ബജറ്റ് കേരള സമൂഹത്തിന്റെ ജീവിതരേഖ; തെളിയുന്നത് ഇടതുപക്ഷ ബദല്‍ രാഷ്ട്രീയം; മതനിരപേക്ഷ ചേരിയെ ബലപ്പെടുത്തുന്ന ബജറ്റ്

ധനമന്ത്രി ടിഎം തോമസ് ഐസക് അവതരിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് നൂറിലേറെ പേജില്‍ നിറഞ്ഞിട്ടുള്ള കേവലം അക്ഷരങ്ങളല്ല, ജനജീവിത രേഖയാണ്. അതുകൊണ്ടുതന്നെ അതിന് ഒരു രാഷ്ട്രീയമുണ്ട്. ബജറ്റില്‍ തെളിയുന്ന ആസൂത്രണം ഒരു ദിശ പ്രധാനംചെയ്യുന്നു. അത് ഇടതുപക്ഷത്തിന്റേതാണ്. ഇന്ന് മോഡിഭരണത്തില്‍ രാജ്യം ഗുരുതരമായ അപകടം നേരിടുകയാണ്.

പഞ്ചവത്സരപദ്ധതിയേ വേണ്ട എന്ന മോഡി സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ വെല്ലുവിളിച്ച് പഞ്ചവത്സസരപദ്ധതിയിലൂന്നിയുള്ള ഒരു ബജറ്റാണ് സംസ്ഥാനം മുന്നോട്ടുവച്ചത്. ഇപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ ആസൂത്രണകാഴ്ചപ്പാടിനെ നിരാകരിക്കുന്ന ഇടതുപക്ഷ ബദല്‍ രാഷ്ട്രീയമാണ് ബജറ്റില്‍ തെളിയുന്നത്.

ഇന്ത്യ നേരിടുന്ന കാര്‍ഷിക വ്യാവസായിക പ്രതിസന്ധിക്ക് നിദാനം സര്‍ക്കാര്‍ ദേശീയമായി പിന്തുടരുന്ന നടപടിയും നയവുമാണ്. ആ നയം അന്തര്‍ദേശീയ നാണയനിധി, ലോകബാങ്ക്, അവകളുടെ ഉപഗ്രഹബാങ്കുകള്‍ തുടങ്ങിയവയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ്. അതുകൊണ്ടാണ് അടിസ്ഥാനസൌകര്യവികസനത്തിനും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിലും മുതല്‍മുടക്കിന് സര്‍ക്കാര്‍ നേരിട്ട് തയ്യാറാകാത്തത്. ഇത് ഉല്‍പ്പാദനശക്തികളെ നേരിട്ട് ബാധിക്കുകയും ഉല്‍പ്പാദനവളര്‍ച്ചയെ മന്ദഗതിയിലാക്കുകയും തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഈ വിപത്തിന് കീഴടങ്ങാത്തതാണ് കേരളബജറ്റ്. അതുവഴി കേരളീയരുടെ ക്രയശേഷി ഗണ്യമായി വര്‍ധിപ്പിക്കാനുതകുന്ന നിര്‍ദേശങ്ങളാണ് ബജറ്റ് നല്‍കുന്നത്. ഇതിനെല്ലാമപ്പുറം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നയംകാരണം സംഭവിക്കുന്ന നിര്‍ധനവല്‍ക്കരണത്തിനും വിശപ്പിന്റെ ആഴം വര്‍ധിപ്പിക്കുന്നതിനും ബദലായ ഒന്നാണ് എല്‍ഡിഎഫ് ബജറ്റ്. അതുകൊണ്ടുതന്നെ ബിജെപിയുടെ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോണ്‍ഗ്രസിന്റെ സംസ്ഥാന ഭരണങ്ങള്‍ക്കും ബദലായ ജനകീയ ബജറ്റാണ് കേരളത്തിന്റേത്. ഈ അര്‍ത്ഥത്തില്‍ ഇത് ആഗോളവല്‍ക്കരണ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പൊരുതുന്നവരുടെ കൈയിലെ ഒരു സമരായുധമായി മാറുന്നു.

