കൊട്ടിയൂർ പീഡനം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നു സർക്കാർ; നിലപാട് അറിയിച്ചത് ഹൈക്കോടതിയിൽ

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സർക്കാർ ഔദ്യോഗികമായി തീരുമാനം എടുത്തതായും സർക്കാർ വ്യക്തമാക്കി. കേസ് അന്വേഷണത്തിനു പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നു ആവശ്യപ്പെട്ട് സമർപിക്കപ്പെട്ട പൊതുതാൽപര്യ ഹർജി പരിഗണിക്കവേയാണ് സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്. സർക്കാർ നിലപാട് വ്യക്തമാക്കിയതിനെ തുടർന്ന് ഹർജി ഹൈക്കോടതി തള്ളി. വൈദികൻ പള്ളിമേടയിൽ പതിനാറുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് പരാതി.

അതേസമയം, കേസിൽ പ്രതി ചേർക്കപ്പെട്ട വയനാട് ശിശുക്ഷേമസമിതി മുൻ അധ്യക്ഷൻ ഫാദർ തോമസ് തേരകത്തിന്റെ അറസ്റ്റ് കോടതി തടഞ്ഞു. തേരകത്ത് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് അറസ്റ്റ് തടഞ്ഞ് കോടതി നിർദേശം നൽകിയത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അതുവരെ ഫാദർ തോമസ് തേരകത്തിനെ അറസ്റ്റ് നൽകരുതെന്നാണ് കോടതി നിർദേശം.

കൊട്ടിയൂർ നീണ്ടുനോക്കി പള്ളി വികാരി ഫാദർ റോബിൻ വടക്കുഞ്ചേരിയാണ് പള്ളിമേടയിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ഗർഭിണിയായ വിദ്യാർത്ഥിനി രണ്ടാഴ്ച മുമ്പ് കൊട്ടിയൂർ ക്രിസ്തുരാജ ആശുപത്രിയിൽ പ്രസവിച്ചിരുന്നു. ആശുപത്രി അധികൃതർ പ്രസവം രഹസ്യമാക്കി വച്ചു. പ്രസവം കഴിഞ്ഞയുടൻ കുട്ടിയെ വയനാട്ടിലെ അഗതി മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കൾ പറഞ്ഞ് അറിഞ്ഞാണ് ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം അറിഞ്ഞത്.

പെൺകുട്ടി ഗർഭിണിയായപ്പോൾ പത്തു ലക്ഷം രൂപ നൽകി വൈദികൻ കേസ് ഒതുക്കാൻ ശ്രമം നടത്തിയിരുന്നു. അന്നു പെൺകുട്ടിയുടെ പിതാവിന്റെ തലയിൽ ഗർഭത്തിന്റെ ഉത്തരവാദിത്തം കെട്ടിവച്ച് ഇവർക്ക് പത്തുലക്ഷം രൂപയും വാഗ്ദാനം ചെയ്തു. പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകർ ചോദിച്ചപ്പോൾ കുട്ടി സത്യം പറഞ്ഞു. ഇതേതുടർന്ന് ചൈൽഡ് ലൈനിന്റെ പ്രവർത്തകർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് വൈദികനെ അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ കസ്റ്റഡിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News