പൗരാവകാശവും പുരുഷാധിപത്യ സദാചാരവും

സദാചാരം, നമ്മുടെ കാലത്തെ മാരകമായ ഒരു സാംസ്‌കാരിക രോഗമാണ്. കൊച്ചിയിൽ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസം, ഫാസിസ്റ്റ് പ്രവണതയുടെ ഒടുവിലത്തെ ഉദാഹരണമാണ്. നഗരമധ്യത്തിലെ മറൈൻഡ്രൈവിൽ ഇരിക്കുകയായിരുന്ന യുവതീ യുവാക്കളെ മർദ്ദിക്കുകയും ചൂരൽപ്രയോഗം നടത്തുകയും ആട്ടിയോടിക്കുകയും ചെയ്തു. ജനാധിപത്യവിരുദ്ധമായ വർഗീയ പ്രത്യയശാസ്ത്രം നടപ്പിൽ വരുത്താൻ ശിവസേനയും സംഘപരിവാരമാകെയും തെരഞ്ഞെടുക്കുന്ന രീതികളിലൊന്നാണ് സദാചാര ഗുണ്ടായിസം.

സദാചാരഭ്രംശം നടത്തുന്നവരെ ചോദ്യം ചെയ്യാനും ശിക്ഷനിശ്ചയിക്കാനും(വധശിക്ഷ വരെ) ആൾക്കൂട്ടത്തിന്റെ മനഃശാസ്ത്രത്തിന് കഴിയുന്നു. മത-ജാതി യാഥാസ്ഥിതികർ, ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയവാദികൾ, സാമൂഹ്യവിരുദ്ധ ശക്തികൾ തുടങ്ങിയവരിലൂടെയും സദാചാരം നടപ്പാക്കപ്പെടുന്നു. ചില സന്ദർഭങ്ങളിൽ നിയമപാലകരും ഇത്തരം രീതികൾ സ്വീകരിക്കുന്നുണ്ട്.

Moral 1

പൗരസ്വാതന്ത്ര്യത്തെ ചവിട്ടിമെതിച്ചു കൊണ്ടാണ് ഇന്ത്യയിൽ ദുരഭിമാനഹത്യകൾ അരങ്ങേറുന്നത്. വ്യത്യസ്ത ജാതിയിൽ പിറന്നവരും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവരുമായ യുവതീയുവാക്കളെ ഗ്രാമങ്ങളിൽ നിന്നും കുടുംബത്തിൽ നിന്നും ബഹിഷ്‌കരിക്കുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് അവരെ വകവരുത്തുന്നു. ഖാപ്പ് പഞ്ചായത്തുകൾ വിധി പുറപ്പെടുവിക്കുന്നു. രാജസ്ഥാൻ, പഞ്ചാബ്, യുപി എന്നിവിടങ്ങളിൽ നിന്ന് ദുരഭിമാനഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ഈ പ്രവണത കണ്ടുതുടങ്ങി. പീഡനങ്ങൾ പലതാണ്. പരസ്യമായി മൂത്രം കുടിപ്പിക്കുക, തെരുവിലൂടെ കഴുതപ്പുറത്തു കയറ്റി പ്രദർശിപ്പിക്കുക, തലമുടി വെട്ടിക്കളയുക, കൊലപ്പെടുത്തുക അങ്ങനെയങ്ങനെ നിരവധി ശിക്ഷാനടപടികൾ.

ഹിന്ദു-മുസ്ലിം വിഭാഗത്തിൽപെട്ടവരുടെ പ്രണയത്തെ ‘ലൗ ജിഹാദ്’ എന്നു മുദ്രകുത്തി വേട്ടയാടി. അസഹിഷ്ണുതയുടെ അസംഖ്യം രൂപങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നു. ഇപ്പോൾ ചർച്ച ചെയ്യുന്ന സദാചാര ഗുണ്ടായിസത്തെ ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്തേണ്ടത്. കേരളീയ നവോത്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ലിംഗസമത്വം എന്ന സങ്കൽപ്പത്തെ അഭിമുഖീകരിക്കാൻ അതിനു സാധിക്കുന്നില്ല എന്നതാണ്. ഐക്യകേരളത്തിന്റെ ഇന്നോളമുള്ള ചരിത്രം പരിശോധിച്ചാൽ ജീവിതനിലവാരത്തിന്റെയും ആരോഗ്യവിദ്യാഭ്യാസരംഗത്തെ നേട്ടങ്ങളുടെയും കാര്യത്തിൽ അഭിമാനാർഹമായ വളർച്ച നമുക്കുണ്ടായതായി കാണാം.

