രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകും; കുംബ്ലെയെ ടീം ഡയറക്ടറായി നിയമിക്കും; ടീം ഇന്ത്യയിൽ അടിമുടി അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രാഹുൽ ദ്രാവിഡ് നിയമിതനായേക്കും. ടീം ഇന്ത്യയിൽ ബിസിസിഐ നടപ്പാക്കാനൊരുങ്ങുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് ദ്രാവിഡിനെ പരിശീലകനാക്കാൻ ആലോചിക്കുന്നത്. നിലവിൽ മുഖ്യപരിശീലകനായ അനിൽ കുംബ്ലെയെ ടീം ഡയറക്ടറാക്കി മാറ്റി നിയമിക്കാനും ബിസിസിഐ ആലോചിക്കുന്നു. ഇക്കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ലെങ്കിലും ടീം ഉടച്ചുവാർക്കലുണ്ടാകും എന്ന കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. പരിശീലകനെ മാറ്റുന്ന കാര്യത്തിൽ ബിസിസിഐ സ്ഥിരീകരണം ഒന്നും നടത്തിയിട്ടില്ല.

ഓസ്‌ട്രേലിയക്കെതിരെ ഇപ്പോൾ നടക്കുന്ന ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ടീം ഉടച്ചുവാർക്കുന്നതിനുള്ള സാധ്യതയാണ് കാണുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാനമത്സരം കുംബ്ലെയുടെ പരിശീലകൻ എന്ന നിലയിലുള്ള അവസാന മത്സരമായിരിക്കുമെന്നു സൂചനയുണ്ട്. ഇതുകഴിഞ്ഞാൽ കുംബ്ലെ ടീം ഡയറക്ടറും ദ്രാവിഡ് പരിശീലകനും ആയി മാറ്റം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ബിസിസിഐയോടു അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന ഇതാണ്. ഇന്ത്യയുടെ എല്ലാ ടീമുകളുടെയും പ്രവർത്തനങ്ങൾ ഒരാൾ തന്നെ കൈകാര്യം ചെയ്യുന്ന തരത്തിലേക്ക് മാറ്റം വരുത്താനാണ് ബിസിസിഐ ആലോചിക്കുന്നത്.

പദവി മാറ്റം സംബന്ധിച്ച് അനിൽ കുംബ്ലെയുമായി അനൗദ്യോഗികമായി ഇക്കാര്യം ബിസിസിഐ നേതൃത്വം ചർച്ച ചെയ്തതായി സൂചനയുണ്ട്. ഏപ്രിൽ 14ന് അദ്ദേഹം ഡയറക്ടറായി സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡയറക്ടർ സ്ഥാനത്തേക്ക് കുംബ്ലെ എത്തുന്നതോടെ രാഹുൽ പരിശീലകനാകും. അപ്പോൾ ഇന്ത്യയുടെ അണ്ടർ-19 ടീമിന്റെയും എ ടീമിന്റെയും പരിശീലകനായി ദ്രാവിഡിനെ തന്നെ നിയമിക്കാനാണ് നീക്കം.

കുംബ്ലെ ഡയറക്ടറാകുമ്പോൾ ഇന്ത്യയുടെ സീനിയർ പുരുഷ-വനിതാ ടീമുകളുടെയും അണ്ടർ-19, എ ടീമുകളുടെയും പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വിലയിരുത്തേണ്ടി വരികയും ചെയ്യും. അതിനാൽ തീരുമാനം എടുക്കാൻ കുംബ്ലെക്കു ഭരണസമിതി സമയം അനുവദിച്ചിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മൺ എന്നിവരടങ്ങിയ കമ്മിറ്റിയിൽ നിന്ന് ഒരാളെ ബിസിസിഐ ടീമുകളുടെ മത്സരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ചുമതലയേൽപ്പിക്കുമെന്നും സൂചനയുണ്ട്. അതേസമയം, പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് രാഹുൽ ദ്രാവിഡ് ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here