോദി കേരളത്തെ തുടര്‍ച്ചയായി അപമാനിക്കുന്നു; സന്ദര്‍ശനാനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹം; കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയെന്നും വൈക്കം വിശ്വന്‍

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. സംസ്ഥാനത്തിന്റെ ജീവല്‍ പ്രധാനമായ ആവശ്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്നതിനാണ് സര്‍വകക്ഷി സംഘം ദില്ലിയില്‍ പോകാനിരുന്നത്. സര്‍വകക്ഷിസംഘത്തിന് സന്ദര്‍ശനാനുമതി നിഷേധിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരണമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

സര്‍വകക്ഷിസംഘം ഡല്‍ഹിക്ക് പോകാന്‍ ഒരുങ്ങുന്നതിനിടയിലാണ് കാണാന്‍ സൗകര്യമില്ലെന്ന അറിയിപ്പ് സംസ്ഥാനത്തിന് കിട്ടുന്നത്. ഇത്തവണ പ്രധാനമന്ത്രിയുടെ സൗകര്യപ്രദമായ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ലെന്നും വൈക്കം വിശ്വന്‍ കുറ്റപ്പെടുത്തി.

റേഷന്‍ നിഷേധവും കടുത്ത വരള്‍ച്ചയും മൂലം കേരളം അതിഗുരുതരമായ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. സംസ്ഥാനത്തിന്റ അര്‍ഹമായ റേഷന്‍ വിഹിതം പുന:സ്ഥാപിക്കണം. വരള്‍ച്ചാ ദുരിതാശ്വാസം ഉള്‍പ്പെടെ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച നിവേദനം സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം ദില്ലിക്ക് പോകാനിരുന്നത്.

പ്രധാനമന്ത്രിക്ക് സൗകര്യപ്രദമായ ഒരുദിവസം ലഭിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ പ്രധാനമന്ത്രിക്ക് തിരക്കാണെന്നും കൃഷിമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ കണ്ടോളൂ എന്നുമാണ് മറുപടി ലഭിച്ചത്. ഈ നടപടി സംസ്ഥാനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കണക്കാക്കാനാകൂ. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് വൈക്കം വിശ്വന്‍ പറഞ്ഞു.

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് കേരളത്തിലെ സഹകരണമേഖല ഗുരുതരമായ പ്രതിസന്ധി നേരിട്ടു. ഈ സാഹചര്യത്തിലും സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാന്‍ ഇത്തരത്തില്‍ അനുമതി ചോദിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നിഷേധിച്ചു. ധനമന്ത്രിയെ കണ്ടാല്‍ മതി എന്നായിരുന്നു അന്നത്തെ ധിക്കാരപൂര്‍വമായ മറുപടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here