മലയാളം അടക്കം ഒട്ടനവധി ഭാഷകളിൽ പാടിയിട്ടുള്ള പിന്നണിഗായിക ശ്രേയ ഘോഷാലിന്റെ ജൻമദിനം. 1984 മാർച്ച് 12നാണ് ശ്രേയ ജനിച്ചത്. മലയാളത്തേക്കാൾ അധികം ബോളിവുഡ് സിനിമകളിലാണ് ശ്രേയ പാടിയിട്ടുള്ളത്. പക്ഷേ, പാടിയ വിരലിൽ എണ്ണാവുന്ന പാട്ടുകൾ കൊണ്ടു തന്നെ ശ്രേയ മലയാൡകളുടെ മനംകവർന്നിട്ടുണ്ട്. തട്ടത്തിൻ മറയത്തിലെ മുത്തുച്ചിപ്പി പോലൊരു എന്ന പാട്ട് അതിനുദാഹരണമാണ്. 2002, 2005, 2007, 2008 വർഷങ്ങളിൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ശ്രേയ ഘോഷലിനു ലഭിച്ചിട്ടുണ്ട്. 2010, 2011, 2014 വർഷങ്ങളിൽ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ശ്രേയയ്ക്കായിരുന്നു.
ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാഠി, തെലുങ്ക് എന്നീ ഭാഷകളിലും ശ്രേയ പാടുന്നുണ്ട്. സരിഗമ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയായതോടെയാണ് ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയായത്. പിന്നീട് 2002ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്രപിന്നണി സംഗീത രംഗത്തെത്തി. ഈ ചലച്ചിത്രത്തിലെ ഗാനത്തിനു ആ വർഷത്തെ മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയർ പുരസ്‌കാരവും മികച്ച സംഗീത പ്രതിഭയ്ക്കുള്ള ആർ.ഡി ബർമൻ പുരസ്‌കാരവും ലഭിച്ചു.
നാലു തവണ മികച്ച പിന്നണിഗായികക്കുള്ള ദേശീയപുരസ്‌കാരവും, 5 തവണ ഫിലിംഫെയർ പുരസ്‌കാരവും ശ്രേയക്കു ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ ഒഹായോയിലെ ഗവർണറായ ടെഡ് സ്ട്രിക്ലാൻഡ് ജൂൺ 26 ശ്രേയ ഘോഷാൽ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതു ഭാഷയിലെ ഗാനം ആലപിക്കുമ്പോഴും ആ ഭാഷയിലെ ഉച്ഛാരണം പരമാവധി ഭംഗിയാകാൻ ആത്മാർഥത കാണിക്കുന്നു എന്നത് ശ്രേയയെ വ്യത്യസ്തയാക്കുന്നു.
Get real time update about this post categories directly on your device, subscribe now.