പാകിസ്താനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണം; അവര്‍ വിശ്വസിക്കാന്‍ കൊള്ളാത്ത സഖ്യകക്ഷി; തീവ്രവാദികളെ സഹായിക്കുന്നുവെന്നും ആക്ഷേപം; അമേരിക്കന്‍ കോണ്‍ഗ്രസില്‍ പാകിസ്താനെതിരെ ബില്‍

വാഷിംഗ്ടണ്‍ : പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ചു. വിശ്വസിക്കാന്‍ കൊള്ളാത്ത സഖ്യകക്ഷിയാണ് പാകിസ്താന്‍. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് പാകിസ്താനെന്നും ബില്ലില്‍ പറയുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ടെഡ് പോ ആണ് ബില്‍ അവതരിപ്പിച്ചത്.

അമേരിക്കയുടെ ശത്രുക്കളെ വര്‍ഷങ്ങളായി പാകിസ്താന്‍ സഹായിക്കുന്നുവെന്നും ബില്ലില്‍ ആരോപിക്കുന്നു. ഇതുവഴി അവര്‍ക്ക് വഴിവിട്ട സഹായങ്ങളാണ് ആ രാജ്യം ചെയ്യുന്നത്. എല്ലാ കാര്യങ്ങളിലും പാകിസ്താന്റെ നിലപാട് വ്യക്തമാണ്. ഭീകരവാദികള്‍ക്കൊപ്പമാണ് പാകിസ്താന്റെ എല്ലാക്കാലത്തെയും നിലപാട് എന്നും ടെഡ് പോ കുറ്റപ്പെടുത്തി.

പാകിസ്താനാണ് അല്‍ ക്വയ്ദ തീവ്രവാദിയായ ഉസാമ ബിന്‍ ലാദനെ ഒളിപ്പിച്ചത്. ഹഖാനി ശൃംഖലയുമായുള്ള പാകിസ്താന്റെ ബന്ധവും ഇത് വ്യക്തമാക്കുന്നു. ഭീകരവാദത്തിന്റെ പ്രായോജകരായി പാകിസ്താനെ മുദ്ര കുത്തണം. ഒപ്പം അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരായ ചതിക്ക് മറുപടി നല്‍കണം. ഇത് ലോകത്തിന്റെ വിഷയമാണ് എന്നും ടെഡ് പോ പറഞ്ഞു.

ഭീകരവാദം സംബന്ധിച്ച വിഷയങ്ങള്‍ പരിശോധിക്കുന്ന അമേരിക്കന്‍ കോണ്‍ഗ്രസ് ഉപസമിതിയിലെ അംഗമാണ് ടെഡ് പോ. ഔദ്യോഗിക പിന്തുണയോടെയാണ് ടെഡ് പോ ബില്‍ അവതരിപ്പിച്ചതെന്നും വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ചതിലൂടെ പാകിസ്താനെതിരായ നീക്കം കൂടുതല്‍ ശക്തിപ്പെടുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here