നിങ്ങള്‍ക്ക് ഒരു ക്യാമറ തരാം. സമയം വെറും 24 മണിക്കൂര്‍. ഈ സമയത്തിനുളളില്‍ ലോകത്തിന്റെ സൗന്ദര്യം ക്യാമറയില്‍ പകര്‍ത്തണം. അങ്ങനെയെങ്കില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത സ്വര്‍ഗ്ഗ സാന്നിധ്യമായി നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്‍ കേരളത്തില്‍ നിന്ന് ഒരു സ്ഥലത്തെ തെരെഞ്ഞെടുത്തു. വേമ്പനാട് കായല്‍ തീരത്തെ കാക്കതുരുത്തെന്ന കൊച്ചുദ്വീപ്. ലോകത്തെ ഏറ്റവും ചേതോഹരമായ അസ്തമയം ഇവിടെ കാണാം. വൈകിട്ട് 6 മണിയുടെ ഈ മനോഹര ദൃശ്യം പകര്‍ത്താതെ 24 മണിക്കൂര്‍ അതിവേഗ ലോക സഞ്ചാരം പൂര്‍ത്തിയാക്കാനാവില്ലെന്നാണ് നാഷണല്‍ ജ്യോഗ്രഫിക്കിന്റെ കണ്ടെത്തല്‍.
ഇന്നിപ്പോള്‍ കാക്കതുരുത്തിലേയ്ക്ക് മാത്രമല്ല, വേമ്പനാടിന്റെ തീരങ്ങളിലേക്കൊട്ടാകെ സഞ്ചാരികളുടെ കുത്തൊഴുക്കാണ്. ഹൗസ് ബോട്ടുകളുടെ പറുദീസയായ ആലപ്പുഴ നഗരത്തിന് അടുത്തിടെ മറ്റൊരു തിലകക്കുറികൂടി ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും വ്യത്തിയുളള നഗരമായി ദില്ലി ആസ്ഥാനമായുളള സിഎസ്ഇ (സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ്) ആലപ്പുഴയെ തെരെഞ്ഞെടുത്തു.
കശ്മീരും ഉത്തരേന്ത്യയും കാണാനായി യൂറോപ്പില്‍ നിന്ന് പറന്നെത്തിയ പലസഞ്ചാരികളും ദില്ലിയിലെത്തിയാല്‍ സൗന്ദര്യത്തിലും വൃത്തിയിലും ലഭിച്ച വാര്‍ത്താ പ്രാധാന്യം മൂലം ലക്ഷ്യസ്ഥാനം മാറ്റി കേരളത്തിലെത്താറുണ്ട്. അങ്ങനെ ബെല്‍ജിയത്തില്‍ നിന്ന് ആലപ്പുഴയിലെത്തിയവരാണ് ചാള്‍സും ഹെര്‍മനും.
ഇരുവര്‍ക്കും കേരളം നന്നേ ബോധിച്ചു. കടലും കായലും കാക്കതുരുത്തും കരിമീനും കക്കയും എല്ലാം ഇഷ്ടപ്പെട്ടു. ഒന്നൊഴികെ, ‘എവിടെ നോക്കിയാലും നിറയെ പ്ലാസ്റ്റിക്കുകളാണ്. പ്ലാസ്റ്റിക്കുകള്‍ നീരൊഴുക്കുകളെ നിശ്ചലമാക്കും. വരും തലമുറകളെ കാന്‍സര്‍ ഉള്‍പ്പെടെയുളള മാറാരോഗങ്ങളിലേയ്ക്ക് തളളിവിടും.’ ചാള്‍സും ഹെര്‍മനും പരിതപിച്ചു. അവര്‍ ഉപദേശിച്ചു.
കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ വേണ്ടിമാത്രമല്ല, വേമ്പനാട് കായല്‍ നേരിടുന്ന പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് പഠിക്കാനും നിരവധി പേര്‍ ഇവിടെ എത്താറുണ്ട്. 534 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന വേമ്പനാട് കായലില്‍ ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങള്‍ പ്രകടമാണ്.