ജനാധിപത്യം വിപുലീകരിക്കുന്നതിന് ബഹുദൂരം മുന്നോട്ടുപോയെങ്കിലേ നമ്മുടെ ജനങ്ങളുടെ മുന്‍കൈയും അവരുടെ സര്‍ഗാത്മകശക്തിയും കെട്ടഴിച്ചുവിടാനാകൂ. ഇന്ന് നമ്മുടെ പദ്ധതികളില്‍ ഉദ്യോഗസ്ഥ മേധാവിത്വപരമായ ഭരണവും കാര്യക്ഷമതയില്ലായ്മയും അഴിമതിയും ദുര്‍വ്യയവും സംഭവിക്കുന്നുവെന്നത് വസ്തുതയാണ്. അത് മറികടക്കാനാണ് പദ്ധതികളുടെ ആസൂത്രണത്തിലും നിര്‍വഹണത്തിലും ജനപങ്കാളിത്തം ഉറപ്പാക്കുന്ന നിര്‍ദേശം ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. ഈ ദിശയിലേക്ക് തിരിയുമ്പോഴാണ് ഈ ബജറ്റ് വെറുമൊരു അലങ്കാരവസ്തുവല്ല ജനജീവിതം മെച്ചപ്പെടുത്തുന്നതും നാടിനെ അഭിവൃദ്ധിപ്പെടുത്തുന്നതും വികസിപ്പിക്കുന്നതുമായ അടിസ്ഥാന കാഴ്ചപ്പാടുള്ളതാണെന്ന് വ്യക്തമാകുന്നത്.

നവകേരളമിഷനും ജനകീയാസൂത്രണത്തിന്റെ രണ്ടാംപതിപ്പിനും നല്‍കുന്ന ഊന്നല്‍ ഇത് അടിവരയിടുന്നു. മാലിന്യനിര്‍മാര്‍ജനം, കൃഷി, ജലസംരക്ഷണം, പരിസരശുചിത്വം, ആരോഗ്യം, പൊതുവിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ പുതിയൊരു ചരിത്രം രചിക്കുന്നതാണ് നവകേരള മിഷന്‍. ഇത് ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നുവെന്നത് പ്രത്യേകം പ്രാധാന്യമുള്ളതാണ്. മുമ്പ് സാക്ഷരതായജ്ഞം നടപ്പാക്കിയതുപോലെ ജനപങ്കാളിത്തം പദ്ധതിനിര്‍വഹണത്തില്‍ നടപ്പാക്കുന്ന ഒന്നാകും നവകേരളമിഷന്‍. സംസ്ഥാന സര്‍ക്കാരും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളുമെല്ലാം ചേര്‍ന്ന ഒരു കൂട്ടായ്മ രൂപപ്പെടും. അതിനെ ഉത്തേജിപ്പിക്കുന്നതാണ് ഈ ബജറ്റ്.

കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) ഒരാകാശ കുസുമമാണെന്നും അതിനെ ആശ്രയിച്ച് സംസ്ഥാന വികസനം നടത്താമെന്ന വിചാരം മണ്ടത്തരമാണെന്നുമാണ് ചില വലതുപക്ഷ സാമ്പത്തിക വിദഗ്ധരുടെ നിലപാട്. ബജറ്റിന്റെ അച്ചുതണ്ടുതന്നെ കിഫ്ബിയാണെന്നും കഴിഞ്ഞ ബജറ്റില്‍ കിഫ്ബിയിലൂടെ ലക്ഷ്യമിട്ടതെല്ലാം കടലാസില്‍ ശേഷിക്കുകയാണെന്നുമാണ് ഡോ. മേരി ജോര്‍ജ്, ഡോ. ബിഎ പ്രകാശ് തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടുന്നത്. പശ്ചാത്തല വികസനമുള്‍പ്പെടെയുള്ള പദ്ധതിനിര്‍ദേശങ്ങള്‍ പ്രായോഗികമാക്കാന്‍ പ്രയാസമാണെന്നാണ് ഇവരുടെ അഭിപ്രായം.

