യുപിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുക സമുദായ സമവാക്യങ്ങൾ; ഉത്തരാഖണ്ഡിൽ കസേരയിൽ കണ്ണുംനട്ട് നാല് മുൻമുഖ്യമന്ത്രിമാർ; മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ ബിജെപി ദേശീയ പാർലമെന്ററി പാർട്ടി യോഗം ഇന്ന്

ദില്ലി: മൃഗീയ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലേറിയ യുപിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സമുദായ സമവാക്യങ്ങൾ തന്നെയാകും എന്നുറപ്പായി. പ്രത്യേകിച്ച് ഒരാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാതെയായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയം കൊയ്തതോടെ മുഖ്യമന്ത്രി സ്ഥാനത്തിനായി പാർട്ടിയിൽ കലഹം ഉണ്ടാകുമെന്ന് ഉറപ്പാണ്. ജാതിസമവാക്യം തന്നെയാകും മുഖ്യമന്ത്രിയെ തീരുമാനിക്കുക. മുഖ്യമന്ത്രി താഴ്ന്ന ജാതിയിൽ നിന്നു വേണമെന്നു ഇന്നലെ തന്നെ ആവശ്യം ഉയർന്നിരുന്നു. എന്നാൽ, രണ്ടു വർഷത്തിനകം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടായിരിക്കും ബിജെപി മുഖ്യമന്ത്രിയെ തീരുമാനിക്കുക.

മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ ബിജെപി ദേശീയ പാർലമെന്ററി പാർട്ടി യോഗം ഇന്നു ചേരുന്നുണ്ട്. വൈകുന്നേരം ആറ് മണിക്ക് ദില്ലിയിൽ പാർട്ടി ആസ്ഥാനത്താണ് യോഗം. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ച ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളെ കൂടാതെ ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയ മണിപ്പൂരിലും ഗോവയിലും സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ച് ബിജെപി അന്തിമ തീരുമാനം കൈകൊള്ളും. മണിപ്പൂരും ഗോവയും അടക്കം നാലു സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കുമെന്നു അമിത് ഷാ പറഞ്ഞിരുന്നു.

ഉത്തർപ്രദേശിലെ മുഖ്യമന്ത്രിക്കസേരയിൽ നോട്ടമിട്ട് അരഡസനിലേറെ സംസ്ഥാന നേതാക്കൾ രംഗത്തുണ്ട്. പാർട്ടി സംസ്ഥാന അധ്യക്ഷൻ കേശവ് പ്രസാദ് മൗര്യ മുതൽ തീവ്ര നിലപാടുകാരനായ യോഗി അദിത്യനാഥ് വരെ പാർട്ടിയുടെ പരിഗണനാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സമുദായ ധ്രുവീകരണത്തിലൂടെയാണ് ബിജെപി ഉത്തർപ്രദേശിൽ അധികാരം പിടിച്ചത്.
യാദവേതര പിന്നാക്ക വിഭാഗങ്ങളുടെയും ബ്രാഹ്മണരടക്കമുളള മുന്നാക്കക്കാരുടെയും വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു യുപിയിലെ പ്രചാരണം. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയെ നിശ്ചയിക്കുമ്പോഴും ഇതേ സമുദായ സമവാക്യം തന്നെ മുൻഗണനയിലുണ്ടാകും.

സംസ്ഥാന അധ്യക്ഷൻ മൗര്യ തന്നെയാണ് പട്ടികയിലെ ആദ്യത്തെ പേരുകാരൻ. വിജയതന്ത്രജ്ഞൻ എന്നതിനപ്പുറം പിന്നാക്കക്കാരൻ എന്നതും മൗര്യയ്ക്ക് ഗുണം ചെയ്‌തേക്കും. കേന്ദ്ര സഹമന്ത്രി സന്തോഷ് ഗ്യാംഗ്‌വാർ, ലഖ്‌നൗ മേയർ ദിനേശ് ശർമ, യോഗി ആദിത്യനാഥ് എന്നിവരും പരിഗണനാപട്ടികയിലുണ്ട്.

ഉത്തരാഖണ്ഡിൽ പ്രതിപക്ഷ നേതാവായിരുന്ന അജയ് ഭട്ടിനെയായിരുന്നു പാർട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ, ഭട്ട് റാണികേത്തിൽ പരാജയപ്പെട്ടതോടെ ഈ സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്തേണ്ട അവസ്ഥയിലാണ് പാർട്ടി. സത്പാൽ മഹാരാജും പട്ടികയിലുണ്ടെങ്കിലും പക്ഷേ, കോൺഗ്രസിൽ നിന്ന് ബിജെപിയിൽ എത്തിയ സത്പാലിനെ മുഖ്യമന്ത്രിയാക്കുന്നത് പൊട്ടിത്തെറി ഉണ്ടാക്കുമോ എന്ന ഭയം പാർട്ടിക്കുണ്ട്. നാല് മുൻ മുഖ്യമന്ത്രിമാർ മുഖ്യമന്ത്രിക്കസേരയിൽ കണ്ണും നട്ട് ഇരിപ്പുണ്ട്.

