ആറ്റുകാല്‍ പൊങ്കാല ഇന്ന്; തലസ്ഥാനനഗരിയിലേക്ക് ഭക്തലക്ഷങ്ങള്‍; രാത്രി എട്ടുവരെ ഗതാഗതനിയന്ത്രണം; ചടങ്ങുകള്‍ രാവിലെ 10.45ന്

തിരുവനന്തപുരം: വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. രാവിലെ 10.45ന് നഗരത്തെ യാഗശാലയാക്കി മാറ്റുന്ന പൊങ്കാലയ്ക്ക് തുടക്കമാകും. സുരക്ഷയ്ക്കായി 3200 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

വിവിധ ജില്ലക്കാരും തമിഴ്‌നാട് ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പതിവായി പൊങ്കാലയിടാനെത്താറുണ്ട്. ഇവര്‍ക്ക് സുരക്ഷയും സൗകര്യങ്ങളുമൊരുക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും നഗരസഭയും ചേര്‍ന്ന് മികച്ച സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ക്ഷേത്രത്തില്‍ എത്തുന്നതിനായി കെഎസ്ആര്‍ടിസി, റെയില്‍വേ എന്നിവ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഫയര്‍ഫോഴ്‌സ് പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ആരോഗ്യവിഭാഗം കടകളില്‍ പരിശോധന ശക്തമാക്കി. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാനുള്ള നടപടികളും നടക്കുന്നുണ്ട്.

ആറ്റുകാല്‍ പൊങ്കാലയില്‍ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കണമെന്ന് നഗരസഭ നിര്‍ദേശിച്ചിട്ടുണ്ട്. പൊങ്കാലയ്ക്ക് വരുന്നവര്‍ പ്ലാസ്റ്റിക് കവറുകളും ഡിസ്‌പോസിബിള്‍ പാത്രങ്ങളും ഗ്ലാസുകളും പൂര്‍ണമായി ഒഴിവാക്കണമെന്നും ഭക്ഷണം കഴിക്കുന്നതിന് സ്റ്റീല്‍ പാത്രവും ഗ്ലാസും ഒപ്പം കരുതണമെന്നുമുള്ള അറിയിപ്പ് കേരളത്തിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും നല്‍കിയിട്ടുണ്ട്.

നഗരത്തിലെ കോളേജുകളിലെ എന്‍എസ്എസ് വളന്റിയര്‍മാരെയും രംഗത്തിറക്കിയിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോകോള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്ത സംഘടനകളുടെ പ്രവര്‍ത്തനം ഗ്രീന്‍ വളന്റിയര്‍മാര്‍ വിലയിരുത്തും. മികച്ച അഞ്ച് സംഘടനകള്‍ക്ക് നഗരസഭ അവാര്‍ഡ് നല്‍കും.

PONGHALAപൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ വെള്ളിയാഴ്ച പകല്‍ രണ്ടുമുതല്‍ ശനിയാഴ്ച രാത്രി എട്ടുവരെ ഗതാഗതനിയന്ത്രണം ഉണ്ടാകും. നഗരാതിര്‍ത്തിക്കുള്ളില്‍ ഹെവി വാഹനങ്ങള്‍ പ്രവേശിക്കാനോ പാര്‍ക്ക് ചെയ്യാനോ അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രധാന റോഡുകളിലാ, എംസി, എന്‍എച്ച്, എംജി റോഡുകളിലും ഗതാഗത തടസമുണ്ടാക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്യരുത്.

സ്വകാര്യ വാഹനങ്ങള്‍ പാപ്പനംകോട് എന്‍ജിനിയറിങ് കോളേജ്, നീറമണ്‍കര എന്‍എസ്എസ് കോളേജ്, എംഎംആര്‍എച്ച് നീറമണ്‍കര, ശിവ തിയറ്റര്‍ റോഡ്, കല്‍പ്പാളയം മുതല്‍ നീറമണ്‍കര പെട്രോള്‍ പമ്പുവരെ, കോവളം, കഴക്കൂട്ടം ബൈപാസിന് ഇരുവശവുമുള്ള സര്‍വീസ് റോഡുകള്‍ എന്നിവിടങ്ങളില്‍ പോകേണ്ട ദിശകള്‍ അനുസരിച്ച് സൌകര്യപൂര്‍വം പൊങ്കാലയടുപ്പുകള്‍ക്ക് പരമാവധി അകലെയായി പാര്‍ക്ക് ചെയ്യണം. ടൈല്‍ പാകിയ ഫുട്ട്പാത്തുകളില്‍ പൊങ്കാല അടുപ്പുകള്‍ കൂട്ടാന്‍ പാടില്ല. എല്ലാ വാഹനങ്ങളിലും ഡ്രൈവര്‍/സഹായി ഉണ്ടായിരിക്കുകയും അല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ വ്യക്തമായ രീതിയില്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here