പക്ഷേ, ഇവരുടെ വാദമുഖങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ കിഫ്ബി അല്ല ഇവരുടെ ചിന്തകളാണ് മൂടില്ലാത്താളികളെന്ന് തെളിയും. 2017-18ലെ വാര്‍ഷികപദ്ധതികളുടെ അടങ്കല്‍ 26,500 കോടി രൂപയാണ്. ഇത് കഴിഞ്ഞവര്‍ഷത്തെ 24,000 കോടിയെ അപേക്ഷിച്ച് 10.4 ശതമാനം കൂടുതലാണ്. കൃഷി, ജലസേചനം, പൊതുവിതരണ സമ്പ്രദായം, വ്യവസായം, വൈദ്യുതി, ഗതഗാതം, വിനോദസഞ്ചാരം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ രംഗങ്ങളിലെല്ലാം വലിയതോതിലുള്ള പദ്ധതി അടങ്കല്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്.

സാമൂഹ്യനീതി ഉറപ്പാക്കുന്നതില്‍ അതീവശ്രദ്ധയാണ് കാട്ടിയത്. വയോധികര്‍, രോഗികള്‍, അഗതികള്‍ ഇവരോടെല്ലാം കാരുണ്യം ചൊരിഞ്ഞു. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് മുന്തിയ പരിഗണനയാണ്. 100 രൂപ കൂട്ടി 1100 രൂപ സുരക്ഷാപെന്‍ഷന്‍കാര്‍ക്ക് കിട്ടും. ജീവിത ശൈലീരോഗക്കാര്‍ക്ക് മരുന്ന് സൗജന്യമായി കിട്ടും. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് 10 ശതമാനം വിലയ്ക്ക് മരുന്ന് കിട്ടും. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിവരെ വികസിപ്പിക്കുകയാണ്. ഡോക്ടര്‍മാരുടേതുള്‍പ്പെടെ 8000 പുതിയ തസ്തിക ആശുപത്രികളില്‍ വരികയാണ്. നാടിനോട് പ്രതിബദ്ധതയുള്ള ആര്‍ക്കെങ്കിലും ഇതെല്ലാം നല്ല നിര്‍ദേശങ്ങളല്ലെന്ന് പറയാനാകുമോ.

ഇപ്രകാരം കിഫ്ബി കൂടാതെയും കിഫ്ബിയോടുകൂടിയും വികസനത്തിനായും മാന്ദ്യവിരുദ്ധതയ്ക്കായുമുള്ള സമീപനമാണ് ബജറ്റില്‍. ബിജെപികോണ്‍ഗ്രസ് ഭരണങ്ങളില്‍ ബഹുരാഷ്ട്ര കുത്തകകളെയും ലോകബാങ്കിനെയും ആശ്രയിച്ചുള്ള ധനസമാഹരണ സമീപനമാണ്. അതില്‍നിന്നു വ്യത്യസ്തമായി ജനങ്ങളെ ആശ്രയിച്ചുള്ള ധനസമാഹരണത്തിന്റെ ജനകീയബദല്‍ രീതിയാണ് പിണറായി സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. റോഡ് വികസനത്തിനായി അഞ്ചുവര്‍ഷത്തിനകം 50,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. അതില്‍ 12,000 കോടി രൂപ പ്രവാസി ചിട്ടി നടത്തിപ്പിലൂടെ കെഎസ്എഫ്ഇ വഴി സമാഹരിക്കും. ആ പണമാണ് കിഫ്ബിയിലെത്തുക.

കിഫ്ബി ഒരു പുതിയ സംവിധാനമാണ്. അതിന്റെ നിയമനിര്‍മാണം പൂര്‍ത്തിയാക്കി. ഡയറക്ടര്‍ബോര്‍ഡും ഉപദേശകബോര്‍ഡും ചുമതലയേറ്റു. ഇതിനകം നാലായിരം കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി കൊടുത്തു. മാര്‍ച്ച് 31നകം 11,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ബോര്‍ഡ് അംഗീകാരം നല്‍കുകയും ചെയ്യും. അങ്ങനെയാകുമ്പോള്‍ കഴിഞ്ഞ ബജറ്റില്‍ വിഭാവനം ചെയ്തത് ഏറെക്കുറെ പാലിക്കാന്‍ കഴിയും. അതിനര്‍ഥം കിഫ്ബി ആകാശകുസുമമല്ല മനുഷ്യ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന നൂതനമാര്‍ഗ സംവിധാനമാണ് എന്നതാണ്.

