ശബരിമല തീര്‍ത്ഥാടന ഒരുക്കത്തിന് സമയക്രമം; തെരഞ്ഞെടുക്കപ്പെട്ട 38 ക്ഷേത്രങ്ങളില്‍ ശബരിമല ഇടത്താവള സമുച്ചയം; വിശദമായ പദ്ധതി രേഖ ഒരുമാസത്തിനകമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടകര്‍ക്കായി സംസ്ഥാനത്തെ 38 ക്ഷേത്രങ്ങളുടെ ഭാഗമായ ഭൂമിയില്‍ ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന ദേവസ്വം ബോര്‍ഡുകളുടെ സംയുക്തയോഗത്തിന്റേതാണ് തീരുമാനം. തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍, കൂടല്‍മാണിക്യം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളിലാണ് സൗകര്യം ഒരുക്കുന്നത്.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനും പ്രാഥമികാവശ്യങ്ങള്‍ക്കും വാഹനപാര്‍ക്കിംഗിനും സൗകര്യമൊരുക്കുന്ന ഇടത്താവളങ്ങളുടെ ഭാഗമായി കഫറ്റേരിയയും, പെട്രോള്‍ പമ്പുമടക്കമുള്ള സൗകര്യങ്ങളുണ്ടാകും. ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ യോഗത്തില്‍ 50 കിലോമീറ്റര്‍ ദൂരവ്യത്യാസത്തില്‍ സൗകര്യപ്രദമായ ഇടത്താവളങ്ങള്‍ നിര്‍മ്മിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

എല്ലാ വര്‍ഷവും ശബരിമല തീര്‍ത്ഥാടന കാലം തുടങ്ങുന്നതിന് തൊട്ടുമുമ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പതിവ് അവസാനിപ്പിക്കണമെന്ന് ദേവസ്വം മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. സമയക്രമം തീരുമാനിച്ച് ഏപ്രില്‍ മാസത്തോടെ ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ ആരംഭിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുക്കപ്പെട്ട ക്ഷേത്രങ്ങളുടെ സ്ഥലത്ത് ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഒരു മാസത്തിനകം വിശദമായ പദ്ധതി രേഖ തയ്യാറാക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മാസ്റ്റര്‍പ്ലാന്‍ പ്രകാരം നടപ്പാക്കുന്ന പദ്ധതിക്ക് പുറമേയാണ് 38 ക്ഷേത്രങ്ങളിലെ ഇടത്താവള സമുച്ചയ നിര്‍മ്മാണം. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ 17 ക്ഷേത്രങ്ങളിലും, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ 7 ക്ഷേത്രങ്ങളിലും, കൂടല്‍മാണിക്യം ദേവസ്വത്തിലെ ഒരു ക്ഷേത്രത്തിലും, ഗുരുവായൂര്‍ ദേവസ്വത്തിലെ 2 ക്ഷേത്രങ്ങളിലും മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ 11 ക്ഷേത്രങ്ങളിലുമാണ് ശബരിമല ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നത്.

ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്ന ക്ഷേത്രങ്ങള്‍

നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രം, കരുനാഗപ്പള്ളി പടനായര്‍കുളങ്ങര ക്ഷേത്രം, ഹരിപ്പാട്, അമ്പലപ്പുഴ, കൊട്ടാരക്കര, തിരുനക്കര, ഏറ്റുമാനൂര്‍, വൈക്കം, കീഴില്ലം, അച്ചന്‍കോവില്‍, കുളത്തൂപ്പുഴ, ആര്യങ്കാവ്, ചെങ്ങന്നൂര്‍, മുരിങ്ങൂര്‍ രാമേശ്വരം, വണ്ടിപ്പെരിയാര്‍, കറുകുറ്റി, പന്തളം, ചോറ്റാനിക്കര, തിരുവഞ്ചിക്കുളം, തൃപ്പയാര്‍, മുടിക്കോട്, എറണാകുളം ശിവക്ഷേത്രം, ചിറങ്ങര, കൂടല്‍മാണിക്യം, ഗുരുവായൂര്‍, മധൂര്‍, തളിപ്പറമ്പ് രാജരാജരാജേശ്വരി ക്ഷേത്രം, തലശ്ശേരി തിരുവങ്ങാട് രാമസ്വാമി ക്ഷേത്രം, കൊയിലാണ്ടി പിഷാരിക്കാവ്, വയനാട് മാരിയമ്മന്‍ ക്ഷേത്രം, കാടാമ്പുഴ, ചമ്രവട്ടം, കാളിക്കാവ്, തൃത്തല്ലൂര്‍, തൃപ്പള്ളൂര്‍, ചെനക്കത്തൂര്‍ (ഒറ്റപ്പാലം), ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here