കോൺഗ്രസിൽ നിന്ന് അടുത്തിടെ ബിജെപിയിലെത്തിയ മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണ ഒഴികെ മറ്റ് മൂന്ന് പേരും ബിജെപിക്കാരായ മുൻ മുഖ്യമന്ത്രിമാരാണ്. 82കാരനായ ബി.സി ഖണ്ഡൂരിയുടെ പ്രായമാണ് പ്രധാന തടസ്സം. കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ വിജയ് ബഹുഗുണയ്ക്കും കാര്യമായ പ്രതീക്ഷയൊന്നുമില്ല. അദ്ദേഹം മത്സരിച്ചിട്ടുമില്ല. 2009 മുതൽ 2011വരെ ബിജെപിയുടെ മുഖ്യമന്ത്രിയായിരുന്ന രമേശ് പൊഖ്‌റിയാലും കേന്ദ്രത്തിൽ നിന്ന് ശുഭവാർത്തയെത്തുമെന്നു വിശ്വസിക്കുന്നു. എന്നാൽ, കാര്യമായ പ്രതീക്ഷ വയ്ക്കുന്നുമില്ല. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഉയർന്ന അഴിമതി ആരോപണങ്ങൾക്ക് ബിജെപി ഇപ്പോഴും പഴികേൾക്കുന്നുണ്ട്.

ഗോവയിലും മണിപ്പൂരിലും സർക്കാരുണ്ടാക്കുന്നത് ആരാണെന്നു പോലും ഇപ്പോഴും തീരുമാനമായിട്ടില്ല. ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടുണ്ടെങ്കിലും കേവല ഭൂരിപക്ഷത്തിനു ഇനിയും സീറ്റുകൾ വേണം. തൊട്ടുപിന്നിൽ ബിജെപിയും ഉണ്ട്. ഗോവയിലെ 40 അംഗ നിയമസഭയിൽ 17 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. 13 സീറ്റുകളാണ് ബിജെപിക്കുള്ളത്. മറ്റു 10 സീറ്റുകൾ പ്രാദേശിക പാർട്ടികളാണ്. ഇവരാണ് ഇനി നിർണായകമാകാൻ പോകുന്നത്.

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടക്ക് ഒരു സീറ്റുണ്ട്. മഹാരാഷ്ട്രവാദി ഗോമന്തക്-3, ഗോവ ഫോർവേഡ് പാർട്ടി-3, സ്വതന്ത്രർ-3 എന്നിങ്ങനെയാണ് മറ്റു കക്ഷിനില. ഇവരിൽ ഏതെങ്കിലും പ്രാദേശിക പാർട്ടിയുടെ പിന്തുണയുണ്ടെങ്കിലേ കോൺഗ്രസിനു കേവല ഭൂരിപക്ഷം ഉറപ്പിച്ച് ഭരണം പിടിക്കാനൊക്കൂ.

മണിപ്പൂരിലും കോൺഗ്രസ് തന്നെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 60 അംഗ നിയമസഭയിൽ കോൺഗ്രസിനു 28 സീറ്റുകളും ബിജെപിക്ക് 21 സീറ്റുകളാണുള്ളത്. 11 സീറ്റുകളിൽ വിജയിച്ച ചെറുപാർട്ടികൾ തന്നെ നിർണായകമാകും. തൃണമൂൽ കോൺഗ്രസ്-1, നാഗ പീപ്പിൾസ് ഫ്രണ്ട്-4, ലോക് ജൻശക്തി പാർട്ടി-1, നാഷണൽ പീപ്പിൾസ് പാർട്ടി-4, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് മറ്റു കക്ഷിനില.

ചെറുകക്ഷികളെ കൂടെ കൂട്ടാനുള്ള പരിപാടികൾ ബിജെപിയും കോൺഗ്രസും ആരംഭിച്ചിട്ടുണ്ട്. നാലിടത്ത് സർക്കാരുണ്ടാക്കുമെന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവന ഇക്കാര്യമാണ് വ്യക്തമാക്കുന്നത്. മണിപ്പൂരിലും ഗോവയിലും സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ചും ഇന്നത്തെ ബിജെപി ദേശീയ പാർലമെന്ററി പാർട്ടി യോഗത്തിൽ അന്തിമ തീരുമാനം കൈകൊള്ളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News