തെരഞ്ഞെടുപ്പിൽ മോദി തരംഗമില്ല; പ്രതിഫലിച്ചത് സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധ വികാരം മാത്രം

ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ മോദി തരംഗം ആഞ്ഞുവീശുമെന്നും നോട്ട് അസാധുവാക്കൽ ഗുണകരമായെന്നു ജനങ്ങൾ വിധിയെഴുതുമെന്നുമുള്ള ബിജെപി പ്രചാരണം പൊളിയുന്നു. സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധ വികാരം മാത്രമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നു ഫലസൂചനകൾ വ്യക്തമാക്കുന്നു. ഓരോ സംസ്ഥാനങ്ങളിലും നിലവിലെ ഭരണകക്ഷിക്കു ഭരണം നഷ്ടമായതാണ് കാണുന്നത്. മോദി തരംഗം പ്രതിഫലിച്ചിരുന്നെങ്കിൽ അഞ്ചു സംസ്ഥാനങ്ങളിലും ബിജെപി ഭരണം പിടിക്കുമായിരുന്നു. ഇപ്പോഴാകട്ടെ കയ്യിലിരുന്ന രണ്ടു സംസ്ഥാനങ്ങൾ നഷ്ടമാകുന്ന അവസ്ഥയാണ് ബിജെപിക്ക്.

ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയാണ് ഭരിച്ചു കൊണ്ടിരുന്നത്. ഇവിടെ ബിജെപിയുടെ വൻ മുന്നേറ്റമാണ് കാണുന്നത്. കോൺഗ്രസുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടും സമാജ്‌വാദി പാർട്ടിക്കു കാര്യമായ ഗുണം ചെയ്തില്ല എന്നാണ് വ്യക്തമാകുന്നത്. കേവല ഭൂരിപക്ഷവും കടന്ന് യുപിയിൽ ബിജെപി ഭരണം ഉറപ്പിച്ചു കഴിഞ്ഞു. തൂക്കുസഭയെന്ന എക്‌സിറ്റ്‌പോൾ ഫലങ്ങൾ പോലും ഇവിടെ അപ്രസക്തമാകുന്നു. 14 വർഷങ്ങൾക്കു ശേഷമാണ് യുപിയിൽ ബിജെപി ഭരണം പിടിക്കുന്നത്.

കയ്യിലിരുന്ന രണ്ടു സംസ്ഥാനങ്ങളാണ് ബിജെപിക്കു നഷ്ടമായത്. അതിൽ ഒന്ന് ഗോവയാണ്. ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും ഇത്തവണ പാർട്ടിക്ക് കണക്ക് പിഴച്ചു. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കുകയും ചെയ്തു.

അതുപോലെ ബിജെപി അകാലിദൾ സംഖ്യം ഭരിച്ചുകൊണ്ടിരുന്ന പഞ്ചാബിൽ അവർക്കു കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഇവിടെ പ്രതിപക്ഷമായ കോൺഗ്രസ് മുന്നേറുകയാണ്. ആം ആദ്മിയും ഇവിടെ മുന്നേറ്റം കാഴ്ചവയ്ക്കുന്നു. പ്രതിപക്ഷസ്ഥാനം ആം ആദ്മി നേടാനാണ് സാധ്യത.

കോൺഗ്രസ് ഭരിക്കുന്ന ഉത്തരാഖണ്ഡിലും ഭരണകക്ഷിക്കു തിരിച്ചടി നേരിടുകയാണ്. യുപിയിലെ പോലെ ഇവിടെയും ബിജെപിയുടെ മുന്നേറ്റമാണ് കാണുന്നത്. മണിപ്പൂരിൽ കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News