യുഡിഎഫ് പാളയത്തിലേക്ക് ചേക്കേറാൻ കരുനീക്കങ്ങളുമായി വെള്ളാപ്പള്ളി; ഉമ്മൻചാണ്ടിയുമായി വെള്ളാപ്പള്ളി നടേശൻ ചർച്ച നടത്തി; ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫിലെത്താൻ നീക്കം

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫ് പാളയത്തിലേക്ക് ചേക്കേറാൻ ശ്രമം നടത്തുകയാണ് ബിഡിജെഎസ്. ബിജെപിയുമായി ഇടഞ്ഞ വെള്ളാപ്പള്ളി പതുക്കെ യുഡിഎഫിലേക്ക് കുടിയേറാനുള്ള കരുനീക്കങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഉമ്മൻചാണ്ടിയുമായി വെള്ളാപ്പള്ളി പ്രാഥമിക ചർച്ച നടത്തി. ഇത് യുഡിഎഫിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങളാണ് വെള്ളാപ്പള്ളി നടത്തുന്നത് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പായി യുഡിഎഫിലെത്താനാണ് ശ്രമം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിഡിജെഎസ് രൂപീകരിച്ച് എൻഡിഎയുമായി കൂട്ടുചേരുകയായിരുന്നു വെള്ളാപ്പള്ളി.

എന്നാൽ, എൻഡിഎയുമായി കൂട്ടുകൂടിയ വെള്ളാപ്പള്ളിക്ക് പക്ഷേ, അദ്ദേഹം പ്രതീക്ഷിച്ച ഫലം അവിടെ നിന്നു കിട്ടിയിരുന്നില്ല. മകൻ തുഷാർ വെള്ളാപ്പള്ളിയെ കേന്ദ്രമന്ത്രിയാക്കുകയായിരുന്നു വെള്ളാപ്പള്ളിയുടെ ലക്ഷ്യം. എന്നാൽ, ആ ലക്ഷ്യം പാളിപ്പോയി. തുഷാറിനെ മന്ത്രിയാക്കിയില്ലെന്നു മാത്രമല്ല, വെള്ളാപ്പള്ളി ഉദ്ദേശിച്ച അധികാരസ്ഥാനങ്ങളൊന്നും തന്നെ എൻഡിഎയിൽ നിന്നു കിട്ടിയില്ല. ഇതോടെ വെള്ളാപ്പള്ളി എൻഡിഎയുമായി അകന്നു. എൻഡിഎയും ബിജെപിയും വാക്ക് പാലിച്ചില്ലെന്നും നന്ദികേട് കാട്ടിയെന്നും തുറന്നു പറഞ്ഞ് വിമർശിച്ച് വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് യുഡിഎഫ് പ്രവേശനനീക്കം വെള്ളാപ്പള്ളി നടത്തുന്നത്. ഉമ്മൻചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ച ഇതിന്റെ ഭാഗമായി കരുതണം. മാത്രമല്ല, കഴിഞ്ഞ ദിവസം വി.എം സുധീരൻ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചപ്പോൾ വിഷയത്തിൽ ആദ്യത്തെ പ്രതികരണം നടത്തിയത് വെള്ളാപ്പള്ളിയായിരുന്നു. ഇനിമുതൽ കോൺഗ്രസിനു നല്ല കാലം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. മാത്രമല്ല, എ ഗ്രൂപ്പ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കഠിനം ശ്രമിക്കുന്നുമുണ്ട്. പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനു കിട്ടിയാൽ ഉമ്മൻചാണ്ടിയോ ചാണ്ടി നിർദേശിക്കുന്ന ആളോ ആയിരിക്കും പ്രസിഡന്റ്. ആ സാഹചര്യത്തിൽ ഉമ്മൻചാണ്ടിയെ വെള്ളാപ്പള്ളി കണ്ടതിന്റെ ഉദ്ദേശം മറ്റൊന്നായി കാണാനുമാകില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനു മുമ്പു നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും ഒന്നിച്ചു നിന്ന ബിഡിജെഎസും ബിജെപിയും ഏറെക്കുറെ വേർപിരിഞ്ഞ ലക്ഷണമാണ്. കേരളത്തിൽ ബിജെപിയുടെ അടിത്തറ ബിഡിജെഎസ് ആണെന്നും ബിഡിജെഎസ് അല്ലാതെ വേറെ ആരു ബിജെപിക്കു വോട്ട് ചെയ്യുമെന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു. ബിഡിജെഎസിനെ എൻഡിഎ അവഗണിക്കുന്നതിൽ അണികൾക്കു ശക്തമായ എതിർപ്പുണ്ട്. വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ ബിജെപി സഖ്യത്തിൽ വിള്ളലുണ്ടാകുമെന്നും വെള്ളാപ്പള്ളി തുറന്നടിച്ചിരുന്നു.

ബിഡിജെഎസുമായി മുന്നോട്ടുപോകേണ്ടെന്ന് എസ്എൻഡിപിയിൽ ചർച്ച ശക്തമായിരിക്കേയാണ് വെള്ളാപ്പള്ളി ബിജെപിക്കെതിരേ പരസ്യമായി രംഗത്തുവന്നത്. അതേസമയം, ബിജെപിയും ബിഡിജെഎസുമായുള്ള ബന്ധത്തിലെ വിള്ളൽ വ്യക്തമാക്കി വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും തമ്മിലുള്ള ഭിന്നസ്വരം പുറത്തുവന്നിരുന്നു.

ബിജെപിയുമായുള്ള ബന്ധം ബിഡിജെഎസിനു നഷ്ടക്കച്ചവടമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. ബിഡിജെഎസിന്റെ ആവശ്യങ്ങൾ നേടി നൽകാൻ ബിജെപി നേതൃത്വം സമ്മർദം ചെലുത്തേണ്ടതായിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിലും അസംതൃപ്തരുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.

എന്നാൽ ബിജെപിബിഡിജെഎസ് ബന്ധം നഷ്ടക്കച്ചവടമല്ലെന്ന് തിരുത്തി തുഷാർ വെള്ളാപ്പള്ളിയും രംഗത്തെത്തി. ഇപ്പോഴുള്ളത് സാങ്കേതിക പ്രശ്‌നങ്ങളാണെന്നും ചർച്ചയിലൂടെ തിരുത്തുമെന്നും തുഷാർ പറഞ്ഞു. അഭിപ്രായം വെള്ളാപ്പള്ളിയുടേത് മാത്രമാണെന്നും തുഷാർ പറഞ്ഞിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here