ഭരണവിരുദ്ധ വികാരത്തിൽ കാലിടറിയത് രണ്ടു മുഖ്യമന്ത്രിമാർക്ക്; തോറ്റ പ്രമുഖരെ അറിയാം

ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം അലയടിച്ചപ്പോൾ കാലിടറിയത് രണ്ടു മുഖ്യമന്ത്രിമാർക്ക്. ഗോവയിലെ ബിജെപി മുഖ്യമന്ത്രിയും ഉത്തരാഖണ്ഡിലെ കോൺഗ്രസ് മുഖ്യമന്ത്രിയും തോറ്റു. ഇതിൽ കോൺഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റേതാണ് തിളങ്ങുന്ന തോൽവി. മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും റാവത്ത് തോൽവി ഏറ്റുവാങ്ങി. ഗോവയിൽ 6ബിജെപി മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറും തോൽവി ഏറ്റുവാങ്ങിയ പ്രമുഖനാണ്.

ഗോവയിൽ ലക്ഷ്മികാന്ത് പർസേക്കറുടെ നേതൃത്വത്തിൽ തന്നെയായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, ആദ്യം തോൽവി സമ്മതിച്ച സെലിബ്രിറ്റി സ്ഥാനാർത്ഥി ലക്ഷ്മികാന്ത് പർസേക്കർ ആയിരുന്നു. മാണ്ഡ്രേം മണ്ഡലത്തിൽ നിന്നാണ് പർസേക്കർ ജനവിധി തേടിയത്. എന്നാൽ, കോൺഗ്രസിലെ ദയാനന്ദ് രഘുനാഥ് സോപ്ടിയോടു 16,490 വോട്ടുകൾക്കാണ് പർസേക്കർ തോറ്റത്. ഗോവയിൽ തോൽവിയേക്കാൾ അധികം ബിജെപിക്കു ക്ഷീണമായത് ഒരുപക്ഷേ പർസേക്കറുടെ തോൽവി തന്നെയായിരിക്കും.

രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ഉത്തരാഖണ്ഡിൽ കോൺഗ്രസിന്റെ മുഖമായിരുന്നു മുഖ്യമന്ത്രി ഹരീഷ് റാവത്ത്. രണ്ടു മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച റാവത്ത് രണ്ടിടത്തും തോറ്റു. ബിജെപി സിറ്റിംഗ് സീറ്റുകളായിരുന്നു റാവത്ത് മത്സരിച്ച രണ്ടു സീറ്റുകളും. ഇതിൽ കിച്ച മണ്ഡലത്തിൽ 92 വോട്ടുകൾക്കാണ് റാവത്ത് തോൽവി സമ്മതിച്ചത്. ബിജെപിയുടെ സിറ്റിംഗ് എംഎൽഎ രാജേഷ് ശുക്ലയാണ് ഇവിടെ ജയിച്ചുകയറിയത്. രാജേഷ് 34,125 വോട്ടുകൾ നേടിയപ്പോൾ റാവത്തിന് 34,022 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ തവണ 33,388 വോട്ടുകൾക്ക് വിജയിച്ച് നിയമസഭയിൽ എത്തിയ അംഗമായിരുന്നു രാജേഷ് ശുക്ല.

എന്നാൽ ഹരിദ്വാറിൽ റാവത്തിന്റെ തോൽവി 12,000 വോട്ടുകൾക്കായിരുന്നു. ഇവിടെ ബിജെപിയുടെ സിറ്റിംഗ് എംഎൽഎ സ്വാമി യതീശ്വരാനന്ദ് വിജയിച്ചു. സംസ്ഥാനത്ത് കോൺഗ്രസ് തകർന്നടിഞ്ഞപ്പോഴും റാവത്ത് പാറ പോലെ ഉറച്ചുനിൽക്കുകയായിരുന്നു. നിരവധി രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറി ഒടുവിൽ സുപ്രീംകോടതി വിധിയിലൂടെയാണ് റാവത്ത് സർക്കാർ അധികാരം പൂർത്തിയാക്കിയത്.

ഇറോം ശർമിളയാണ് തോറ്റ പ്രമുഖരിൽ ഒരാൾ. ആകെ 90 വോട്ടുകൾ ആണ് മണിപ്പൂരിന്റെ ഉരുക്കുവനിതയായ സമരനായികയ്ക്ക് ലഭിച്ചത്. ഇറോമിന്റെ പാർട്ടിയായ പിആർജെഎക്ക് ഒരിടത്തും ജയിക്കാനായില്ല. തൗബാളിൽ 5730 വോട്ടിന് മണിപ്പൂർ മുഖ്യമന്ത്രി കൂടിയായ ഒക്കാറാം ഇബോബി സിംഗ് ആണ് ഇറോമിനെ തോൽപിച്ചത്. അതായത് ആകെ പോൾ ചെയ്ത വോട്ടിൽ നോട്ടയേക്കാളും പിന്നിലായിപ്പോയി ഇറോമിന്റെ സ്ഥാനം. എൻപിഎഫ് 2 സീറ്റിലും മറ്റുള്ളവർ 6 സീറ്റിലും മുന്നിലാണ്.

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ച അമരീന്ദർ സിംഗ് രണ്ടിടത്ത് മത്സരിച്ചിരുന്നു. ഇതിൽ ഒരു മണ്ഡലത്തിൽ അമരീന്ദർ സിംഗ് തോറ്റപ്പോൾ രണ്ടാമത്തെ മണ്ഡലത്തിൽ വിജയിച്ച് പഞ്ചാബിനെ നയിക്കാനുള്ള ജനവിധി നേടിയെടുത്തു. ലാംബിയിൽ നിലവിലെ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനോടാണ് അമരീന്ദർ തോറ്റത്. അതേസമയം, പാട്യാലയിൽ ജയിച്ച അമരീന്ദർ സിംഗ് മുഖ്യമന്ത്രിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here