‘അങ്കമാലി സര്‍വതന്ത്ര സ്വതന്ത്ര ക്രൈസ്തവ രാജ്യമാണോ’? അങ്കമാലി ഡയറീസിനെ വര്‍ഗീയവത്കരിച്ച് ജനം ടിവി; ചെമ്പന്‍ വിനോദിന് ഒരു ഉപദേശവും

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസിനെ വര്‍ഗീയവത്കരിച്ച് ബിജെപി ചാനല്‍ ജനം ടിവി. അങ്കമാലി ഡയറീസ് ക്രിസ്തുമത പ്രകീര്‍ത്തനമാണെന്ന വാദമാണ് ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച നിരൂപണത്തില്‍ ഉന്നയിക്കുന്നത്. രഞ്ജിത് ജി കാഞ്ഞിരത്തില്‍ എന്ന നിരൂപകനാണ് സിനിമയ്ക്ക് ഇത്തരമൊരു വ്യാഖ്യാനം നല്‍കുന്നത്.

നിരൂപണത്തില്‍ പറയുന്നത് ഇങ്ങനെ: ‘ക്രൈസ്തവ ബിംബങ്ങളുടെ ധാരാളിത്തമാണ് സിനിമയുടെ ഏറ്റവും വലിയ വ്യത്യസ്തത. അങ്കമാലി ടൗണിലെ ഇറച്ചിക്കടയും പബ്ലിക് ടോയ്‌ലറ്റും, സര്‍ക്കാര്‍ സ്ഥാപനങ്ങളും, ബസ് സ്റ്റാന്‍ഡും റയില്‍വേ സ്റ്റേഷനും എന്തിന് കാര്‍ണിവല്‍ പോലും കാണിച്ചു കൊണ്ടുള്ള അവതരണഗാനത്തില്‍ ക്രിസ്ത്യന്‍ പള്ളി പലവുരു ദൃശ്യമാകുന്നുണ്ട്. അമ്പലങ്ങള്‍ അങ്കമാലിയില്‍ ഇല്ലാത്തതുകൊണ്ടാണോ എന്തോ? ഒരെണ്ണം പോലും അതില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. അവിടുന്നങ്ങോട്ട് പള്ളി സീനുകള്‍, പള്ളി പശ്ചാത്തലത്തില്‍ വരുന്ന സീനുകള്‍ കുര്‍ബാന, മനസ്സുചോദ്യം, മിന്നു കെട്ട്, ഈസ്റ്റര്‍, കരോള്‍, പ്രദക്ഷിണം, സര്‍വത്ര ക്രൈസ്തവമയം. സിനിമ കണ്ടുതീരുമ്പോള്‍ ഈ അങ്കമാലി എന്നത് ഒരു സര്‍വ തന്ത്ര സ്വതന്ത്ര ക്രൈസ്തവ രാജ്യമാണോ എന്ന് ശങ്കിച്ചു പോകും.’

ലിജോ ജോസിന്റെ ആമേനും ക്രൈസ്തവ മതധാരകളെ നിശബ്ദമായി കടത്തിവിടാന്‍ ശ്രമിക്കുന്ന ഒരു സൃഷ്ടിയാണെന്ന് ജനം ടിവി അവകാശപ്പെടുന്നു. ‘കമിതാക്കളുടെ പ്രേമ സാഫല്യത്തിനായി കത്തനാരുടെ വേഷത്തില്‍ പുണ്യാളന്‍ അവതരിക്കുന്നതാണ് രണ്ടര മണിക്കൂര്‍ നേരത്തെ ബഹളത്തിന്റെയും ക്‌ളാരനെറ്റിന്റേയും കുര്‍ബാനകളുടെയും അവസാനം ആമേന്‍ പറഞ്ഞു വയ്ക്കുന്നത്. വിശുദ്ധന്‍ എന്ന മത സങ്കല്പത്തിനെ മഹത്വവല്‍ക്കരിക്കുവാന്‍ വേണ്ടി നടത്തിയ ഒരു കലാസൃഷ്ടിയാണ് ആമേന്‍.’-നിരൂപകന്‍ പറയുന്നു.

ഫേസ്ബുക്കിലെ സിനിമാ സ്‌നേഹികളുടെ കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബ്ബില്‍ നിരൂപണം ചര്‍ച്ചയായപ്പോള്‍ ലിജോ ജോസ് പരിഹാസത്തോടെ പറഞ്ഞത് ഇങ്ങനെ: ‘നല്ല മനോഹരമായ റിവ്യൂ. ഇത്ര സൂക്ഷ്മമായി ഞാന്‍ പോലും അങ്കമാലി ഡയറീസിനെ നോക്കി കണ്ടിട്ടില്ല നന്ദി. രഞ്ജിത്ത് ജി. കാഞ്ഞിരത്തിനു സുഖമെന്ന് കരുതട്ടെ. വീട്ടിലെല്ലാവരോടും അന്വേഷണം പറയണം’.

സിനിമയിലെ ചെമ്പന്‍ വിനോദിന്റെ സംഭാഷണവും നിരൂപണത്തില്‍ പരാമര്‍ശിക്കുന്നു. ഇത് പോലുള്ള സിനിമകളെഴുതിയാല്‍ ചെമ്പന്‍ വിനോദിന് വാര്‍ക്കപ്പണിക്ക് പോകേണ്ടിവരുമെന്നും നിരൂപകന്‍ പറയുന്നു. നിരൂപണത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here