പാലക്കാട് : വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിനിരയായതും ദുരൂഹമരണവും പെരുമ്പാവൂരിലെ ജിഷ കൊലപാതക കേസിനെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജിഷയുടെ കുടുംബം താമസിച്ചതുപോലെ വാസയോഗ്യവും സുരക്ഷിതമല്ലാത്തതുമായ വീട്ടിലാണ് പെണ്‍കുട്ടികളും കുടുംബവും താമസിച്ചിരുന്നതെന്നും കോടിയേരി പറഞ്ഞു.
ഇത്തരം കുടുംബങ്ങളുടെ അവസ്ഥ ഒരു സാമൂഹ്യപ്രശ്‌നമായി കണക്കാക്കണം. വാസയോഗ്യമായ വീട് എല്ലാവര്‍ക്കും ലഭ്യമാക്കണം. വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കകോടിയേരി ബാലകൃഷ്ണന്‍.
വാളയാറില്‍ ആദ്യത്തെ പെണ്‍കുട്ടി മരിച്ചപ്പോള്‍ തന്നെ കുറ്റവാളിയെ സംബന്ധിച്ച വിവരങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയെന്നാണ് പെണ്‍കുട്ടികളുടെ പിതാവ് പറയുന്നത്. അങ്ങനെയെങ്കില്‍ ഇക്കാര്യത്തില്‍ നടപടി ഉണ്ടാകാതിരുന്നത് ഗുരുതരമായ പിഴവാണ്. അന്ന് നടപടി എടുത്തിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ഫലപ്രദമായി അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here