വി.എം സുധീരന്റെ പിൻഗാമിക്കായി ദില്ലിയിൽ തിരക്കിട്ട ചർച്ചകൾ; അടുത്ത പ്രസിഡന്റ് ഉടനുണ്ടാകില്ലെന്നു സൂചന; രാജിക്കത്ത് ഹൈക്കമാൻഡിന് കൈമാറി; അനാരോഗ്യം മൂലമെന്നു വിശദീകരണം

തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്നു വി.എം സുധീരൻ രാജിവച്ചതോടെ സുധീരന്റെ പിൻഗാമിക്കായി ദില്ലിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. അടുത്ത കെപിസിസി അധ്യക്ഷൻ ആരാകും എന്ന ചോദ്യം പാർട്ടി കേന്ദ്രങ്ങളിൽ നിന്നും ഉയർന്നു തുടങ്ങി. സംസ്ഥാനതലത്തിലും ഹൈക്കമാൻഡിലും സുധീരന്റെ രാജി തന്നെയാണ് ചർച്ചാവിഷയം. ഒന്നുകിൽ സംഘടനാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതു വരെ ആർക്കെങ്കിലും ചുമതല ഏൽപിക്കാനാണ് സാധ്യത. അതല്ലെങ്കിൽ വൈസ് പ്രസിഡന്റ് ആയ വി.ഡി സതീശനെ ചുമതല ഏൽപിക്കാനും സാധ്യതയുണ്ട്.

ഇന്നു വൈകുന്നേരമാണ് വാർത്താസമ്മേളനം വിളിച്ച് സുധീരൻ രാജിപ്രഖ്യാപനം നടത്തിയത്. രാജിക്കത്ത് അതിനു ശേഷം ഹൈക്കമാൻഡിനു കൈമാറുകയും ചെയ്തു. ആരോഗ്യ കാരണങ്ങളാൽ രാജിവയ്ക്കുകയാണെന്നാണ് സുധീരൻ പറഞ്ഞത്. കഴിഞ്ഞയാഴ്ച കോഴിക്കോട് നടന്ന അപകടത്തിൽ സുധീരനു പരുക്കേറ്റിരുന്നു. ഇതേതുടർന്ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഡോക്ടർ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധീരൻ പറയുന്നു. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി.

പാർട്ടിയിൽ അനുദിനം പുതിയ പ്രശ്‌നങ്ങൾ ഉടലെടുത്തു കൊണ്ടിരിക്കുകയാണെന്നു സുധീരൻ പറഞ്ഞു. ഇതു പരിഹരിക്കാൻ ആരോഗ്യം അനുവദിക്കുന്നില്ല. അതുകൊണ്ടു തന്നെ രാജിയാണ് അതിനുള്ള മുഖ്യപരിഹാരം. വ്യക്തിപരമായ അസൗകര്യം പാർട്ടിയുടെ പ്രവർത്തനത്തെ ബാധിക്കരുതെന്നു തനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടാണ് രാജിവച്ച് ഒഴിയുന്നതെന്നും സുധീരൻ മാധ്യമങ്ങളോടു പറഞ്ഞു. തന്റെ ഒഴിവിൽ എഐസിസി എത്രയും വേഗം ബദൽ സംവിധാനം ഏർപ്പെടുത്തുമെന്നും സുധീരൻ അറിയിച്ചു.

പാർട്ടിയോടും നേതാക്കളോടും പ്രവർത്തകരോടും ഏറെ നന്ദിയുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ കൊണ്ട് അവധിയെടുത്ത് മാറി നിൽക്കുന്നത് ശരിയല്ല. താഴെത്തട്ട് മുതൽ ശക്തമായ പ്രവർത്തനം കാഴ്ചവയ്‌ക്കേണ്ട സമയമാണിത്. അതുകൊണ്ടു തന്നെ അവധിയെടുത്ത് മാറിനിൽക്കുന്നത് ഒട്ടും ആശാസ്യമല്ല. അതുകൊണ്ടാണ് അവധിയെടുത്ത് മാറി നിൽക്കാതെ രാജിവച്ച് പ്രവർത്തന സന്നദ്ധതയുള്ളവർക്ക് അവസരം ഒരുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. രാജിക്കാര്യം ആരെയും അറിയിച്ചിട്ടില്ല. സ്വന്തം തീരുമാനപ്രകാരമാണ് രാജി. നേതാക്കളോടോ പ്രവർത്തകരോടോ ആലോചിച്ചിട്ടില്ലെന്നും സുധീരൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here