സോൾ: ദക്ഷിണ കൊറിയക്ക് പുരോഗമനവാദിയായ പുതിയ പ്രസിഡന്റ് വരുന്നു. പാർക് ഗ്യൂൻ ഹൈയെ കോടതി ഇംപീച്ച് ചെയ്തതിനെ തുടർന്ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമ്പോൾ പുരോഗമനമുഖമുള്ള ഒരാൾക്കാണ് ദക്ഷിണ കൊറിയ പ്രാമുഖ്യം കൊടുക്കുന്നത്. ഉത്തര കൊറിയയുമായുള്ള നിലപാട് മയപ്പെടുത്തുകയും അമേരിക്കയുമായുള്ള പ്രതിരോധ കരാർ നടപ്പാക്കുന്നത് വൈകിക്കുകയും ചെയ്യുന്ന ഒരാളെ ആയിരിക്കും പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കുകയെന്നാണ് ദക്ഷിണ കൊറിയയിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയെ കോടതി ഇംപീച്ച് ചെയ്ത് പുറത്താക്കിയത്.
മെയ് 9നു പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. തെരഞ്ഞെടുപ്പിൽ കുറേക്കൂടി പുരോഗമനവാദിയായ ഒരു പ്രസിഡന്റിനെ ദക്ഷിണ കൊറിയക്കാർ തെരഞ്ഞെടുക്കുമെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്. മൂൺ ജേ ഇൻ ആണ് അഭിപ്രായ സർവേകളിൽ പ്രസിഡന്റ് ആകാൻ കൂടുതൽ വോട്ട് നേടി മുന്നിട്ടു നിൽക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമാണ് ഇദ്ദേഹം. മുൻ പ്രസിഡന്റ് റോഹ് മൂ ഹ്യൂനും മത്സരരംഗത്തുണ്ട്. അഭിപ്രായ സർവേകളിൽ ഇരുവരുമാണ് മുന്നിട്ടു നിൽക്കുന്നത്.
തുടർച്ചയായ ഒമ്പതു വർഷത്തെ ഭരണത്തിനു വിരാമമിട്ടാണ് അഴിമതിക്കേസിൽ പാർക് ഗ്യൂൻ ഹൈയെ ഇംപീച്ച് ചെയ്തത്. ഭരണ കാര്യങ്ങളിൽ സുഹൃത്തിന്റെ ഇടപെടൽ സംബന്ധിച്ച ആരോപണങ്ങളിൽ കുടുങ്ങിയാണ് പാർകിന്റെ പുറത്താകൽ. പാർകിനെ പുറത്താക്കിയ പാർലമെന്റ് നടപടി കോടതി അംഗീകരിച്ചു. ഇംപീച്ച് ചെയ്യാനുള്ള പ്രമേയം നേരത്തെ പാർലമെന്റ് പാസാക്കിയിരുന്നു. എന്നാൽ സ്ഥാനമൊഴിയാൻ പാർക് ഗ്യൂൻ ഹൈ കൂട്ടാക്കിയിരുന്നില്ല. ഭരണഘടന കോടതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും ഇംപീച്ച്‌മെന്റ് പാർലമെന്റ് അംഗീകരിച്ചാലും കോടതി തീരുമാനം വരുന്നതുവരെ താൻ തുടരുമെന്നും പാർക് നേരത്തെ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here