പരിസ്ഥിതി ഗവേഷണ സ്ഥാപനമായ എട്രീയുടെ (അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച് ഇന്‍ ഇക്കോളജി ആന്റ് എന്‍വയോണ്‍മെന്റ്) ആലപ്പുഴ ആസ്ഥാനമായുളള വേമ്പനാട് കായല്‍ സരക്ഷണകേന്ദ്രം നടത്തിയ പഠനമനുസരിച്ച് വേമ്പനാട് കായലില്‍ നേരത്തെ 61 ഇനം മത്സ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നിത് 45 എണ്ണമായി കുറഞ്ഞിരിക്കുന്നു. കക്കയുടെ അവസ്ഥയും ഇതുതന്നെ. മുഹമ്മ കക്ക തൊഴിലാളി സഹകരണസംഘത്തിന്റെ കണക്കുകള്‍ അനുസരിച്ച് കക്കയുടെ ഉല്പാദനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20%ത്തിന്റെ കുറവാണ് ഉണ്ടായത്.
കാക്കതുരുത്തിലെ അസ്തമയവും ഹൗസ്‌ബോട്ടിലൂടെയുളള കുട്ടനാടന്‍ യാത്രയും റിസോര്‍ട്ടുകളിലെ സുഖജീവിതവുമെല്ലാം സഞ്ചാരികള്‍ക്ക് മറക്കാവാനാത്ത ജീവിതാനുഭവമാകുമെങ്കില്‍ കായല്‍വാസികളുടെ ജീവിതം അങ്ങനെയല്ല. പിന്നെ എങ്ങനെ.? കായല്‍ സംരക്ഷണസമിതി സെക്രട്ടറി കെഎം പൂവിന്റെ ഉത്തരം ഇങ്ങനെ. ‘പണ്ടെല്ലാം കായലില്‍ വലയോ ചൂണ്ടയോ ഇട്ടാല്‍ കുടുങ്ങിയിരുന്നത് മീനായിരുന്നുവെങ്കില്‍ ഇപ്പോള്‍ കുടുങ്ങുന്നത് പായലോ പ്ലാസ്റ്റിക്കോ ആണ്.’
മത്സ്യങ്ങളുടെ ശത്രു പ്ലാസ്റ്റിക്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മത്സ്യസമ്പത്ത് എങ്ങനെ നശിപ്പിക്കുന്നു.? പ്ലാസ്റ്റിക് വിനാശകാരിയാണെന്ന് മത്സ്യമേഖലയിലെ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇതിന് പിറകിലെ ശാസ്ത്രം മിക്കവര്‍ക്കും അറിയില്ല. ജലത്തില്‍ അലിഞ്ഞുചേര്‍ന്ന ഓക്‌സിജന്റെ അളവ് മത്സ്യങ്ങളുടെ പ്രജനനത്തിനും വളര്‍ച്ചയയ്ക്കും നിര്‍ണ്ണായകമാണ്. 4 പിപിഎം (പാര്‍ട്ട് പെര്‍ മില്ല്യണ്‍) മുതല്‍ 5 പിപിഎം വരെയുളള അളവാണ് ഏറ്റവും അനുയോജ്യം. എന്നാല്‍ ഇന്നിത് 2 പിപിഎം മുതല്‍ 3 പിപിഎം വരെ താഴ്ന്നിരിക്കുന്നു. ജലപ്പരപ്പിലെ അമിതമായ പ്ലാസ്റ്റിക് സാന്നിധ്യമാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
ഇന്ന് വേമ്പനാട്ടുകായലില്‍ കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് ഭീതിജനകമാണ്. പുന്നമട കായലില്‍ ഓഗസ്റ്റ് മാസങ്ങളില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വളളംകളി കാണാന്‍ പതിനായിരങ്ങളാണ് വര്‍ഷന്തോറും കായല്‍ തീരത്ത് തടിച്ചുകൂടാറുളളത്. കഴിഞ്ഞ നെഹ്‌റു ട്രോഫിക്ക് ശേഷം വിദ്യാര്‍ത്ഥികളും എട്രീയും ചേര്‍ന്ന് കായല്‍ ശുചീകരണ യജ്ഞം നടത്തി. 6 മണിക്കൂറിനുളളില്‍ വളണ്ടിയര്‍മാര്‍ ശേഖരിച്ചത് 35 ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു. മുപ്പത് മത്സ്യതൊഴിലാളികള്‍ ചേര്‍ന്ന് നടത്തിയ 41 ദിവസത്തെ യജ്ഞം ആയാസകരമായിരുന്നു. അന്ന് ശേഖരിച്ചത് 5 ക്വിന്റല്‍ പ്ലാസ്റ്റിക് മാലിന്യം.
ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായല്‍ തീരത്തെ മുഹമ്മ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യയിലെ പകുതിയിലേറെ പേര്‍ കക്ക തൊഴിലാളികളും മത്സ്യ തൊഴിലാളികളുമാണ്. പ്ലാസ്റ്റിക് ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാണെണ് ഇവര്‍ തിരിച്ചറിയുന്നു. ഒറ്റയടിക്ക് പ്ലാസ്റ്റിക് നിരോധിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു. എന്നാല്‍ മുന്നൊരുക്കങ്ങളും ബദല്‍ സംവിധാനവും ഇല്ലാതെയുളള നിരോധനം അപ്രായോഗികമാണെന്ന് ഗ്രാമപഞ്ചായത്ത് ഭരണ സമിതി തിരിച്ചറിഞ്ഞു.
പ്ലാസ്റ്റിക് നിരോധിച്ചാല്‍ പകരം എന്ത്.? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജയലാല്‍ ആയിരുന്നു.
‘ഉപേക്ഷിക്കപ്പെട്ട തുണിണികള്‍ കൊണ്ട് ബാഗുകള്‍ നിര്‍മ്മിക്കുന്നതിന്റെ സാധ്യതകള്‍ ഞങ്ങള്‍ ആരാഞ്ഞു. പ്രതികരണം അത്ഭുതകരമായിരുന്നു.’ എട്രിയുടെ വേമ്പനാട് കായല്‍ സംരക്ഷണ കേന്ദ്രത്തിന്റെ പിന്തുണയോടെ വിപുലമായ പദ്ധതി തയ്യാറാക്കി.
ഉപേക്ഷിക്കപ്പെട്ട തുണികള്‍ ശേഖരിക്കുക എന്നതായിരുന്നു ആദ്യ ദൗത്യം. മുഹമ്മ എബീ വിലാസം സ്‌കൂളിലെ കുട്ടികളാണ് ദൗത്യം ഏറ്റെടുത്തത്. അവര്‍ വീടുകളില്‍ നിന്ന് പഴകിയ തുണികള്‍ ശേഖരിച്ചു. അവ 10-ാം വാര്‍ഡില്‍സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെത്തിച്ചു. അവിടെയാണ് പഴകിയ തുണികള്‍ കൊണ്ട് ബാഗുകള്‍ നിര്‍മ്മിക്കുന്ന വനിതാ കൂട്ടായ്മയുടെ ആസ്ഥാനം.
ഇരുപതോളം വനിതകളാണ് ഇവിടെ തുണികള്‍ കൊണ്ടുളള ബാഗുകള്‍ നിര്‍മ്മിക്കുന്നത്. ലളിതം, സുന്ദരം, ഈട് നില്ക്കുന്നത്. ഇതെല്ലാമാണ്മുഹമ്മ തുണിബാഗുകളുടെ പ്രത്യേകത. 50 മൈക്രോണില്‍ താഴെയുളള പ്ലാസ്റ്റിക് ബാഗുകള്‍ പഞ്ചായത്തില്‍ ഇതിനകം തന്നെ നിരോധിച്ചിട്ടുണ്ട്. ഏപ്രില്‍ മാസത്തോടെ പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണ്ണമായും നിരോധിക്കും. അപ്പോള്‍ മുഹമ്മക്കാര്‍ സാധന സാമഗ്രികള്‍ ഇനി എന്തില്‍ വാങ്ങിക്കും.?
ജയലാല്‍ അഭിമാനത്തോടെ നിര്‍ദ്ദേശിക്കുന്നു. ‘പ്ലാസ്റ്റിക് ബാഗുകള്‍ ഉപേക്ഷിച്ച് നമ്മുടെ അമ്മമാരും സഹോദരിമാരും നിര്‍മ്മിച്ച തുണിബാഗുകള്‍ വാങ്ങുക.’ കുറഞ്ഞ കാലം കൊണ്ടുതന്നെ മുഹമ്മ തുണി സഞ്ചി ബ്രാന്‍ഡായി മാറി. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും ആവശ്യക്കാര്‍ മുഹമ്മയിലെത്തി. പരിസ്ഥിതി സംരക്ഷണ പരിപാടികളിലെല്ലാം മുഹമ്മ സഞ്ചി ഇന്നൊരു പ്രധാന ആകര്‍ഷണമാണ്.
