ദില്ലി: പ്രസവാവധി ആറുമാസമാക്കിയ നിയമഭേദഗതി ബില്ലിനു ലോക്‌സഭയുടെ അംഗീകാരം. സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും പ്രസവാവധി ആറുമാസമാക്കിക്കൊണ്ടുള്ള നിയമഭേദഗഗതിയാണ് ലോക്‌സഭ പാസാക്കിയത്. നേരത്തെയുണ്ടായിരുന്ന മൂന്നുമാസത്തെ അവധി ആറുമാസമാക്കുന്നതാണ് ഭേദഗതി. 1961-ലെ പ്രസവാനുകൂല്യ നിയമത്തിൽ ചില ഭേദഗതികൾ വരുത്തിയാണ് ബിൽ തയ്യാറാക്കി അവതരിപ്പിച്ചിരുന്നത്.
ഇതോടെ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും പ്രസവാവധി 12 ആഴ്ചയ്ക്കു പകരം 26 ആഴ്ച ലഭിക്കും. രാജ്യസഭയിൽ കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ ബിൽ പാസാക്കിയിരുന്നു. നിലവിൽ നൽകുന്ന മൂന്നു മാസത്തെ അവധി ആറുമാസമാക്കിയതാണ് ബില്ലിലെ സുപ്രധാന ഭേദഗതി. ആദ്യത്തെ രണ്ടു പ്രസവത്തിന് മാത്രമേ ഈ അവധിക്കുള്ള അർഹതയുണ്ടാവൂ. മൂന്നാമത്തെ പ്രസവത്തിന് മൂന്നു മാസത്തെ അവധി മാത്രമേ ലഭിക്കുകയുള്ളൂ. അമ്പതിലധികം വനിതകളുള്ള സ്ഥാപനങ്ങൾ ക്രഷ് സംവിധാനം തുടങ്ങണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
ജോലിക്കിടയിൽ കുട്ടികളെ ദിവസത്തിൽ നാലു തവണ എങ്കിലും സന്ദർശിക്കാൻ അമ്മമാർക്ക് അവസരം കൊടുക്കണം. കുഞ്ഞുങ്ങൾക്ക് പാല് നൽകാനുള്ള സംവിധാനവും ഒരുക്കണമെന്നും ഇത് അമ്മമാരുടെ അവകാശമാണെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. എല്ലാ സ്ഥാപനങ്ങളും ഇത്തരം സൗകര്യങ്ങൾ നിർബന്ധമായും ചെയ്തു നൽകേണ്ടതാണെന്നും നിയമം അനുശാസിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here