യുപിയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല; ബിജെപിയുടെ ഗോവയിലും തൂക്കുസഭ; പഞ്ചാബില്‍ കോണ്‍ഗ്രസിനും ആംആദ്മിക്കും സാധ്യത; ബിജെപി – ശിരോമണി അകാലിദള്‍ സഖ്യം ഏഴു സീറ്റില്‍ ഒതുങ്ങുമെന്നും എക്‌സിറ്റ് പോള്‍

ദില്ലി : യുപിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ആരും കേവലഭൂരിപക്ഷം ലഭിക്കില്ലെന്നു എക്‌സിറ്റ്‌പോൾ ഫലങ്ങൾ. വിവിധ ദേശീയ മാധ്യമങ്ങളും ഏജൻസികളും നടത്തിയ തെരഞ്ഞെടുപ്പ് സർവേയിൽ ഉത്തർപ്രദേശിൽ ബിജെപി മുന്നേറ്റം നടത്തുമെന്നാണ് ഫലങ്ങൾ തെളിയിക്കുന്നത്. ഇന്ത്യാടുഡേ, ടൈംസ് നൗ, സിഎൻഎൻ ന്യൂസ്, എൻഡിടിവി സർവേകൾ ബിജെപി മേൽക്കൈ നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ നാലിടത്തും ബിജെപി മേൽക്കൈ നേടുമെന്നാണ് പ്രവചനം. കോൺഗ്രസിനു പഞ്ചാബിൽ മാത്രമാണ് അധികാരം ലഭിക്കുമെന്നു പ്രവചിക്കപ്പെടുന്നത്.

ടെംസ് നൗ നടത്തിയ സർവേയിൽ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും കൈകോർത്തത് ഫലം ചെയ്തില്ലെന്നാണ് തെളിയിക്കുന്നത്. യുപിയിൽ ബിജെപിക്ക് 190 മുതൽ 210 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം സമാജ്‌വാദി പാർട്ടി കോൺഗ്രസ് സഖ്യം 110 മുതൽ 130 വരെ സീറ്റുകൾ നേടും. ബിഎസ്പി 54 മുതൽ 74 വരെ സീറ്റുകൾ നേടുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു.

ഉത്തർപ്രദേശിൽ ബിജെപി മുന്നേറ്റം നേടുമെന്നു തന്നെയാണ് എൻഡിടിവി സർവേയും പറയുന്നത്. 193 സീറ്റുകൾ വരെയാണ് എൻഡിടിവി ബിജെപിക്കു പ്രവചിക്കുന്നത്. എസ്പി-കോൺഗ്രസ് സഖ്യം 120 സീറ്റുകൾ വരെ നേടും. ബിഎസ്പി 78 സീറ്റുകളും മറ്റുള്ളവർ 12 സീറ്റുകളും നേടുമെന്നും എൻഡിടിവി സർവേ പ്രവചിക്കുന്നു. ന്യൂസ് എക്‌സ്-എംആർസി എക്‌സിറ്റ് പോൾ ഫലങ്ങളും ഉത്തർപ്രദേശിൽ ബിജെപിക്ക് അനുകൂലമാണ്. ന്യൂസ് എക്‌സ് സർവേയിൽ ഉത്തർപ്രദേശിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നു പ്രവചിക്കുന്നു.

പഞ്ചാബിൽ ആം ആദ്മി പാർട്ടി ഭരിക്കുമെന്നാണ് സർവേ ഫലങ്ങൾ തെളിയിക്കുന്നത്. ടൈംസ് നൗ സർവേകളിൽ ആകെയുള്ള 117 സീറ്റുകളിൽ 63 സീറ്റും നേടി ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് പറയപ്പെടുന്നത്. 45 സീറ്റുമായി കോൺഗ്രസ് രണ്ടാം സ്ഥാനത്തും ബിജെപി ശിരോമണി അകാലിദൾ സഖ്യം 9 സീറ്റുകൾ നേടുമെന്നും പ്രവചിക്കപ്പെടുന്നു. എൻഡിടിവി-സിഎൻഎൻ സർവേകളിൽ പഞ്ചാബിൽ കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കപ്പെടുന്നത്. ഇന്ത്യാടുഡേ സർവേ പ്രകാരം ബിജെപി-ശിരോമണി അകാലിദൾ സഖ്യം പഞ്ചാബിൽ ഏഴു സീറ്റിൽ ഒതുങ്ങുമെന്നു പ്രവചിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here