അപ്പോഴും ഒരു ചോദ്യം. കായലില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്ത് ചെയ്യും? എട്രീയാണ് പരിഹാരം കണ്ടെത്തിയത്. മുഹമ്മ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലൂടെ റോഡ് നിര്‍മ്മിക്കുക. ഒരു സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് റോഡ്.
മത്സ്യത്താവളങ്ങള്‍
മത്സ്യത്തിന്റെ പ്രജനനം ഊര്‍ജ്ജിതമാക്കാനുളള പ്രകൃതിദത്ത സംവിധാനമാണ് മത്സ്യതാവളങ്ങള്‍. കായലിന്റെ ഉള്‍ഭാഗത്താണ് മത്സ്യതൊഴിലാളികള്‍ താവളങ്ങള്‍ തീര്‍ക്കുന്നത്. കായലില്‍ മുളകള്‍ കുത്തിനാട്ടും. ഇവയ്ക്ക് ഇടയിലായി വൃക്ഷങ്ങളുടെ ചില്ലകളും ഇലകളുമെല്ലാം നിക്ഷേപിക്കും. അകലെനിന്ന് നോക്കിയാല്‍ ജലപ്പരപ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു കൊച്ചുദ്വീപ്. വെളളവും സസ്യങ്ങളും തമ്മിലുളള സമാഗമം മത്സ്യങ്ങള്‍ക്കാവശ്യമായ പോഷകാഹാരങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു. സമീപ പ്രദേശത്തെ മത്സ്യങ്ങള്‍ അന്നം തേടിയെത്തുന്നതോടെ ഇവിടം ഒരു മത്സ്യതാവളമായി മാറുന്നു. മത്സ്യങ്ങള്‍ പെറ്റുപെരുകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഇരതേടി എങ്ങോട്ടും പോവേണ്ടതില്ല.
മത്സ്യകുഞ്ഞുങ്ങള്‍ക്കും ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണം ലഭിക്കുന്നതും മത്സ്യത്താവളങ്ങളിലാണെന്ന് എട്രിയുടെ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ടിഡി ജോജോ വിശദീകരിക്കുന്നു. ‘ഇവിടെയെത്തിയാല്‍ മത്സ്യങ്ങള്‍ ധാരാളം ലഭിക്കും. എന്നാല്‍ മത്സ്യതൊഴിലാളികള്‍ ഇവിടെ മീന്‍ പിടിക്കാറില്ല. ഇവിടുത്തെ മത്സ്യങ്ങള്‍ നശിച്ചാല്‍ പിന്നെ നശിക്കുന്നത് വേമ്പനാട്ടുകായലിലെ മൊത്തം മത്സ്യസമ്പത്തായിരിക്കും.’
എട്രീയുടെ മേല്‍ നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 23 മത്സ്യതാവളങ്ങള്‍ ഇന്ന് വേമ്പനാട്ടുകായലില്‍ ഉണ്ട്. ആഗോള താപനത്തില്‍ കായല്‍ പരപ്പ് തിളച്ചുമറിയുമ്പോള്‍ മത്സ്യസമ്പത്ത് സംരക്ഷിക്കാനുളള പ്രകൃതിദത്ത പ്രതിരോധമാണ് മത്സ്യതാവളങ്ങള്‍. ആഗോളതാപനം ആഗോള പ്രതിഭാസമാണ്. മത്സ്യതാവളങ്ങളും തുണിബാഗ് നിര്‍മ്മാണ കേന്ദ്രങ്ങളും ഉള്‍പ്പെടെയുളള ജനകീയ ചെറുത്ത് നില്‍പ് സംരംഭങ്ങളിലൂടെ മാത്രമേ ഇതിനെ പ്രതിരോധിക്കാനാവൂ. ടൂറിസത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതോടോപ്പം തന്നെ വേമ്പനാട് കായലിനെ ശുചീകരിക്കണം. അല്ലാത്തപക്ഷം സ്വര്‍ഗ്ഗ സാന്നിധ്യമായ കാക്കതുരുത്ത് അധികം താമസിക്കാതെ മാലിന്യകൂമ്പാരമായി മാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here