സുധീരന്റെ അപ്രതീക്ഷിത പടിയിറക്കം ഹൈക്കമാന്‍ഡില്‍ നിന്ന് എ ഗ്രൂപ്പിനു ലഭിച്ച ഉറപ്പ്; രാജി പരുക്ക് മറയാക്കി സ്വയം രക്ഷപ്പെടാനുള്ള തന്ത്രം

തിരുവനന്തപുരം: സുധീരന്റെ അപ്രതീക്ഷിത രാജി ഹൈക്കമാന്‍ഡില്‍ നിന്നു കേരളത്തിലെ എ ഗ്രൂപ്പിനു ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ തന്നെയാണെന്നു ഉറപ്പാണ്. വരാന്‍ പോകുന്ന പല രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കും മുന്നോടിയാണ് അദ്ദേഹത്തിന്റെ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്നുള്ള പടിയിറക്കം എന്നു തന്നെ പറയാം. അനുദിനം കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പുകളും സുധീരനും തമ്മിലുള്ള അകലം വര്‍ധിച്ചു വരുന്നു. ഇതിനിടയില്‍ ഹൈക്കമാന്‍ഡ് പോലും പ്രശ്‌നത്തില്‍ ഇടപെടാതിരുന്നത് നിലവിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്നില്‍ കണ്ടായിരുന്നു. അതുകൊണ്ടു തന്നെ എല്ലാം ഒന്നു കെട്ടടങ്ങുമ്പോള്‍ പ്രശ്‌നപരിഹാരം എന്നു എ ഗ്രൂപ്പിനു ഉറപ്പും ലഭിച്ചിരുന്നു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളത്തിലെ പ്രശ്‌നങ്ങളില്‍ പരിഹാരം എന്നു നേരത്തെ തന്നെ എ ഗ്രൂപ്പിനു ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിരുന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് കഴിഞ്ഞു. കോണ്‍ഗ്രസിനു കാര്യമായ നേട്ടമുണ്ടാകില്ലെന്നു എക്‌സിറ്റ്‌പോള്‍ ഫലങ്ങളും വന്നു. നാളെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കുന്നു. ഈ സാഹചര്യത്തില്‍ അടുത്ത ലക്ഷ്യം താന്‍ തന്നെയാണെന്നു സുധീരനും ഉറപ്പാണ്. അതുകൊണ്ടാണ് അഞ്ചുദിവസം മുമ്പുണ്ടായ അപകടത്തിലേറ്റ പരുക്ക് ഉയര്‍ത്തിക്കാട്ടി അനാരോഗ്യം പറഞ്ഞ് സുധീരന്‍ ഒഴിയുന്നതും. പരുക്ക് അത്ര ഗുരുതരമല്ലായിരുന്നു എന്നതും നിസാര വീഴ്ചയായിരുന്നു എന്നതും കൂടി കണക്കിലെടുക്കുമ്പോള്‍ ഇക്കാര്യം നമുക്ക് വ്യക്തമാകുകയും ചെയ്യും.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോഴാണ് വി.എം സുധീരനെ കെപിസിസി അധ്യക്ഷനാക്കി ഹൈക്കമാന്‍ഡ് നിയോഗിച്ചത്. എന്നാല്‍, അന്നുമുതല്‍ സുധീരന്‍ വിവാദങ്ങളുടെ തോഴനായി. സര്‍ക്കാരിനെ പലപ്പോഴും വെട്ടിലാക്കുന്ന പ്രസ്താവനകളും തീരുമാനങ്ങളും സുധീരനില്‍ നിന്നുണ്ടായി. മദ്യനയം പോലും സുധീരന്റെ ആശയമായിരുന്നു. മദ്യശാലകള്‍ കുറച്ചു കൊണ്ടുള്ള മദ്യനയം സുധീരന്‍ നടപ്പിലാക്കി. ഇക്കാര്യത്തില്‍ ഗ്രൂപ്പ് ഭേദമെന്യേ സുധീരനോടു എതിര്‍പ്പുണ്ടായി.

പോകെപ്പോകെ സുധീരന്‍ ഉമ്മന്‍ചാണ്ടിയുടെ കണ്ണിലെ കരടായി. സര്‍ക്കാര്‍ അധികാരമൊഴിഞ്ഞ ശേഷവും പാര്‍ട്ടിയില്‍ സുധീരന്‍ ഒറ്റയാനായി. തെരഞ്ഞെടുപ്പില്‍ പലയിടത്തും സുധീരന്റെ തീരുമാനപ്രകാരം പലരും സ്ഥാനാര്‍ത്ഥികളായി. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരായ പലരും സീറ്റു കിട്ടാതായി. അങ്ങനെ ഉമ്മന്‍ചാണ്ടിയും സുധീരനും തമ്മില്‍ പരസ്യമായ ഒരു പോര് തന്നെ ഉടലെടുക്കുന്ന സ്ഥിതിയുണ്ടായി. പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി സുധീരനുമായും പാര്‍ട്ടിയുമായും തുറന്ന യുദ്ധപ്രഖ്യാപനം നടത്തി. പാര്‍ട്ടി നിര്‍വാഹക സമിതിയില്‍ നിന്നു പോലും ഉമ്മന്‍ചാണ്ടി വിട്ടുനില്‍ക്കുന്ന സ്ഥിതിയുണ്ടായി. കെപിസിസി അധ്യക്ഷനും പാര്‍ട്ടി നേതൃത്വവും രണ്ടു തട്ടില്‍ എന്ന ആരോപണം നിലനില്‍ക്കുന്നതിനിടയില്‍ തന്നെയാണ് സുധീരന്റെ രാജി എന്നത് ശ്രദ്ധേയമാണ്.

തൃശൂര്‍ ജില്ലയില്‍ അന്തിക്കാട് പഞ്ചായത്തില്‍ പടിയം എന്ന ഗ്രാമത്തില്‍ വി.എസ്. മാമയുടേയും ഗിരിജയുടേയും മകനായി 1948 മെയ് 26 നാണ് സുധീരന്‍ ജനിച്ചത്. കെഎസ്‌യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ അരങ്ങേറി അദ്ദേഹം പൊതുജീവിതം ആരംഭിച്ചു. അവിടുന്നിങ്ങോട്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകമായിരുന്നു സുധീരന്‍. 1980 മുതല്‍ 1996 മൂന്നു തവണ തൃശ്ശൂര്‍ ജില്ലയിലെ മണലൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് സുധീരന്‍ നിയമസഭയിലെത്തി. 1985 മുതല്‍ 1987 വരെ നിയമസഭാ സ്പീക്കറായും പ്രവര്‍ത്തിച്ചു. എ.കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ആലപ്പുഴ ലോകസഭാ മണ്ഡലത്തില്‍ നിന്നും നാലു തവണ ലോകസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2004 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ കെ.എസ്. മനോജിനോട് പരാജയപ്പെട്ട ശേഷം സുധീരന്‍ പാര്‍ട്ടി അംഗമായി മാത്രം തുടരുകയായിരുന്നു. ഇതിനിടയിലാണ് രമേശ് ചെന്നിത്തല മന്ത്രിയാകുന്നതും ആ ഒഴിവില്‍ സുധീരന്‍ അധ്യക്ഷനായതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News