പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയക്കളിയെന്ന് മന്ത്രി എകെ ബാലന്‍; പ്രോത്സാഹിപ്പിക്കുന്നതിന് പകരം വെല്ലുവിളി ഉയര്‍ത്തുന്നു; സര്‍ക്കാരിനെ ടോര്‍പിഡോ ചെയ്യാമെന്ന മോഹം നടക്കില്ലെന്നും മന്ത്രി

പാലക്കാട് : നിയമസഭയില്‍ പ്രതിപക്ഷം രാഷ്ട്രീയക്കളി നടത്തുകയാണെന്ന് മന്ത്രി എകെ ബാലന്‍. കൊച്ചിയിലെ സദാചാര ഗുണ്ടാ ആക്രമണമടക്കമുള്ള സംഭവങ്ങളില്‍ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. സര്‍ക്കാര്‍ ശക്തമായ നിലപാടെടുക്കുമ്പോള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം മുഖ്യമന്ത്രിക്കെതിരെ വെല്ലുവിളി ഉയര്‍ത്തുകയാണ് പ്രതിപക്ഷമെന്നും എകെ ബാലന്‍ പറഞ്ഞു.

കൊച്ചി മറൈന്‍ഡ്രൈവില്‍ സദാചാരഗുണ്ടകള്‍ നടത്തിയ ആക്രമണത്തില്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും പൊലീസുകാരെ മാറ്റുകയും ചെയ്തു. ആവശ്യമെങ്കില്‍ കാപ്പ ചുമത്തി കേസെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ആക്രമണം ഉണ്ടാകാതിരിക്കാനുള്ള ശക്തമായ നടപടികളെടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

പിണറായി സര്‍ക്കാരിനെ ടോര്‍പിഡോ ചെയ്യാമെന്ന പ്രതിപക്ഷത്തിന്റെ മോഹം നടക്കില്ല. നിലമ്പൂരില്‍ എംഎല്‍എയുടെ ഓഫീസ്‌കൂടി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി കൊല്ലപ്പെട്ടപ്പോള്‍ അത് അന്നത്തെ ഭരണകക്ഷി എംഎല്‍എയും മന്ത്രിയുമായ നേതാവിനെതിരെ ഉപയോഗിക്കാന്‍ പ്രതിപക്ഷം ശ്രമിച്ചിട്ടില്ല. രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എംഎല്‍എ നിയമസഭയില്‍ വന്നുപൊയ്‌ക്കൊണ്ടിരുന്നു. ഇതൊന്നും ഇന്നത്തെ പ്രതിപക്ഷം മറക്കരുതെന്നും എകെ ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എല്‍ഡിഎഫ് നിയമസഭയ്ക്കുള്ളില്‍ മാന്യമായ നിലപാടാണ് ഇത്തരം പ്രശ്‌നങ്ങളില്‍ സ്വീകരിച്ചത്. ഇവിടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുത്ത സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രാഷ്ട്രീയക്കളി നടത്തുകയാണ് പ്രതിപക്ഷം. ഇത് തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News