പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ആത്മഹത്യ ചെയ്ത ജീവനക്കാരി ലൈംഗിക ചൂഷണത്തിനിരയായി; പലതവണ പീഡിപ്പിക്കപ്പെട്ടെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ആശുപത്രിയിൽ വീണ്ടും രണ്ടു ആത്മഹത്യാശ്രമം കൂടി

പാലക്കാട്: പാലക്കാട് സ്വകാര്യ ആശുപത്രിയിൽ രണ്ടു വനിതാ ജീവനക്കാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത. മരിച്ച 20 കാരി നിരവധി തവണ ലൈംഗികചൂഷണത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. അവിവാഹിതയായ യുവതി നിരവധി തവണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസമാണ് ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫും ലാബ് ജീവനക്കാരിയും ആത്മഹത്യ ചെയ്തത്. എന്നാൽ, ഇവരുടെ മരണത്തിൽ ഇതുവരെ രക്ഷിതാക്കൾ പരാതി നൽകിയിട്ടു പോലുമില്ല. അതേസമയം, കേസ് ഒതുക്കിത്തീർക്കാൻ ഉന്നത ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നു സിപിഐഎം നേതാക്കൾ ആരോപിക്കുന്നു.

2016 ഡിസംബറിലും ഇക്കഴിഞ്ഞ ഫെബ്രുവരിയിലുമാണ് പാലക്കാട് പാലാന ആശുപത്രി ജീവനക്കാരികൾ ആത്മഹത്യ ചെയ്തത്. ഫെബ്രുവരി 20 ന് മരിച്ച നഴ്‌സി ഗ് സ്റ്റാഫായ യുവതി ചിറ്റൂരിലെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. ഈ യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ലൈംഗികപീഡനത്തിന് ഇരയായിരുന്നതായി വ്യക്തമായത്. ആശുപത്രിയിൽ നഴ്‌സുമാർ ലൈംഗികപീഡനത്തിന് ഇരയാകുന്നതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. ഇതു ശരിവയ്ക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. ഈ ആത്മഹത്യാ വാർത്ത പുറത്തുവന്നതിനു ശേഷം രണ്ടു ആത്മഹത്യാ ശ്രമങ്ങൾ കൂടി ഉണ്ടായി.

ഈമാസം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് 2 പെൺകുട്ടികൾ ആത്മഹത്യാശ്രമം നടത്തിയത്. അഞ്ചു ദിവസം മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച ജീവനക്കാരി ഇതേ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ നേരത്തെ ആത്മഹത്യ ചെയ്ത ജീവനക്കാരികളുടെ വീട്ടുകാർ ഇതുവരെ പരാതി നൽകിയിരുന്നില്ല. എന്നാൽ, ലൈംഗിക ആരോപണം ഉയരുകയും കൂടുതൽ പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തതോടെ ഈ വീട്ടുകാർക്കും ഇപ്പോൾ സംശയമുണ്ട്.

ആശുപത്രിയിലെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആക്ഷേപമുണ്ട്. സംഭവം ഒതുക്കിത്തീർക്കാൻ ബിജെപി ഇടപെട്ടതായി സിപിഐഎം ജില്ലാ നേതൃത്വം ആരോപിക്കുന്നു. ആരോപണം ഉയർന്ന സാഹചര്യത്തിൽ ആശുപത്രി ജീവനക്കാരിൽ നിന്നും മാനേജ്‌മെന്റ് പ്രതിനിധികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. പരാതി നൽകിയിട്ടില്ലെങ്കിലും മരിച്ച കുട്ടികളുടെ വീടുകളിലും എഎസ്പി ജി.പൂങ്കുഴലി നേരിട്ടെത്തി അന്വേഷണം നടത്തി.

ആശുപത്രിയിലെ നഴ്‌സിംഗ് ജീവനക്കാരികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് പീഡനം നടക്കുന്നതെന്നാണ് ആരോപണം ഉയർന്നിരുന്നത്. നേരത്തെ, പീഡനം സഹിക്കവയ്യാതെ ആശുപത്രിയിലെ മൂന്ന് നഴ്‌സുമാർ ഇതിനു മുമ്പും ആത്മഹത്യ ചെയ്തിരുന്നതായി പറയപ്പെടുന്നു. ഇവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകി സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്.

ആത്മഹത്യ ചെയ്ത സംഭവങ്ങളിൽ രക്ഷിതാക്കൾ പരാതിപ്പെടാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പറയപ്പെടുന്നു. ആശുപത്രിയിലെ നഴ്‌സിംഗ് ഹോസ്റ്റലിൽ താമസിക്കുന്ന ജീവനക്കാരികളെയാണ് ലൈംഗികമായി പീഡിപ്പിക്കുന്നതായി ആരോപണമുയർന്നിരിക്കുന്നത്. 22 ജീവനക്കാരികൾ പീഡനത്തിനിരയായെന്നും റിപ്പോർട്ടിലുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി നഴ്‌സുമാർ നഴ്‌സിംഗ് കൗൺസിലിന് പരാതി നൽകിയകതായി സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News