പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളുടെ അമ്മയുടെ ബന്ധുവും അയൽക്കാരനുമാണ് പിടിയിലായത്. മധു, പ്രദീപ്കുമാർ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. മധു കുട്ടികളുടെ അമ്മയുടെ ചേച്ചിയുടെ മകനാണ്. പ്രദീപ് കുമാർ അയൽവാസിയാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഇന്നലെ മറ്റു രണ്ടുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കുട്ടികളുടെ അമ്മയുടെ ചെറിയച്ഛന്റെ മകനായ മധു, അച്ഛന്റെ കൂട്ടുകാരൻ ഷിബു എന്നിവരുടെ അറസ്റ്റാണ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയത്. ഷിബു കുറേദിവസം ഇവരുടെ വീട്ടിൽ താമസിച്ചിരുന്നു. കുട്ടികൾ ക്രൂരമായ പീഡനത്തിനിരയായതായി നേരത്തെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. രണ്ടു കുട്ടികളും പീഡനത്തിനിരയായിരുന്നതായി ഐജി സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ചായിരുന്നു ഐജിയുടെ സ്ഥിരീകരണം. ശാസ്ത്രീയ പരിശോധനയിലും ബലാൽസംഗം സ്ഥിരീകരിച്ചിരുന്നു.
മൂത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി അമ്മ മൊഴി നൽകിയിരുന്നു. ബന്ധുവാണ് ഒരു വർഷം മുമ്പ് കുട്ടിയെ പീഡിപ്പിച്ചത്. പിന്നീടും ഇയാൾ കുട്ടിയെ പലതവണ പീഡിപ്പിച്ചിരുന്നു. പലപ്പോഴും ഇയാളെ താക്കീത് ചെയ്തിട്ടുണ്ടെന്നും അമ്മ പൊലീസിനു മൊഴി നൽകിയിരുന്നു. മൂത്ത കുട്ടിയും ഇളയ സഹോദരിയും സമാന സാഹചര്യത്തിൽ മരിച്ചതിനെ തുടർന്നാണ് കുട്ടികൾ ലൈംഗികചൂഷണത്തിന് ഇരയായോ എന്നു പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്.
ഒന്നരമാസത്തിനിടയിലാണ് രണ്ടു കുട്ടികളും മരിച്ചതെന്നതും സംശയത്തിന് ഇടയാക്കുന്നു. മാത്രമല്ല, മൂത്ത കുട്ടി മരിച്ച ദിവസം രണ്ടു പേർ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നതായി കണ്ടെന്നു ഇളയ കുട്ടി പൊലീസിനു മൊഴി നൽകുകയും ചെയ്തിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് കുട്ടികളുടെ മരണം സംഭവിച്ചത്. മരണം സംഭവിച്ചതിന്റെ പിറ്റേദിവസം തന്നെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
എട്ടടി ഉയരത്തിലാണ് വീടിന്റെ ഉത്തരം സ്ഥിതി ചെയ്യുന്നത്. കട്ടിലിൽ കയറി നിന്നാൽ പോലും കയ്യെത്താത്ത ഉയരത്തിലാണ് ഇതെന്നിരിക്കെ പെൺകുട്ടികൾ തൂങ്ങിമരിച്ചത് ആത്മഹത്യയല്ലെന്ന നിഗമനത്തിൽ ഉറച്ചു നിൽക്കുകയാണ് പൊലീസ്. ഇത്രയും ഉയരത്തിൽ കുട്ടികൾ എങ്ങനെ ഒറ്റയ്ക്ക് തൂങ്ങും എന്ന സംശയം ബന്ധുക്കളും പങ്കുവയ്ക്കുന്നു. അതുകൊണ്ടു തന്നെ സമഗ്ര അന്വേഷണം വേണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
മാർച്ച് നാലിനാണ് ഇളയകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം വരെ കൂട്ടുകാർക്കൊപ്പം കളിച്ചു നടന്ന ഒമ്പതുവയസുകാരി പെട്ടെന്ന് തൂങ്ങിമരിച്ചതാണ് ബന്ധുക്കളിലും നാട്ടുകാരിലും സംശയം ജനിപ്പിക്കുന്നത്. സമാനമായ സാഹചര്യത്തിലാണ് ശരണ്യയുടെ പതിനാലു വയസ്സുള്ള സഹോദരിയും ഒന്നരമാസം മുമ്പ് തൂങ്ങി മരിച്ചത്. ജനുവരിയിലായിരുന്നു ഈ സംഭവം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here