Moral 2

സ്ത്രീകളുടെ സാക്ഷരതാനിരക്ക്, വിദ്യാഭ്യാസം, ആയുർദൈർഘ്യം, സ്ത്രീ-പുരുഷ അനുപാതം, കുറഞ്ഞ ശിശു-മാതൃ മരണനിരക്ക് എന്നിവയിലും മികച്ച കണക്കുകളാണ്. പക്ഷേ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം, അധികാര സ്ഥാനങ്ങൾ, സമ്പത്ത് കൈവശം ഉള്ളവരും അത് ക്രയവിക്രയം ചെയ്യാൻ അധികാരമുള്ളവരുമായ സ്ത്രീകളുടെ എണ്ണം തുടങ്ങിയവ ആശാവഹമല്ല. പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം, എല്ലാ വിഭാഗത്തിലും പെട്ട പെൺകുട്ടികളുടെ സഞ്ചാര സ്വാതന്ത്ര്യം, വിധവകൾ, വൃദ്ധർ എന്നിവർ അനുഭവിക്കുന്ന ഒറ്റപ്പെടൽ, കുടുംബത്തിലും തൊഴിൽസ്ഥലങ്ങളിലും സ്ത്രീകൾ അനുഭവിക്കുന്ന മാനസികസംഘർഷം, ആദിവാസി വിഭാഗങ്ങളിലെ സ്ത്രീകളും ഭിന്നലിംഗക്കാരും നേരിടുന്ന ദുരവസ്ഥ എന്നിവ ഗൗരവമുള്ള പ്രശ്‌നങ്ങളായി ഇന്നും നിലനിൽക്കുന്നു. ആത്മഹത്യാ നിരക്കിലെ ഉയർന്ന സ്ത്രീ-പുരുഷ അനുപാതവും പ്രത്യേകം പഠിക്കേണ്ടതാണ്. സ്ത്രീകളെ ബഹുമാനിക്കുന്ന സ്വകാര്യ പൊതുമണ്ഡലങ്ങൾ ഇപ്പോഴും ഒരു സങ്കൽപമാണ്.

ഏറ്റവും ആധുനികമായ സമൂഹം എന്ന് വിളിക്കുമ്പോഴും അറുപിന്തിരിപ്പൻ മൂല്യബോധമാണ് സദാചാരത്തിന്റെ മാനദണ്ഡം നിശ്ചയിക്കാൻ ഉപയോഗിക്കുന്നത്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ശക്തമായ അടിത്തറയുള്ളപ്പോഴും സാംസ്‌കാരികമായി വലതുപക്ഷവത്കരണം നടക്കുന്നു എന്നത് നിസാരമല്ല. ഫ്യൂഡൽ കുടുംബ സങ്കൽപ്പത്തെ ആദർശവത്കരിക്കുകയും സ്ത്രീവിരുദ്ധ നിലപാടുകൾ വ്യാപിക്കുകയും കപടസദാചാര പ്രവണതകൾ ശക്തിപ്പെടുകയും ചെയ്തു. (ഭരണഘടനയും ലിഖിത നിയമങ്ങളും തുല്യതയെപ്പറ്റി സംസാരിക്കുന്നത് ഓർമ്മിക്കുക) പുരുഷാധിപത്യ നിയമാവലി തെറ്റിച്ച് ആരോടെങ്കിലും സംസാരിച്ചാൽ കനകക്കുന്നിലായാലും അഴീക്കൽ ബീച്ചിലായാലും മറൈൻഡ്രൈവിലായാലും കയ്യേറ്റം ചെയ്യപ്പെടാം.

