ബാഴ്‌സലോണയെ തറപറ്റിച്ച് ഡിപ്പോർട്ടീവോ; തോൽവി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്; റയൽ ബെറ്റിസിനെ 2-1നു തോൽപിച്ച് റയൽ മാഡ്രിഡ് കിരീടപോരാട്ടത്തിൽ മുന്നിൽ

കാംപ്‌നൗ: സ്പാനിഷ് ലീഗിൽ അപ്രതീക്ഷിത ജയത്തോടെ ബാഴ്‌സലോണയെ തറപറ്റിച്ച് ഡിപ്പോർട്ടിവോ. പരുക്കേറ്റ നെയ്മർ ഇല്ലാതെ ഇറങ്ങിയ ബാഴ്‌സയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഡിപ്പോർട്ടീവോ തോൽപിച്ചത്. യോസെലുവും ബെർഗാന്റിനോസുമാണ് ഡിപ്പോർട്ടീവോയ്ക്കു വേണ്ടി ഗോളുകൾ നേടിയത്. ലൂയിസ് സുവാരസ് ആണ് ബാഴ്‌സയുടെ ആശ്വാസ ഗോൾ നേടിയത്.

പിഎസ്ജിക്കെതിരെ അവിശ്വസനീയമായ തിരിച്ചുവരവിലൂടെ തകർപ്പൻ ജയം നേടി രണ്ടു ദിവസങ്ങൾക്കകമാണ് ബാഴ്‌സയ്ക്ക് ഈ തിരിച്ചടിയേറ്റത്. പിഎസ്ജിയെ തറപറ്റിച്ച ടീമിൽ നിന്ന് അഞ്ചു മാറ്റങ്ങളുമായിട്ടായിരുന്നു ബാഴ്‌സ ഡിപ്പോർട്ടീവോയെ നേരിടാൻ ഇറങ്ങിയത്. പരുക്കേറ്റ സൂപ്പർ താരം നെയ്മർ ഇല്ലാത്തതായിരുന്നു ബാഴ്‌സയുടെ പ്രധാന പോരായ്മ. ഗോൾകീപ്പറും പ്രതിരോധവും പിഴച്ചപ്പോൾ ആദ്യത്തെ ഗോൾ പിറന്നു. ആദ്യപകുതി അവസാനിക്കാൻ അഞ്ചു മിനിറ്റ് ശേഷിക്കെ 40-ാം മിനിറ്റിൽ ഗോൾകീപ്പർ മാർക് ആന്ദ്രെയുടെ പിഴവ് മുതലാക്കി യോസെലു കിട്ടിയ അവസരം ഗോളാക്കി.

രണ്ടാംപകുതി തുടങ്ങി ആദ്യത്തെ മിനിറ്റിൽ തന്നെ ബാഴ്‌സ തിരിച്ചടിച്ചു. സുവാരസിലൂടെ തിരിച്ചടിച്ച ബാഴ്‌സ സമനില പിടിച്ചു. എന്നാൽ, ഈ ആശ്വാസത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല. 74-ാം മിനിറ്റിൽ ബെർഗാന്റിനോസിന്റെ ഗോളിലൂടെ ഡിപ്പോർട്ടീവോ വീണ്ടും മുന്നിലെത്തി. കോർണറിൽ നിന്നു വന്ന പന്ത് ബെർഗാന്റിനോസ് തകർപ്പനൊരു ഹെഡറിലൂടെ വലയിലാക്കി. കഴിഞ്ഞ ആറു കളികളിൽ ആദ്യമായി മെസി സ്‌കോർ ചെയ്യാതെ മടങ്ങിയത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി.

കിരീടപ്പോരാട്ടത്തിൽ റയൽ ബെറ്റിസിനെ മലർത്തിയടിച്ച് റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ്, ബെറ്റിസിനെ തോൽപിച്ചത്. 41-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും 81-ാം മനിറ്റിൽ സെർജിയോ റാമോസുമാണ് റയലിനു വേണ്ടി ഗോളുകൾ നേടിയത്. 24-ാം മിനിറ്റിൽ സനബ്രിയയാണ് ബെറ്റിസിന്റെ ആശ്വാസഗോൾ നേടിയത്.

തോൽവിയോടെ ബാഴ്‌സ ലീഗിൽ രണ്ടാമതായി. 26 മത്സരങ്ങൾ പൂർത്തിയാക്കി 62 പോയിന്റുമായി കിരീട പോരാട്ടത്തിൽ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തേക്കു കുതിച്ചു. 27 കളികൾ പൂർത്തിയാക്കിയ ബാഴ്‌സയ്ക്ക് 60 പോയന്റാണ് ഉളളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News