രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ ഗോവയും മണിപ്പൂരും പിടിച്ച് ബിജെപി; ഗോവയിൽ സർക്കാരുണ്ടാക്കാൻ മനോഹർ പരീക്കർക്ക് ക്ഷണം; യുപിയിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിമാരെ നാളെ പ്രഖ്യാപിക്കും

ദില്ലി: രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ ഗോവയിലും മണിപ്പൂരിലും ബിജെപി അധികാരം പിടിച്ചു. ബിജെപിയുടെ ഗോവൻ മുഖമായ മനോഹർ പരീക്കർ ഗോവയിൽ മുഖ്യമന്ത്രിയാകും. പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ച പരീക്കർ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു. ഗവർണർ പരീക്കറെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചിട്ടുണ്ട്. വൈകാതെ പരീക്കറുടെ സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് അറിയുന്നത്. സത്യപ്രതിജ്ഞയ്ക്കു ശേഷം 15 ദിവസത്തിനകം സഭയിൽ ഭൂരിപക്ഷം തെളിയിക്കണം. മണിപ്പൂരിലും ബിജെപി തന്നെ സർക്കാരുണ്ടാക്കും.

21 പേരുടെ പിന്തുണയാണ് സർക്കാരുണ്ടാക്കാൻ വേണ്ടത്. അത്രയും പിന്തുണ നേടിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഇതിൽ 22 പേരുടെ പിന്തുണയുണ്ടെന്നു മനോഹർ പരീക്കർ ഗവർണറെ അറിയിച്ചു. ഗോവയിലും മണിപ്പൂരിലും കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി പ്രാദേശിക പാർട്ടികളെയും സ്വതന്ത്രരെയും രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ സ്വന്തം പാളയത്തിൽ എത്തിച്ചാണ് സർക്കാരുണ്ടാക്കുന്നത്. പാർട്ടി നേതൃത്വത്തിന്റെ നിർദേശം അനുസരിച്ച് മനോഹർ പരീക്കർ ഇന്നലെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരുന്നു.

ഗോവയിലെ 40 അംഗ നിയമസഭയിൽ 17 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. 13 സീറ്റുകളാണ് ബിജെപിക്കുള്ളത്. മറ്റു 10 സീറ്റുകൾ പ്രാദേശിക പാർട്ടികളാണ്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടക്ക് ഒരു സീറ്റുണ്ട്. മഹാരാഷ്ട്രവാദി ഗോമന്തക്-3, ഗോവ ഫോർവേഡ് പാർട്ടി-3, സ്വതന്ത്രർ-3 എന്നിങ്ങനെയാണ് മറ്റു കക്ഷിനില.

മണിപ്പൂരിലും കോൺഗ്രസ് തന്നെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 60 അംഗ നിയമസഭയിൽ കോൺഗ്രസിനു 28 സീറ്റുകളും ബിജെപിക്ക് 21 സീറ്റുകളാണുള്ളത്. 11 സീറ്റുകളിൽ വിജയിച്ച ചെറുപാർട്ടികൾ തന്നെ നിർണായകമാകും. തൃണമൂൽ കോൺഗ്രസ്-1, നാഗ പീപ്പിൾസ് ഫ്രണ്ട്-4, ലോക് ജൻശക്തി പാർട്ടി-1, നാഷണൽ പീപ്പിൾസ് പാർട്ടി-4, സ്വതന്ത്രൻ-1 എന്നിങ്ങനെയാണ് മറ്റു കക്ഷിനില.

യുപിയിലേയും ഉത്തരാഖണ്ഡിലേയും മുഖ്യമന്ത്രിമാരെ നാളെ പ്രഖ്യാപിക്കും. പിന്നോക്ക നേതാവ് കേശവ് പ്രസാദ് മൗര്യയ്‌ക്കൊപ്പം ആർഎസ്എസ് നേതാവ് ദിനേശ് ശർമ്മയുടെ പേരും സജീവ പരിഗണനയിലാണ്. ബിജെപി കേന്ദ്രനേതൃത്വം ശുപാർശ ചെയ്യുന്ന നേതാവിനെ നാളെ ചേരുന്ന നിയമസഭാകക്ഷി യോഗം അംഗീകരിക്കും. അതേസമയം പാർട്ടി ആസ്ഥാനത്തെ വിജയോഘോഷം മോദിയുടെ കട്ടൗട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഉത്തർപ്രദേശിലെ മുഖ്യമന്ത്രിക്കസേരയിൽ നോട്ടമിട്ട് അരഡസനിലേറെ സംസ്ഥാന നേതാക്കൾ രംഗത്തുണ്ട്. പാർട്ടി സംസ്ഥാന അധ്യക്ഷൻ കേശവ് പ്രസാദ് മൗര്യ മുതൽ തീവ്ര നിലപാടുകാരനായ യോഗി അദിത്യനാഥ് വരെ പാർട്ടിയുടെ പരിഗണനാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സമുദായ ധ്രുവീകരണത്തിലൂടെയാണ് ബിജെപി ഉത്തർപ്രദേശിൽ അധികാരം പിടിച്ചത്.
യാദവേതര പിന്നാക്ക വിഭാഗങ്ങളുടെയും ബ്രാഹ്മണരടക്കമുളള മുന്നാക്കക്കാരുടെയും വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു യുപിയിലെ പ്രചാരണം. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയെ നിശ്ചയിക്കുമ്പോഴും ഇതേ സമുദായ സമവാക്യം തന്നെ മുൻഗണനയിലുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here