2017 – 18ല്‍ 20,000 കോടി രൂപയുടെ പ്രോജക്ടുകള്‍ കിഫ്ബി വഴി നടപ്പാക്കുമെന്ന് ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ പരമ്പരാഗത ധനാഗമ മാര്‍ഗങ്ങള്‍ക്കു പുറത്ത് പുതിയ വഴികളിലൂടെയും പണം കണ്ടെത്തി വികസന പദ്ധതികള്‍ നടപ്പാക്കാനുള്ള വാതില്‍ തുറന്നിരിക്കുന്നു. ക്ഷേമ സ്വപ്നങ്ങളും വിഭവദാരിദ്ര്യവും തമ്മിലുള്ള വിടവ് തീര്‍ക്കാനുള്ള പ്രായോഗിക പദ്ധതിയാണ് ഇത്.

നോട്ട് നിരോധനം, ആഗോളതലത്തിലെ മാന്ദ്യം, സംസ്ഥാനം നേരിടുന്ന വരള്‍ച്ച ഇതിനെയെല്ലാം അതിജീവിക്കാനുള്ള മാന്ദ്യവിരുദ്ധ പാക്കേജാണ് സംസ്ഥാനബജറ്റ്. പ്രവാസിക്ഷേമത്തിന് ഊന്നലുണ്ട്. തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് 500 രൂപയുടെ പെന്‍ഷന്‍ 2000 ആക്കി. ഈ തുക പരിമിതമാണെങ്കിലും സമീപനത്തിലെ ഉദാരത വ്യക്തമാണ്. കെ.ഫോണ്‍ പദ്ധതിയിലൂടെ 20 ലക്ഷംപേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നത് പാവപ്പെട്ട ജനവിഭാഗങ്ങളോടുള്ള ആഭിമുഖ്യം പ്രകടമാക്കുന്നതാണ്.

പുതിയ തൊഴിലവസരം സൃഷ്ടിക്കാനുള്ള പരിപാടികളുമുണ്ട്. 2020 ആകുമ്പോള്‍ ഇന്‍ഫോപാര്‍ക്കുവഴിമാത്രം ഒരുലക്ഷം തൊഴിലവസരമുണ്ടാകും. കേന്ദ്രത്തിലെ മോഡി സര്‍ക്കാര്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കും ബജറ്റില്‍ തുക കുറച്ചു. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ ചരിത്രത്തിലെ ഏറ്റവും വലിയ വിഹിതം മാറ്റിവച്ചു. അവരുടെ ജനസംഖ്യക്ക് ആനുപാതികമായതിനേക്കാള്‍ കൂടിയ തുക മാറ്റി. സ്ത്രീകളുടെ തുല്യാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും സ്ത്രീസുരക്ഷയ്ക്കും ബജറ്റ് പ്രാധാന്യം നല്‍കുന്നു.

നികുതിനിര്‍ദേശങ്ങള്‍ എന്തുകൊണ്ട് ഒഴിവായി എന്ന ചോദ്യം ഉയരുന്നുണ്ട്. ഇവിടെ കാണേണ്ടത് കേന്ദ്രസര്‍ക്കാര്‍ പഞ്ചവത്സരപദ്ധതി ഉപേക്ഷിച്ചെങ്കിലും കേരളം പഞ്ചവത്സരപദ്ധതിയെന്ന സമീപനം ഉപേക്ഷിക്കുന്നില്ല എന്നതാണ്. നരേന്ദ്ര മോഡി സര്‍ക്കാര്‍ പഞ്ചവത്സരപദ്ധതി വേണ്ടെന്നുവച്ചത് പലപ്രകാരത്തിലും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അത് കണക്കിലെടുത്തുതന്നെ അതിനെ മറികടന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ 13-ാം പഞ്ചവത്സര പദ്ധതിയിലേക്ക് കടക്കാന്‍പോവുകയാണ്.

അങ്ങനെ മോഡി സര്‍ക്കാരില്‍നിന്ന് വ്യത്യസ്തമാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണ നയ സമീപനങ്ങള്‍. ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരികയും പാര്‍ലമെന്റ് അംഗീകരിക്കുകയും ചെയ്ത ജിഎസ്ടി ദേശവ്യാപകമായി നടപ്പാക്കുകയാണ്. ഇതുവഴി സംസ്ഥാനത്തിന് എന്ത് വരുമാനം ലഭിക്കും, ഏതൊക്കെ ഇനങ്ങളില്‍ നികുതി കുറവ് ഉണ്ടാകും തുടങ്ങിയ കാര്യങ്ങളെല്ലാം ഇനി മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ.

