സംവിധായകൻ ദിപൻ അന്തരിച്ചു; അന്ത്യം വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിൽ; വിടവാങ്ങുന്നത് ആക്ഷൻ സിനിമകൾക്ക് പുതിയമാനം നൽകിയ സംവിധായകൻ

കൊച്ചി: സംവിധായകൻ ദിപൻ അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു. ന്യൂജനറേഷൻ സിനിമകളിലെ ആക്ഷൻ ചിത്രങ്ങൾക്ക് പുതിയമാനം നൽകിയ സംവിധായകനായിരുന്നു ദിപൻ. ഷാജി കൈലാസിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന ദിപൻ 2003-ൽ ലീഡർ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ആറു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ജയറാമിനെ നായകനാക്കി പുതിയൊരു ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.

2003-ൽ പുറത്തിറങ്ങിയ ലീഡർ ആണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം. 2009-ൽ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത പുതിയമുഖം ആക്ഷൻ സിനിമ എന്ന നിലയിൽ ബോക്‌സ്ഓഫീസിൽ ഏറെ ഹിറ്റായിരുന്നു. 2012-ൽ പൃഥ്വിരാജിനെ നായകനാക്കി ഹീറോ എന്ന മറ്റൊരു ആക്ഷൻ സിനിമ കൂടി സംവിധാനം ചെയ്തു. സിം, ഡി-കമ്പനി, ഡോൾഫിൻ ബാർ എന്നിവയും ദിപൻ സംവിധാനം ചെയ്ത ചിത്രമാണ്.

ജയറാമിനെ നായകനാക്കി ദിപൻ ഒരുക്കുന്ന സത്യയാണ് അവസാന ചിത്രം. സത്യയുടെ അണിയറപ്രവർത്തനങ്ങളിലായിരുന്നു ദിപൻ അവസാന സമയങ്ങളിൽ. ഇതിനിടയിലാണ് വൃക്കരോഗം മൂർച്ഛിച്ച് അദ്ദേഹം ആശുപത്രിയിലാകുന്നത്. എ.കെ സാജൻ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രമാണ് സത്യ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here