അവൾക്കു വേണ്ടി സംസാരിക്കുന്നവനും കയ്യേറ്റം ചെയ്യപ്പെടാം. കാമുകനും കാമുകിയുമായാലും ഭർത്താവും ഭാര്യയുമായാലും സഹോദരനും സഹോദരിയുമായാലും അമ്മയും മകനുമായാലും അപ്പൂപ്പനും ചെറുമകളുമായാലും ക്രൂരമായി ആക്രമിക്കപ്പെട്ടേക്കാം. ഇത്തരം അക്രമങ്ങളെ വെറും സദാചാരം എന്ന് വിളിച്ചാൽ പോര, പുരുഷാധിപത്യ സദാചാരം എന്നു തന്നെ വിളിക്കണം. ഉൾനാടൻ ഗ്രാമം മുതൽ സൈബർ ലോകം വരെ അത് വ്യാപിച്ചിരിക്കുന്നു.

Moral 3

കൊല്ലത്തെ അഴീക്കൽ ബീച്ചിൽ ക്രൂരമായ സദാചാരഗുണ്ടാ ആക്രമണത്തിന് വിധേയനായ അനീഷ് എന്ന യുവാവ് ആത്മഹത്യ ചെയ്തു. ഫെബ്രുവരി പതിനാലിന് അഴീക്കൽ ബീച്ചിലെത്തിയ അനീഷിനെയും യുവതിയെയും അഞ്ചംഗ മദ്യപസംഘം വേട്ടയാടുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. യുവതിയെ കയ്യേറ്റം ചെയ്യുകയും അത് ചോദ്യം ചെയ്ത അനീഷിനെ ആക്രമിക്കുകയുമാണുണ്ടായത്. തുടർന്ന് രണ്ടുപേരെയും മർദ്ദിച്ചു. തങ്ങളെ ഒന്നും ചെയ്യല്ലേ എന്ന് കേണപേക്ഷിച്ചിട്ടും അക്രമികളുടെ മനസ്സലിഞ്ഞില്ല. യുവതി-യുവാക്കളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസിൽ പരാതി നൽകിയ ഉടൻ അക്രമികളെ അറസ്റ്റ് ചെയ്തു. എന്നാൽ തുടർന്നും പ്രതികളുടെ സുഹൃത്തുക്കൾ അനീഷിനെയും യുവതിയെയും സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു. ബീച്ചിൽ വച്ചുണ്ടായ ദുരനുഭവവും തുടർന്ന് അനുഭവിക്കേണ്ടി വന്ന അപമാനവും അനീഷിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നു.

അഴീക്കലിലെ സദാചാര ഗുണ്ടായിസവും അക്രമികൾ ഉപയോഗിച്ച വാക്കുകളും ഭാഷയും നികൃഷ്ടവും സംസ്‌കാരികബോധത്തിനു നേരെയുള്ള കൊഞ്ഞനം കുത്തലുമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. സദാചാര ഗുണ്ടായിസത്തെ ശക്തമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതു സാഹചര്യത്തിലായാലും പൊതുജനങ്ങളെ കൈയ്യേറ്റം ചെയ്യാനോ കടന്നുപിടിക്കാനോ ആർക്കും അധികാരം നൽകിയിട്ടില്ലെന്ന് ഓർമ്മിപ്പിച്ചു. പാർക്കിലോ ക്യാംപസിലോ പൊതുസ്ഥലങ്ങളിലോ എവിടെ ആയാലും സദാചാര ഗുണ്ടായിസം അനുവദിക്കില്ലെന്നും അദേഹം പ്രസ്താവിച്ചു. സദാചാര പൊലീസിംഗിനെതിരെയുള്ള ശക്തമായ നിലപാടാണ് കേരള സർക്കാരിന്റേത്. ജനാധിപത്യ സമൂഹത്തിൽ ലിംഗസമത്വം പ്രധാനമാണ്. എന്നാൽ ഫാസിസ്റ്റ് പ്രവണത പുലർത്തുന്ന സദാചാര ഗുണ്ടകൾ ലിംഗസമത്വത്തെയും സ്ത്രീ-പുരുഷ സഹകരണത്തെയും തുടർച്ചയായി വേട്ടയാടുന്നു. അക്രമികളെ നിലയ്ക്കു നിർത്തിയേ മതിയാവൂ. കൊച്ചി സംഭവത്തിലെ പ്രതികളെ പിടിച്ചതും ജയിലിൽ അടച്ചതും സർക്കാരിന്റെ ജനപക്ഷ നിലപാട് വെളിപ്പെടുത്തുന്നു.