അരിയുടെ പേരില്‍ മുതലെടുപ്പ് രാഷ്ട്രീയത്തിന് പ്രതിപക്ഷം ഇറങ്ങിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യഭദ്രതാ നിയമവും വിവിധ സംസ്ഥാനങ്ങളിലെ വരള്‍ച്ചയും കാരണമാണ് അരിവില കൂടിയത്. ഏത് നിലയിലും ആളുകള്‍ക്ക് ന്യായവിലയ്ക്ക് അരി ലഭ്യമാക്കാനുള്ള നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് അരിയുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ റേഷന്‍ സബ്‌സിഡിയായി 900 കോടി രൂപയും സപ്ലൈകോയ്ക്ക് 200 കോടി രൂപയും കണ്‍സ്യൂമര്‍ഫെഡിന് 150 കോടിരൂപയും വകയിരുത്തിയത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാനുള്ള നിര്‍ദേശങ്ങളുണ്ട്. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാനുള്ള നിശ്ചയദാര്‍ഢ്യമുണ്ട്.

ഏറെ പ്രകീര്‍ത്തിക്കുന്ന ബജറ്റിന്റെ ശോഭ തടയാനാണ് ‘ബജറ്റ് ചോര്‍ച്ച’ എന്ന ആക്ഷേപവും അതിന്മേലുള്ള ഒച്ചപ്പാടും പ്രതിപക്ഷം കൊണ്ടുവന്നത്. ബജറ്റ് ഒരുതരത്തിലും ചോര്‍ന്നിട്ടില്ല. മാധ്യമങ്ങള്‍ക്ക് കൊടുക്കാനായി തയ്യാറാക്കിയ കുറിപ്പ് ബജറ്റ് അവതരണത്തിനിടെ ചില പത്രം ഓഫീസുകളില്‍ എത്തിയതാണ് വിഷയം. ഇത് ഒരര്‍ഥത്തിലും ബജറ്റിന്റെ ചോര്‍ച്ചയല്ല. നിയമസഭ സ്തംഭിപ്പിക്കാതെ ബജറ്റ് ചര്‍ച്ചയുമായി മുന്നോട്ടുപോകാന്‍ പ്രതിപക്ഷം അവസാനം തയ്യാറായത് യാഥാര്‍ഥ്യ ബോധം ഉള്‍ക്കൊള്ളുന്ന നടപടിയായി.

ഈ ബജറ്റ് ഉയര്‍ത്തുന്ന രാഷ്ട്രീയം കേരളത്തിലെ പ്രതിപക്ഷചേരിയില്‍ പ്രതിഫലനം സൃഷ്ടിച്ചിട്ടുണ്ട്. പഞ്ചവത്സരപദ്ധതിയേ വേണ്ടെന്നുവച്ച മോഡിസര്‍ക്കാരിന്റെ നയം നിരാകരിക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റെന്ന് നേരത്തെതന്നെ സൂചിപ്പിച്ചു. ജനങ്ങളുടെ പൗരാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും മതനിരപേക്ഷ ചിന്തയും കാത്തുരക്ഷിക്കുന്നതാണ് ഇത്.

ഇതിനെ ബിജെപിക്കൊപ്പംനിന്ന് എതിര്‍ക്കുന്ന കോണ്‍ഗ്രസ് സമീപനത്തോട് മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് എം തുടങ്ങിയ കക്ഷികള്‍ ഇനിയും യോജിക്കണമോ എന്ന ചോദ്യം പ്രസക്തമാണ്. ചിന്തയിലും പ്രവൃത്തിയിലും ബിജെപിയുമായി സമരസപ്പെടുന്ന കോണ്‍ഗ്രസ് നയത്തിനെതിരെ ഒരു മതനിരപേക്ഷ ചേരി യുഡിഎഫിനുള്ളില്‍ ഉരുത്തിരിഞ്ഞുവരാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. അതിനെ ബലപ്പെടുത്തുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here