കോട്ടയത്ത് രണ്ടു എസ്എഫ്‌ഐ പ്രവർത്തകർക്കു വെട്ടേറ്റു; എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും ഒരു പ്രവർത്തകനും ആശുപത്രിയിൽ; ആക്രമണം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ

കോട്ടയം: കോട്ടയത്ത് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം രണ്ടു പേർക്ക് വെട്ടേറ്റു. എംജി സർവകലാശാല ക്യാംപസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിലാണ് രണ്ടു പേർക്ക് വെട്ടേറ്റത്. കോട്ടയം കെ.ഇ കോളജിൽ നടന്ന സംഘർഷത്തിനു പകരമായാണ് എംജി സർവകലാശാല ക്യാംപസിൽ യൂത്ത് കോൺഗ്രസ് ആക്രമണം നടത്തിയത്. എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റ് അരുൺ, എംജി സർവകലാശാല യൂണിറ്റ് അംഗം സച്ചു സദാനന്ദൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

എസ്എഫ്‌ഐക്കു സ്വാധീനമുള്ള കെ.ഇ കോളജിലെ കോളജ് ദിനാഘോഷം തടയുമെന്നു യൂത്ത് കോൺഗ്രസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിന്റെ ഭാഗമായിട്ടാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിം അലക്‌സിന്റെ നേതൃത്വത്തിലുള്ള സംഘം ക്യാംപസിനകത്തു കയറി പ്രകടനം നടത്തുകയും പരിപാടി അലങ്കോലമാക്കാൻ ശ്രമിക്കുകയും ചെയ്തത്. പുറത്തുനിന്നുള്ളവർ ക്യാംപസിൽ കയറിയതിനെ ക്യാംപസിലെ എസ്എഫ്‌ഐ പ്രവർത്തകർ ചോദ്യം ചെയ്തത് സംഘർഷത്തിനിടയാക്കി. ഇതിൽ ഒരു എസ്എഫ്‌ഐ പ്രവർത്തകനു പരുക്കേറ്റിരുന്നു.

സംഘർഷത്തിൽ പരുക്കേറ്റെന്നു കാണിച്ച് ജിം അലക്‌സും ആശുപത്രിയിൽ അഡ്മിറ്റായി. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നു ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ യൂണിവേഴ്‌സിറ്റി ക്യാംപസിലേക്കു മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് നേതാക്കളും സമീപത്തെ അറിയപ്പെടുന്ന ഗുണ്ടകളുമായ അരുൺ ഗോപൻ, സിബി, ഷൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ക്യാംപസിനകത്തും കയറി ഭീഷണി മുഴക്കാൻ തുടങ്ങി. എസ്എഫ്‌ഐ പ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു ലക്ഷ്യം.

ഇതിനിടെ സംഘർഷം പുറത്തേക്കും വ്യാപിച്ചു. ഇതിലാണ് അരുണിനും സച്ചുവിനും വെട്ടേറ്റത്. ഇന്നുവൈകുന്നേരമായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എം വാസവൻ മെഡിക്കൽ കോളജിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചു. അതേസമയം, ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ കോട്ടയം ജില്ലയിലെ അതിരമ്പുഴ പഞ്ചായത്തിൽ നാളെ ഹർത്താലിനു ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News