Moral 4

സ്ത്രീയും പുരുഷനും പൊതുമണ്ഡലത്തിൽ ഒരുമിച്ചു പ്രവർത്തിച്ചാൽ, ഒരു കാറിൽ യാത്ര ചെയ്താൽ, ഒരു മുറിയിൽ ഒരുമിച്ചിരുന്നു സംസാരിച്ചാൽ, ഒരു കോഫീ ഹൗസിലിരുന്ന് ചായ കഴിച്ചാൽ അതൊക്കെ അവിഹിതമാണെന്നു കരുതുകയും അവരെ അക്രമിക്കുകയും ചെയ്യുന്നത് വികലമായ ഒരു മാനസികാവസ്ഥയെയാണ് കാണിക്കുന്നത് എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഈ മാനസികാവസ്ഥ സൃഷ്ടിച്ചതിലും ശക്തിപ്പെടുത്തിയതിലും വർഗീയപ്രസ്ഥാനത്തിന് വലിയ പങ്കുണ്ട്. സഞ്ചാരസ്വാതന്ത്ര്യം തടയുകയും യുവതിയും യുവാവും ഒന്നിച്ചു നടക്കരുതെന്നും പറഞ്ഞ് സ്ത്രീകളെ പതിനെട്ടാം നൂറ്റാണ്ടിലെ ഇരുട്ടിലേക്ക് തള്ളിവിടുകയാണ് സദാചാര ഗുണ്ടായിസമെന്നും കൂട്ടിച്ചേർത്തു. ഈ നിലപാടിന്റെ പ്രാധാന്യം ഉൾക്കൊണ്ട് പുരോഗമന വീക്ഷണമുള്ള എല്ലാ പ്രസ്ഥാനങ്ങളും വ്യക്തികളും രംഗത്തിറങ്ങുകയാണ് വേണ്ടത്.

സദാചാര ഗുണ്ടായിസം ക്രൂരവും മനുഷ്യ വിരുദ്ധവുമാണ്. 2009-ൽ കർണ്ണാടകയിലെ മംഗലാപുരത്ത് പബ്ബിൽ വച്ച് സ്ത്രീകൾ ഉൾപ്പടെയുള്ളവരെ ആക്രമിച്ചത് ശ്രീരാമസേനയാണ്. പിന്നീട് മംഗലാപുരത്തു തന്നെ മറ്റൊരു സംഭവമുണ്ടായി. അന്യമതത്തിൽപെട്ട സുഹൃത്തിനോട് സംസാരിച്ചതിന് മാംഗ്ലൂർ അതാവർ ഈസി ഡേ ഷോപ്പിംഗ് മാൾ മാനേജരായ ഷാക്കിറലിയെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. കേരളത്തിൽ 2011 നവംബറിൽ കൊടിയത്തൂരിൽ നടന്ന കൊലപാതകമാണ് സദാചാരക്രൂരത വിളിച്ചോതിയത്. കായംകുളത്തും കാസർഗോട്ടും സദാചാരമർദ്ദന സംഭവങ്ങൾ അരങ്ങേറി. 2014-ൽ കോഴിക്കോട് ഡൗൺ ടൗൺ ഹോട്ടൽ ആക്രമണം, കൊച്ചിയിൽ നടന്ന അതിക്രമം എന്നിവയും വാർത്തയായി.

