തിരുവനന്തപുരം: കൊച്ചി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സിഎ വിദ്യാർത്ഥിനി മിഷേൽ ഷാജിയുടെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിനു വീഴ്ചയുണ്ടായെങ്കിൽ അക്കാര്യവും പരിശോധിക്കും. വെള്ളത്തിൽ മുങ്ങി മരിച്ചതാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇക്കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുക. കഴിഞ്ഞയാഴ്ചയാണ് പിറവം സ്വദേശിനിയായ മിഷേൽ ഷാജി എന്ന സിഎ വിദ്യാർത്ഥിനിയുടെ മൃതദേഹം കൊച്ചി കായലിൽ കാണപ്പെട്ടത്.
അഞ്ചാം തിയ്യതി പരാതി പറയുന്നതിനായി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ, കേസ് അന്വേഷിക്കുന്ന സെൻട്രൽ സ്റ്റേഷനിൽ നിന്ന് അറിയാൻ കഴിഞ്ഞത് ആറാം തിയ്യതിയാണ് പരാതി നൽകാൻ എത്തിയത് എന്നാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്ച സെൻട്രൽ സ്‌റ്റേഷന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യവും പ്രത്യേകസംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മിഷേലിന്റെ മരണം പ്രത്യേകസംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നു ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മിഷേലിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. മിഷേലിനെ മരിച്ചനിലയിൽ കണ്ടെത്തിയതിന്റെ തലേന്ന് രണ്ടു യുവാക്കൾ പെൺകുട്ടിയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മാത്രമല്ല, മരണത്തിന് ഒരാഴ്ച മുൻപ് ഒരു യുവാവ് മിഷേലിനെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞതായും വിവരങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം ആരോപിച്ചാണ് ബന്ധുക്കൾ ദുരൂഹത ആരോപിക്കുന്നത്.
ഒരു യുവാവ് തന്നെ ശല്യം ചെയ്യുന്നതായി പെൺകുട്ടി സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. മരണത്തിന് ഒരാഴ്ച മുൻപ് കലൂർ പള്ളിക്കു സമീപം മറ്റൊരു യുവാവ് വഴിയിൽ തടഞ്ഞുനിർത്തി മോശമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യവും മിഷേൽ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കാണാതായ ദിവസം കലൂർ പള്ളിയിൽ പോയ പെൺകുട്ടിയെ രണ്ട് യുവാക്കൾ നിരീക്ഷിക്കുന്നതും പിന്തുടരാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഈ യുവാക്കളെ കണ്ടെത്തിയാൽ സംഭവത്തിന് പിന്നിലെ ദുരൂഹത അഴിയുമെന്നാണ് ബന്ധുക്കളുടെ നിഗമനം.
കച്ചേരിപ്പടിയിലെ ഹോസ്റ്റലിൽ താമസിക്കുന്ന മിഷേലിനെ കഴിഞ്ഞ അഞ്ചിനാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കായലിൽ മരിച്ചനിലയിൽ മിഷേലിനെ കണ്ടെത്തിയത്. അതേസമയം, യുവാവിന്റെ ശല്യം സഹിക്കാൻ കഴിയാതെ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here