ഉത്തരാഖണ്ഡും ഉത്തർപ്രദേശും പിടിച്ചടക്കി ബിജെപി; പഞ്ചാബിൽ പത്തുവർഷങ്ങൾക്കു ശേഷം കോൺഗ്രസ്; തകർന്നടിഞ്ഞ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ബിജെപി; ഗോവയിലും മണിപ്പൂരിലും പ്രാദേശിക പാർട്ടികൾ നിർണായകമാകും

Election-Card

ദില്ലി: ഉത്തരാഖണ്ഡും ഉത്തർപ്രദേശും പിടിച്ചടക്കി ബിജെപി അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വിജയം കൊയ്തു. 14 വർഷങ്ങൾക്കു ശേഷമാണ് ഉത്തർപ്രദേശിൽ ബിജെപി ഭരണം പിടിക്കുന്നത്. ഉത്തരാഖണ്ഡിൽ അഞ്ചുവർഷങ്ങൾക്കു ശേഷവും. ഉത്തരാഖണ്ഡിലെ ആദ്യത്തെ സർക്കാരിനു രൂപം കൊടുത്ത ബിജെപി 2007-ലും അവിടെ ഭരിച്ചിരുന്നു. 2012-ൽ ബിജെപിയിൽ നിന്ന് കോൺഗ്രസ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ, അഞ്ചുവർഷത്തിനിടെ ഉത്തരാഖണ്ഡിലെ കോൺഗ്രസിനെ മുച്ചൂടും തകർത്താണ് ബിജെപി ഭരണം പിടിച്ചിരിക്കുന്നത്. മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിയാണ് ഉത്തരാഖണ്ഡ് ഭരിക്കാൻ ബിജെപി ജനവിധി തേടിയത്. ഉത്തർപ്രദേശിൽ നാലിൽ മൂന്നു ഭൂരിപക്ഷം നേടിയാണ് ബിജെപി വിജയം.

403 അംഗ നിയമസഭയിൽ 324 സീറ്റുകളിലും ബിജെപി മുന്നേറ്റമാണ്. സമാജ്‌വാദി പാർട്ടിയും കോൺഗ്രസും സഖ്യമായി മത്സരിച്ചിട്ടു പോലും 60 സീറ്റിൽ താഴെ ഒതുങ്ങി. എന്നാൽ, 2012-ൽ ഒരു സീറ്റ് മാത്രം നേടിയ ബിഎസ്പി ഇത്തവണ 20 സീറ്റുമായി അവിശ്വസനീയ തിരിച്ചുവരവ് കാഴ്ചവച്ചു. യുപിയിൽ അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസിനു തിരിച്ചടി നേരിട്ടു. എസ്പിയും കോൺഗ്രസും സഖ്യത്തിലാണിവിടെ. കഴിഞ്ഞ തവണ 224 സീറ്റുണ്ടായിരുന്ന എസ്പിയാണ് 44 സീറ്റിലേക്ക് ചുരുങ്ങിയത്. 2012-ൽ ബിജെപിയുടെ കക്ഷിനില 47 സീറ്റ് ആയിരുന്നു.

ഉത്തരാഖണ്ഡിലെ നാലാമത് നിയമസഭയാണ് ഇത്. 70 അംഗ നിയമസഭയിൽ 57 സീറ്റിലും ബിജെപിയാണ്. കോൺഗ്രസ് 11 സീറ്റിൽ ഒതുങ്ങി. രണ്ടു സ്വതന്ത്രരും വിജയിച്ചു. ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസിന്റെ ഹരീഷ് റാവത്ത് മത്സരിച്ച രണ്ടു സീറ്റുകളിലും പരാജയപ്പെട്ടതാണ് ശ്രദ്ധേയമായ വസ്തുത. കിച്ച, ഹരിദ്വാർ റൂറൽ മണ്ഡലങ്ങളിലായിരുന്നു റാവത്ത് മത്സരിച്ചിരുന്നത്.

രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ഉത്തരാഖണ്ഡിൽ കോൺഗ്രസിന്റെ മുഖമായിരുന്നു മുഖ്യമന്ത്രി ഹരീഷ് റാവത്ത്. രണ്ടു മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച റാവത്ത് രണ്ടിടത്തും തോറ്റു. ബിജെപി സിറ്റിംഗ് സീറ്റുകളായിരുന്നു റാവത്ത് മത്സരിച്ച രണ്ടു സീറ്റുകളും. ഇതിൽ കിച്ച മണ്ഡലത്തിൽ 92 വോട്ടുകൾക്കാണ് റാവത്ത് തോൽവി സമ്മതിച്ചത്. ബിജെപിയുടെ സിറ്റിംഗ് എംഎൽഎ രാജേഷ് ശുക്ലയാണ് ഇവിടെ ജയിച്ചുകയറിയത്. രാജേഷ് 34,125 വോട്ടുകൾ നേടിയപ്പോൾ റാവത്തിന് 34,022 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ തവണ 33,388 വോട്ടുകൾക്ക് വിജയിച്ച് നിയമസഭയിൽ എത്തിയ അംഗമായിരുന്നു രാജേഷ് ശുക്ല.

എന്നാൽ ഹരിദ്വാറിൽ റാവത്തിന്റെ തോൽവി 12,000 വോട്ടുകൾക്കായിരുന്നു. ഇവിടെ ബിജെപിയുടെ സിറ്റിംഗ് എംഎൽഎ സ്വാമി യതീശ്വരാനന്ദ് വിജയിച്ചു. സംസ്ഥാനത്ത് കോൺഗ്രസ് തകർന്നടിഞ്ഞപ്പോഴും റാവത്ത് പാറ പോലെ ഉറച്ചുനിൽക്കുകയായിരുന്നു. നിരവധി രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറി ഒടുവിൽ സുപ്രീംകോടതി വിധിയിലൂടെയാണ് റാവത്ത് സർക്കാർ അധികാരം പൂർത്തിയാക്കിയത്.

പഞ്ചാബിലാണ് കോൺഗ്രസ് ഭരണം നേടിയത്. 117 അംഗ നിയമസഭയിൽ കോൺഗ്രസ് 75 സീറ്റിൽ വിജയിച്ചു. രണ്ടു സീറ്റുകളിൽ കൂടി ഫലം അറിയാനുണ്ട്. നിലവിലെ ഭരണകക്ഷിയായ ശിരോമണി അകാലിദൾ-ബിജെപി സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ ആം ആദ്മി പാർട്ടിയാണ് രണ്ടാം സ്ഥാനത്ത്. എഎപി 20 സീറ്റുകളിൽ വിജയിച്ചു. ശിരോമണി അകാലിദൾ 15 സീറ്റിൽ വിജയിച്ചപ്പോൾ ബിജെപി മൂന്നു സീറ്റുകളിൽ ഒതുങ്ങി. പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ബിജെപിയിൽ നിന്ന് കോൺഗ്രസ് പഞ്ചാബിൽ ഭരണം തിരിച്ചുപിടിക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ അകാലിദൾ-ബിജെപി സഖ്യമാണ് മത്സരിച്ചത്.

ഗോവയിലും മണിപ്പൂരിലും ഫലങ്ങൾ മാറിമറിയുകയാണ്. 40 അംഗ നിയമസഭയിൽ 14 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. ബിജെപിക്ക് 11 സീറ്റുകളിൽ മാത്രമാണ് ബിജെപിക്കു വിജയം നേടാനായത്. നാലു സീറ്റുകളിൽ ഇനിയും ഫലം അറിയാനുണ്ട്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി-1, മഹാരാഷ്ട്രവാദി ഗോമന്തക്-3, ഗോവ ഫോർവേഡ് പാർട്ടി-3, സ്വതന്ത്രർ-3 എന്നിങ്ങനെയാണ് മറ്റു കക്ഷിനില. എന്നാൽ, ഇവരിൽ ഏതെങ്കിലും പ്രാദേശിക പാർട്ടിയുടെ പിന്തുണയുണ്ടെങ്കിലേ കോൺഗ്രസിനു കേവല ഭൂരിപക്ഷം ഉറപ്പിച്ച് ഭരണം പിടിക്കാനൊക്കൂ.

മണിപ്പൂരിലും കോൺഗ്രസ് തന്നെ വലിയ കക്ഷിയാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. 60 അംഗ നിയമസഭയിൽ കോൺഗ്രസ് 24 സീറ്റുകളിൽ വിജയിച്ചു. ബിജെപി 20 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. തൃണമൂൽ കോൺഗ്രസ്-1, നാഗ പീപ്പിൾസ് ഫ്രണ്ട്-4, ലോക് ജൻശക്തി പാർട്ടി-1, നാഷണൽ പീപ്പിൾസ് പാർട്ടി-4, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് മറ്റു കക്ഷിനില. ഇവിടെയും പ്രാദേശിക പാർട്ടികൾ തന്നെയാണ് നിർണായകമാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here