യുണൈറ്റഡിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി; എഫ്‌സി റോസ്‌തോവിനോട് ഒരുഗോള്‍ സമനില വഴങ്ങി; എഎസ് റോമയെ നാല് ഗോളിന് തകര്‍ത്ത് ല്യോണ്‍

റോസ്‌തോവ് : യൂറോപ്യന്‍ ഫുട്‌ബോളിലേക്ക് തിരിച്ചുവരാനുള്ള മുന്‍ ചാമ്പ്യന്‍സ് ലീഗ്, യൂറോപ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. പ്രീക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ റഷ്യന്‍ ടീം എഫ്‌സി റോസ്‌തോവിനോട് അവരുടെ തട്ടകത്തില്‍ യുണൈറ്റഡ് ഒരുഗോള്‍ സമനില വഴങ്ങി. ഹെന്റിക് മിക്കിതര്യാന്റെ ഗോളില്‍ ആദ്യപകുതിയില്‍ മുന്നിലെത്തിയ യുണൈറ്റഡ് ഇടവേളയ്ക്കുശേഷം ലീഡ് കൈവിട്ടു. അലക്‌സാണ്ടെര്‍ ബുകറോവിന്റെ ഗോളില്‍ റോസ്‌തോവ് കളിയില്‍ തിരിച്ചെത്തി.

ഇതര മത്സരത്തില്‍ ഇറ്റാലിയന്‍ ലീഗ് സംഘം എഎസ് റോമയെ രണ്ടിനെതിരെ നാലുഗോളിന് തകര്‍ത്ത് ഫ്രാന്‍സില്‍ നിന്നുള്ള ല്യോണ്‍ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. മറ്റ് മത്സരങ്ങളില്‍ ബെല്‍ജിയന്‍ ടീം റേസിങ് ജെങ്ക് 52ന് നാട്ടിലെ എതിരാളികളായ ഗെന്റിനെ തോല്‍പ്പിച്ചപ്പോള്‍ ജര്‍മന്‍ ലീഗ് സംഘങ്ങളായ ഷാല്‍ക്കെയുടെയും ബൊറൂസിയ മൊഞ്ചെന്‍ ഗ്ലാഡ്ബാഹിന്റെയും പോരാട്ടം 11ല്‍ അവസാനിച്ചു.

റോസ്‌തോവിന്റെ തട്ടകത്തില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതാണ് യുണൈറ്റഡിന് വിനയായത്. മുന്നേറ്റത്തില്‍ സ്‌ളാട്ടണ്‍ ഇബ്രാഹിമോവിച്ചും പോള്‍ പോഗ്ബയും ഉറച്ച ഗോളുകള്‍ നഷ്ടപ്പെടുത്തി. റോസ്‌തോവിന്റെ അവസാന മിനിറ്റുകളിലെ ആക്രമണങ്ങളില്‍ പതറിയെങ്കിലും ഗോള്‍ വീഴാതിരുന്നത് ഇംഗ്‌ളീഷ് കരുത്തന്മാര്‍ക്ക് ആശ്വാസമായി.

പൊടിയും കാറ്റും മോശം കാലാവസ്ഥ തീര്‍ത്ത റോസ്‌തോവിന്റെ മൈതാനിയില്‍ ഇതില്‍ കൂടുതല്‍ നന്നായി കളിക്കാനാകില്ലെന്നായിരുന്നു പരിശീലകന്‍ ഹൊസെ മൊറീന്യോയുടെ പ്രതികരണം. കളിക്കുമുമ്പുതന്നെ മൊറീന്യോ റോസ്‌തോവിന്റെ മൈതാനത്തെ കുറ്റപ്പെടുത്തിയിരുന്നു. പോര്‍ച്ചുഗലിലെ അമച്വര്‍ മൈതാനങ്ങളിലാണ് മുമ്പ് ഇത്തരം പ്രതലം കണ്ടെതെന്നായിരുന്നു മൊറീന്യോ പറഞ്ഞത്.

