മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് അനീഷ് അഞ്ജുവിനെ വരണമാല്യം ചാർത്തി; മംഗല്യവേദിയായത് കൊല്ലത്തെ സിപിഐഎം ഓഫീസ്

കൊല്ലം: മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് അനീഷും അഞ്ജു ജോർജും വിവാഹിതരായി. മതത്തിന്റെ വേലിക്കെട്ടുകൾക്ക് അപ്പുറത്ത് നിന്ന് അവർക്ക് ആശംസ നേരാൻ മതേതര പ്രസ്ഥാനത്തിന്റെ അണികളുണ്ടായിരുന്നു. ആഘോഷങ്ങളേതുമില്ലാതെ അനീഷ് അഞ്ജുവിന്റെ കഴുത്തിൽ വരണമാല്യം ചാർത്തി. വിവാഹത്തിനു വേദിയായതാകട്ടെ സിപിഐഎം കൊല്ലം ജില്ലയിലെ നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ ഓഫീസായ എഴുകോൺ ഇഎംഎസ് ഭവനും. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

കരീപ്ര ചൊവ്വള്ളൂർ കോട്ടേക്കുന്നിൽ മുകളുവിള വീട്ടിൽ എ.എസ് അനീഷിന്റെയും ചാത്തന്നൂർ ഏറം നോർത്ത് എട്ടു തെങ്ങിൽ വീട്ടിൽ അഞ്ജു ജോർജിന്റേയും വിവാഹമാണ് സിപിഐഎം ഓഫീസിൽ നടന്നത്. ഡിവൈഎഫ്‌ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റി അംഗമായ അനീഷും ബിടെക് വിദ്യാർഥിനിയായ അഞ്ജുവും ദീർഘ നാളായി പ്രണയത്തിലായിരുന്നു. മതത്തിന്റെയും ജാതിയുടേയും വേലിക്കെട്ടുകൾ തകർത്ത് ഒന്നിക്കണമെന്നു അനീഷും അഞ്ജുവും തീരുമാനമെടുത്തു. മതേതരവിവാഹത്തിനു പൂർണപിന്തുണയുമായി എഴുകോണിലെ പാർട്ടിയും രംഗത്തെത്തി.

തുടർന്ന് ഹിന്ദുവായ അനീഷിന്റെയും ക്രിസ്ത്യാനിയായ അഞ്ജുവിന്റേയും വിവാഹം നടത്തി കൊടുക്കാൻ ഡിവൈഎഫ്‌ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റിയും അനീഷിന്റെ സുഹൃത്തുക്കളും തീരുമാനിക്കുകയായിരുന്നു. എഴുകോൺ സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്ത ശേഷമാണ് സിപിഐഎം ഓഫീസിൽ വിവാഹ ചടങ്ങ് നടന്നത്.

നിരവധി സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ ചടങ്ങിന് സാക്ഷിയാകാൻ എത്തി. സിപിഐഎം നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗം ആർ.സത്യശീലനും ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ്.ആർ അരുൺ ബാബുവും നൽകിയ ഹാരം അനീഷും അഞ്ജുവും പരസ്പരം അണിയിച്ചു. ഡിവൈഎഫ്‌ഐ നെടുവത്തൂർ ബ്ലോക്ക് പ്രസിഡന്റ് ജെ അനുരൂപും സെക്രട്ടറി എ അഭിലാഷും വധുവരൻമാർക്ക് പൂച്ചെണ്ട് നൽകി.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി.എ എബ്രഹാം, ഏരിയ കമ്മിറ്റി അംഗം കെ.ഓമനക്കുട്ടൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.കൃഷ്ണകുമാർ, കോട്ടവിള മോഹനൻ, ആർ.രാധാകൃഷ്ണൻ, വി.ആർ വിപിൻ, രഞ്ജിനി അജയൻ, സന്ദീപ്, സുജിത് എന്നിവർ വധൂവരൻമാർക്ക് ആശംസയർപ്പിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി ഏർപ്പാടാക്കിയ വിവാഹസദ്യയും കഴിച്ച ശേഷമാണ് ചടങ്ങിൽ പങ്കെടുത്തവർ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel