സുധീരന്റെ രാജി അപ്രതീക്ഷിതമെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും; കോണ്‍ഗ്രസിന് ഇനി നല്ലകാലമെന്ന് വെള്ളാപ്പള്ളി; പ്രതികരിക്കാതെ മുസ്ലിംലീഗ്

തിരുവനന്തപുരം: വി.എം സുധീരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചത് അപ്രതീക്ഷിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ഉടന്‍ തന്നെ താന്‍ ഉമ്മന്‍ചാണ്ടിയെ അറിയിച്ചെന്നും എന്നാല്‍ അദേഹവും രാജിക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞതായും ചെന്നിത്തല പറഞ്ഞു. രാജി സുധീരന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അദേഹം പറഞ്ഞു.

സുധീരന്‍ കെപിസിസി അധ്യക്ഷനായിരുന്ന കാലഘട്ടത്തില്‍ ഇച്ഛാശക്തിയോടെയാണ് പ്രവര്‍ത്തിച്ചതെന്നും നേതൃനിരകളില്‍ സുധീരന്‍ ഇനിയും സജീവമായി ഉണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കി. പാര്‍ട്ടിയിലെ ഗ്രൂപ്പ് പ്രശ്‌നങ്ങളല്ല രാജിയ്ക്ക് പിന്നില്‍. അത്തരം പ്രശ്‌നങ്ങളൊന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍ നിലവിലില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാജി അപ്രതീക്ഷിത തീരുമാനമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. രാജി ആരോഗ്യപരമായ കാരണങ്ങളാലാണെന്നും ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ അതിന് പിന്നില്‍ ഇല്ലെന്നും കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനും വിടി ബല്‍റാം എംഎല്‍എയും പറഞ്ഞു. സുധീരന്റെ രാജി ദൗര്‍ഭാഗ്യകരമാണെന്ന് കെ.മുരളീധരന്‍ പ്രതികരിച്ചു.

സുധീരന്റെ രാജി നല്ലകാര്യമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഇനി നല്ല കാലമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

അതേസമയം, വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് മുസ്ലിംലീഗ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News