യുപിയിൽ ബിജെപി വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചെന്നു മായാവതി; തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ബാലറ്റിലൂടെ പകരം തെരഞ്ഞെടുപ്പ് നടത്തണമെന്നും മായാവതി

ലഖ്‌നൗ: യുപിയിൽ ബിജെപി വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചാണ് വിജയിച്ചതെന്നു ബിഎസ്പി അധ്യക്ഷ മായാവതി. ഒന്നുകിൽ ബിജെപിയുടെ വോട്ടുകൾ മാത്രമാണ് മെഷീനിൽ പതിഞ്ഞത്. അതുമല്ലെങ്കിൽ മറ്റുള്ളവരുടെ വോട്ടുകൾ കൂടി ബിജെപി അക്കൗണ്ടിലേക്കു പോയി. ഇതാണ് ബിജെപിക്ക് ഇത്ര വലിയ വിജയം ഉണ്ടാകാൻ കാരണം. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാണ് ആവശ്യം. ഫലം റദ്ദാക്കി പകരം ബാലറ്റ് സംവിധാനത്തിലൂടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും മായാവതി ആവശ്യപ്പെട്ടു.

മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെ ഭൂരിഭാഗം വോട്ടുകളും ബിജെപിക്കാണ് പോയിട്ടുള്ളത്. ഇതുതന്നെ ബിജെപി വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചെന്നതിനു തെളിവാണ്. പല വോട്ടിംഗ് മെഷീനുകളിലും ബിജെപിയുടെ ചിഹ്നം മാത്രമാണ് ഉണ്ടായിരുന്നത്. ഈ ക്രമക്കേടുകളെല്ലാം അന്വേഷിക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മായാവതി തെരഞ്ഞെടുപ്പ് കമ്മീഷനു കത്തെഴുതിയിട്ടുണ്ട്. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്നും മായാവതി വ്യക്തമാക്കി.

അതേസമയം, വിജയം ബിജെപി മുന്നോട്ടുവച്ച ആശയങ്ങൾക്കുള്ള അംഗീകാരമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. മോദിയുടെ പാവപ്പെട്ടവരോടുള്ള സമീപനത്തിന്റെയും വികസന നിലപാടുകളുടെയും അംഗീകാരമാണെന്നും അമിത് ഷാ പറഞ്ഞു.

14 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ബിജെപി ഉത്തർപ്രദേശിൽ ഭരണം പിടിക്കുന്നത്. 2002-ലാണ് അവസാനമായി ബിജെപി ഉത്തർപ്രദേശ് ഭരിച്ചത്. നാലിൽ മൂന്നു ഭൂരിപക്ഷവുമായിട്ടാണ് ബിജെപി യുപിയിൽ അധികാരത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് 2017-ലേക്ക് എത്തുമ്പോൾ ആറിരട്ടിയോളമാണ് സീറ്റ് വർധനവുണ്ടായത്. എസ്പി-കോൺഗ്രസ് സഖ്യം നിലം തൊട്ടില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്.

ആകെയുള്ള 403 സീറ്റിൽ 300-ൽ അധികം സീറ്റുകളിലും ബിജെപി മുന്നേറ്റമാണ്. 47 സീറ്റാണ് 2012-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായിരുന്നത്. നിലവിലെ ഭരണകക്ഷിയായ സമാജ്‌വാദി പാർടിക്ക് കനത്ത തിരിച്ചടിയേറ്റു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് 252 സീറ്റുണ്ടായിരുന്ന എസ്പിയാണ് ഇത്തവണ സഖ്യമായി മത്സരിച്ചിട്ടും 60 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോയത്. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടും മുന്നേറ്റമുണ്ടാക്കാൻ എസ്പിക്കായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News