മതത്തിന്റെയും ജാതിയുടേയും വേലിക്കെട്ടുകള്‍ തകര്‍ത്ത് അനീഷും അഞ്ജുവും ഒന്നായി; മതേതര വിവാഹത്തിന് വേദിയായി സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ്

എഴുകോണ്‍: മതേതര പുരോഗമന പ്രസ്ഥാനത്തിന്റെ ഓഫീസ് മതേതര വിവാഹത്തിനുള്ള വേദിയായി. കരീപ്ര ചൊവ്വള്ളൂര്‍ കോട്ടേക്കുന്നില്‍ മുകളുവിള വീട്ടില്‍ എഎസ് അനീഷിന്റേയും ചാത്തന്നൂര്‍ ഏറം നോര്‍ത്ത് എട്ടു തെങ്ങില്‍ വീട്ടില്‍ അഞ്ജു ജോര്‍ജിന്റേയും വിവാഹമാണ് സിപിഐഎം നെടുവത്തൂര്‍ ഏരിയ കമ്മിറ്റിയുടെ ഓഫീസായ എഴുകോണ്‍ ഇഎംഎസ് ഭവനില്‍ നടന്നത്. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

ഡിവൈഎഫ്‌ഐ നെടുവത്തൂര്‍ ബ്ലോക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും കരീപ്ര മേഖലാ സെക്രട്ടറിയുമായ അനീഷും ബി.ടെക് വിദ്യാര്‍ഥിനിയായ അഞ്ജുവും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. മതത്തിന്റെയും ജാതിയുടേയും വേലിക്കെട്ടുകള്‍ തകര്‍ത്ത് ഒരുമിക്കണമെന്ന തീരുമാനത്തില്‍ അനീഷും അഞ്ജുവും ഉറച്ചു നില്‍ക്കുകയായിരുന്നു.

തുടര്‍ന്ന് ഹിന്ദുവായ അനീഷിന്റെയും ക്രിസ്ത്യാനിയായ അഞ്ജുവിന്റേയും വിവാഹം നടത്തി കൊടുക്കാന്‍ ഡിവൈഎഫ്‌ഐ നെടുവത്തൂര്‍ ബ്ലോക്ക് കമ്മിറ്റിയും അനീഷിന്റെ സുഹൃത്തുക്കളും തീരുമാനിക്കുകയായിരുന്നു. എഴുകോണ്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് സിപിഐഎം ഓഫീസില്‍ വിവാഹ ചടങ്ങ് നടന്നത്.

നിരവധി സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചടങ്ങിന് സാക്ഷിയാകാന്‍ എത്തി. സിപിഐഎം നെടുവത്തൂര്‍ ഏരിയ കമ്മിറ്റിയംഗം ആര്‍ സത്യശീലനും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ്ആര്‍ അരുണ്‍ബാബുവും നല്‍കിയ ഹാരം അനീഷും അഞ്ജുവും പരസ്പരം അണിയിച്ചു. ഡിവൈഎഫ്‌ഐ നെടുവത്തൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജെ അനുരൂപും സെക്രട്ടറി എ അഭിലാഷും വധൂവരന്‍മാര്‍ക്ക് പൂച്ചെണ്ട് നല്‍കി.

സിപിഐഎം ജില്ലാ കമ്മിറ്റിയംഗം പിഎ എബ്രഹാം, ഏരിയ കമ്മിറ്റിയംഗം കെ ഓമനക്കുട്ടന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ് കൃഷ്ണകുമാര്‍, കോട്ടവിള മോഹനന്‍, ആര്‍ രാധാകൃഷ്ണന്‍, വിആര്‍ വിപിന്‍, രഞ്ജിനി അജയന്‍, സന്ദീപ്, സുജിത് എന്നിവര്‍ വധൂവരന്‍മാര്‍ക്ക് ആശംസയര്‍പ്പിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി ഏര്‍പ്പാടാക്കിയ വിവാഹസദ്യയും കഴിച്ച ശേഷമാണ് ചടങ്ങില്‍ പങ്കെടുത്തവര്‍ പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News