2015 ഫെബ്രുവരിയിൽ പാലക്കാട്ട് ഒരു മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. തൃശൂരിൽ യുവാവ് ക്രൂരമായ മർദ്ദനത്തിനു വിധേയനായി. കൊടുങ്ങല്ലൂരിൽ മത്സ്യത്തൊഴിലാളിയായ മധ്യവയസ്‌കനെ നഗ്നനാക്കി വൈദ്യതിപോസ്റ്റിൽ കെട്ടിയിട്ട് ഭീകരമായി മർദ്ദിച്ചു. സദാചാരക്കുറ്റം ആരോപിച്ച് ആരെ അക്രമിക്കാനും ഒരു കൂട്ടം ഗുണ്ടകൾ ശ്രമിക്കുന്നത് നിയമവ്യവസ്ഥയ്ക്ക് ഭീഷണിയാണ്. കോടതിയും നിയമങ്ങളും ഭരണഘടനയ്ക്കു കീഴിൽ നിലനിൽക്കുമ്പോഴാണ് എല്ലാ നിയമങ്ങളെയും പൗരാവകാശങ്ങളെയും തൂക്കിലേറ്റുന്ന സദാചാര ഭീകരതയുടെ വരവ്.

ഒരു പൗരൻ ആരോട് സംസാരിക്കണം എന്നു തീരുമാനിക്കാൻ ആ വ്യക്തിക്കല്ലാതെ മറ്റാർക്കും അവകാശമില്ല. യുവതിയ്ക്ക് യുവാവിനെയോ യുവാവിന് യുവതിയെയോ യുവതിയ്ക്ക് യുവതിയെയോ യുവാവിനു യുവാവിനെയോ സ്‌നേഹിക്കാൻ (ഭിന്നലിംഗക്കാർ ഉൾപ്പടെ) ഈ ഭൂമിയിൽ ആരുടെ അനുവാദവും വേണ്ട. എല്ലാ കാലത്തേക്കും ബാധകമായ ‘സദാചാര മൂല്യം ‘ എന്നൊന്നില്ല. പിന്നെയുമെന്തിനാണ് സദാചാരബോധത്തെ മഹത്വവത്ക്കരിക്കുന്നത്.?

സദാചാര ഗുണ്ടായിസം ഏറ്റവും ആഭാസകരമായ ഒരു ക്രിമിനൽ പ്രവർത്തിയാണ്.അതിൽ ലിംഗം, മതം, ജാതി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സമീപനമുണ്ട്. അതിനെതിരായ അതിശക്തമായ സാംസ്‌കാരിക സമരങ്ങൾ വളരണം. കക്ഷിരാഷ്ട്രീയ ഭേദമെന്യേ പ്രതികരണങ്ങൾ ഉയരണം. സദാചാരഭീകരതയെ തളയ്ക്കാൻ പുരോഗമന പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തമായി ഇടപെടുകയും വേണം. ഭൂമിയിലെ എറ്റവും വലിയ സദാചാരം മനുഷ്യാവകാശങ്ങളെ അംഗീകരിച്ചു കൊടുക്കലാണ്. സദാചാര ഗുണ്ടായിസത്തിന്റെ മറവിൽ ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധങ്ങളെ കടന്നാക്രമിക്കുന്ന പ്രവണത ഇല്ലാതാവണം.

‘എന്നിട്ടും ദൈവം
ലോകത്തെ അവസാനിപ്പിക്കാത്തതെന്ത്?
ഭൂമിയുടെ ഏതെങ്കിലുമൊരു കോണിൽ
പ്രണയിക്കുന്ന രണ്ടുപേർ ഇരുന്നു
സംസാരിക്കുന്നതു തീരാൻ
കാത്തുനിൽക്കുകയാവും.
അവസാനിക്കുമെന്നു തോന്നുന്നില്ല ലോകം
ഉടനെയൊന്നും’

-വീരാൻ കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here