മുപ്പത്തിയഞ്ചാം മിനിറ്റിലായിരുന്നു മിക്കിതര്യാന്‍ യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. ഇബ്രാഹിമോവിച്ചിന്റെ മനോഹരമായ പാസില്‍നിന്ന് ഈ അര്‍മേനിയക്കാരന്‍ വലകുലുക്കി. എന്നാല്‍ നവംബറില്‍ ബയേണ്‍ മ്യൂണിക്കിനെ ഇതേ മൈതാനത്ത് തകര്‍ത്ത് ചാമ്പ്യന്‍സ്ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നാംസ്ഥാനം സ്വന്തമാക്കിയ റഷ്യക്കാര്‍ യുണൈറ്റഡിനെയും ഞെട്ടിച്ചു. ഇടവേള കഴിഞ്ഞ് എട്ടാം മിനിറ്റില്‍ അവര്‍ ഒപ്പംപിടിച്ചു.

മധ്യവൃത്തത്തിന്റെ തൊട്ട് പുറത്തുനിന്ന് തിമോഫീ കലഷെവ് യുണൈറ്റഡ് പ്രതിരോധക്കാര്‍ക്ക് മുകളിലൂടെ ഉയര്‍ത്തിനല്‍കിയ പന്ത് ബോക്‌സില്‍ ബുകറോവ് നെഞ്ചില്‍ സ്വീകരിച്ചു. നിലത്തുവീഴും മുമ്പ് യുണൈറ്റഡ് ഗോളി സെര്‍ജീയോ റൊമേറൊയെ കീഴടക്കി വലയിലെത്തിക്കുകയും ചെയ്തു. തിരിച്ചടിക്കാനുള്ള യുണൈറ്റഡിന്റെ ശ്രമങ്ങളുടെ മുനയൊടിഞ്ഞു. എന്നാല്‍ വിലപ്പെട്ട ഒരു വിദൂര ഗോളുമായാണ് മുന്‍ ചാമ്പ്യന്‍മാര്‍ സ്വന്തം തട്ടകത്തിലെ രണ്ടാംപാദത്തിന് നാട്ടിലേക്ക് വണ്ടികയറിയത്.

ഇടവേളയ്ക്കുമുമ്പ് 21ന്റെ ലീഡ് കുറിച്ചതിനുശേഷമാണ് ല്യോണിനോട് എഎസ് റോമ 42ന് തോറ്റത്. മുക്താര്‍ ദിയാഖാബിയിലൂടെ ല്യോണ്‍ എട്ടാം മിനിറ്റില്‍ മുന്നിലെത്തിയെങ്കിലും മുന്‍ ചെല്‍സി താരം മുഹമ്മദ് സലായുടെയും ഫെഡെറികോ ഫാസിയോയുടെയും ഗോളുകള്‍ റോമയ്ക്ക് ലീഡ് നല്‍കിയതായിരുന്നു. എന്നാല്‍ കൊറെന്റിന്‍ ടൊളീസോ ഇടവേള കഴിഞ്ഞയുടന്‍ ഫ്രഞ്ചുകാര്‍ക്ക് സമനിലഗോള്‍ നല്‍കി.

74-ാം മിനിറ്റില്‍ പകരക്കാരന്‍ ഫെകിര്‍ ല്യോണിനെ മുന്നിലെത്തിച്ചു. ബോക്‌സില്‍ മതില്‍കെട്ടിയ മൂന്ന് പ്രതിരോധക്കാരെയും വലകാത്ത ഗോളി അല്ലിസണെയും മറികടന്നായിരുന്നു ഗോളിലേക്ക് പന്ത് തൊടുത്തത്. പരിക്കുസമയത്ത് ലകാസെറ്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു. യൊനാസ് ഹോഫ്മാന്‍ ഷാല്‍കെക്കെതിരെ ഗ്‌ളാഡ്ബാഹിന് ലീഡ് നല്‍കി. 10 മിനിറ്റിനുശേഷം ഗിഡോ ബൂര്‍ഗ്‌സ്റ്റെല്ലെര്‍ ഷാല്‍കെയുടെ മറുപടിഗോള്‍ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News