എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റിനെ വെട്ടിയ നാലുപേർ അറസ്റ്റിൽ; പിടിയിലായത് യൂത്ത് കോൺഗ്രസ് ക്വട്ടേഷൻ ഗുണ്ടാസംഘം; പിടികൂടിയത് മണ്ഡലം പ്രസിഡന്റിന്റെ വീട്ടിൽ നിന്ന്

കോട്ടയം: എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ നാലു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് ക്വട്ടേഷൻ ഗുണ്ടാസംഘത്തിൽ പെട്ട നാലു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അതിരമ്പുഴ അമ്മഞ്ചേരി സ്വദേശികളായ സിബി ജോൺ, രോഹിൻ കുര്യൻ, ജയ്‌മോൻ, കരിപ്പൂത്തട്ട് അനീഷ് എന്നിവരാണ് അറസ്റ്റിലായത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിം അലക്‌സിന്റെ പുരയിടത്തിൽ നിന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ ഇവിടെ ഒളിച്ചിരിക്കുകയായിരുന്നു. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതികളെ ഒളിപ്പിച്ച ജിം അലക്‌സിനെതിരെ പ്രേരണാകുറ്റത്തിനു കേസെടുത്തു.

കോട്ടയം എംജി സർവകലാശാല ക്യാംപസിൽ വെള്ളിയാഴ്ച യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിലാണ് എസ്എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റ് അരുൺ, എംജി സർവകലാശാല യൂണിറ്റ് അംഗം സച്ചു സദാനന്ദൻ എന്നിവർക്ക് വെട്ടേറ്റത്. കോട്ടയം കെ.ഇ കോളജിൽ യൂത്ത് കോൺഗ്രസ് പ്രകടനം നടത്തുന്നത് എസ്എഫ്‌ഐ തടഞ്ഞതിനെ തുടർന്ന് സംഘർഷം ഉണ്ടായിരുന്നു. ഇതിനുള്ള പ്രതികാരമായാണ് എംജി ക്യാംപസിൽ യൂത്ത് കോൺഗ്രസ് ആക്രമണം നടത്തിയത്.

എസ്എഫ്‌ഐക്കു സ്വാധീനമുള്ള കെ.ഇ കോളജിലെ കോളജ് ദിനാഘോഷം തടയുമെന്നു യൂത്ത് കോൺഗ്രസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിം അലക്‌സിന്റെ നേതൃത്വത്തിലുള്ള സംഘം ക്യാംപസിനകത്തു കയറി പ്രകടനം നടത്തുകയും പരിപാടി അലങ്കോലമാക്കാൻ ശ്രമിക്കുകയും ചെയ്തത്. പുറത്തുനിന്നുള്ളവർ ക്യാംപസിൽ കയറിയതിനെ ക്യാംപസിലെ എസ്എഫ്‌ഐ പ്രവർത്തകർ ചോദ്യം ചെയ്തത് സംഘർഷത്തിനിടയാക്കി. ഇതിൽ ഒരു എസ്എഫ്‌ഐ പ്രവർത്തകനു പരുക്കേറ്റിരുന്നു.

സംഘർഷത്തിൽ പരുക്കേറ്റെന്നു കാണിച്ച് ജിം അലക്‌സും ആശുപത്രിയിൽ അഡ്മിറ്റായി. ഇതിനെതിരെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ യൂണിവേഴ്‌സിറ്റി ക്യാംപസിലേക്കു മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് നേതാക്കളും സമീപത്തെ അറിയപ്പെടുന്ന ഗുണ്ടകളുമായ അരുൺ ഗോപൻ, സിബി, ഷൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ക്യാംപസിനകത്തും കയറി ഭീഷണി മുഴക്കി. എസ്എഫ്‌ഐ പ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിച്ച സംഘത്തിന്റെ ആക്രമണത്തിലാണ് അരുണിനും സച്ചുവിനും വെട്ടേറ്റത്.

എസ്എഫ്‌ഐ പ്രവർത്തകരെ വെട്ടിയ അരുൺ ഗോപൻ കൊലക്കേസ് അടക്കം 29 കേസുകളിൽ പ്രതിയായ ആളാണ്. ഇയാൾ അടങ്ങുന്ന യൂത്ത് കോൺഗ്രസ് ക്വട്ടേഷൻ ടീം ആണ് യൂണിവേഴ്‌സിറ്റി ക്യാംപസിൽ ആക്രമണം അഴിച്ചുവിട്ടത്. അരുൺ കണ്ണൂരിലെ ഷാജി വധക്കേസ് അടക്കം 29 കേസുകളിലെ പ്രതിയാണ്. ഇയാൾക്കൊപ്പം ആക്രമിക്കാൻ ഉണ്ടായിരുന്നത് തടിയൻ സിബി എന്ന മറ്റൊരു ഗുണ്ടയായിരുന്നു. ഇയാൾ 20ഓളം കേസുകളിലെ പ്രതിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News